ഫാറ്റി ലിവർ രോഗികൾക്ക് മൂന്ന് മികച്ച പാനീയങ്ങൾ; ഡോ. സേഥിയുടെ ഈ നിർദേശങ്ങൾ അറിഞ്ഞിരിക്കാം

ഫാറ്റി ലിവര്‍ അസുഖം കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്‍ക്കായി മൂന്ന് പാനീയങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് എയിംസ്, ഹാര്‍വേര്‍ഡ് എന്നീ സര്‍വകലാശാലകളില്‍ പരിശീലനം നേടിയ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി

ശരീരത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ഒരു അവയവമാണ് കരള്‍. എന്നാല്‍ മോശം ജീവിതശൈലിയും ഭക്ഷണരീതികളും കരളിന്റെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. ഇത് ഫാറ്റി ലിവര്‍ പോലെയുള്ള അസുഖങ്ങള്‍ക്ക് കാരണമായേക്കാം. ഇത് കരളിനെ മാത്രമല്ല ശരീരത്തിലെ പല അവയവങ്ങളെയും പതിയെ തകരാറിലാക്കിയേക്കാം. എന്നാല്‍ അത്തരത്തില്‍ ഫാറ്റി ലിവര്‍ അസുഖം കൊണ്ട് ബുദ്ധിമുട്ടുന്ന രോഗികള്‍ക്കായി മൂന്ന് പാനീയങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് എയിംസ്, ഹാര്‍വേര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് എന്നീ സര്‍വകലാശാലകളില്‍ പരിശീലനം നേടിയ ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി.

ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ മൂന്ന് പാനീയങ്ങളെ നിര്‍ദേശിക്കുന്നതെന്ന് ഡോ.സേഥി വ്യക്തമാക്കുന്നുണ്ട്. പാനീയങ്ങള്‍ കരളിലെ കൊഴുപ്പ് കുറയ്ക്കാനും, ദഹനം മെച്ചപ്പെടുത്താനും, മൊത്തത്തിലുള്ള കരളിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് സേഥി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

ഡോ. സേഥിയുടെ നിര്‍ദേശ പ്രകാരമുള്ള മൂന്ന് പാനീയങ്ങള്‍

ബീറ്റ്റൂട്ട് ജ്യൂസ്

ശക്തമായ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങുന്ന ഒരു പാനീയമാണ് ബീറ്റ്‌റൂട്ട് ജ്യൂസ്. ആന്റിഓക്‌സിഡന്റുകളായ ബീറ്റാലെയ്‌നുകള്‍ കൊണ്ട് സമ്പന്നമായ ഈ പാനീയത്തില്‍ കരള്‍ കോശങ്ങളെ സംരക്ഷിക്കുന്ന ഘടകങ്ങളുണ്ട്. ഇത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു. മധുരമിടാതെയോ മിതമായ മധുരത്തിലോ കുറഞ്ഞ അളവില്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം കുടിക്കുക.

കോഫി

ഡോ. സേഥിയുടെ അഭിപ്രായത്തില്‍ ഫാറ്റി ലിവര്‍ രോഗികള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്ന മറ്റൊരു ഡ്രിങ്കാണ് കോഫി. ഇത് പാരാക്‌സാന്തൈന്‍ എന്ന രാസവസ്തു ഉത്പാദിപ്പിക്കുകയും ഫൈബ്രോസിസിന് കാരണമാകുന്ന ടിഷ്യുവിന്റെ വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. എന്നാല്‍ കാപ്പിയില്‍ മധുരം ചേര്‍ക്കുന്നത് ഒഴിവാക്കുക.

ഗ്രീന്‍ ടീ

കരളിലെ എന്‍സൈമുകളെ മെച്ചപ്പെടുത്തുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും ചെയ്യുന്ന egcc പോലെയുള്ള കാറ്റെച്ചിനുകളെ ശരീരത്തിന് നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആഴ്ചയില്‍ ഇടയ്ക്ക് എപ്പോഴെങ്കിലും ഇത് കുടിക്കുന്നത് കരള്‍ ആരോഗ്യത്തിന് മികച്ചതാണെന്നും ഡോ. സേഥി അവകാശപ്പെടുന്നു.

Content Highlights- Three best drinks for fatty liver patients

To advertise here,contact us