പെട്ടെന്ന് എന്തെങ്കിലും രാവിലെ കഴിച്ചിട്ട് പോകേണ്ടി വന്നാൽ ആദ്യം മനസിലെത്തുക ഒരു ഗ്ലാസ് പാലും രണ്ട് പഴവും കഴിക്കാമെന്നായിരിക്കും. ഇനി വിശപ്പുണ്ട് എന്നാൽ ഹെവിയായി ഒന്നും കഴിക്കാൻ തോന്നുന്നില്ല.. എന്നാൽ വിശപ്പ് മാറുകയും വേണം എന്ന് ചിന്തിക്കുമ്പോൾ എന്താവും ആദ്യ ഓപ്ഷൻ? ഒരു ഷേക്ക് കുടിച്ചാലോ എന്നാവും അല്ലേ.. അതും മിൽക്ക് ഷേക്ക്. മിൽക്ക്ഷേക്ക് ആയാലും സ്മൂത്തിയായാലും പാലും പഴവും ഒന്നിച്ച് മിക്സാക്കാതെ പറ്റില്ലല്ലോ. ഈ കോമ്പോ ഇഷ്ടപ്പെടുന്നവർക്ക് കേൾക്കാൻ താത്പര്യമുണ്ടാവാത്ത ഒരു കാര്യമാണ് ആയുർവേദം പറയുന്നത്. ശരീരത്തിനെ തണുപ്പിക്കുന്ന ഈ കോമ്പോ ആരോഗ്യത്തിന് അത്ര നല്ലതല്ലത്രേ.
ഈ കോമ്പോയിൽ കാൽസവ്യം പൊട്ടാസ്യവും അടങ്ങിയിട്ടുള്ളതിനാൽ ഫിറ്റ്നസ് ഫ്രീക്കായിട്ടുള്ളവർ ഏറെയും കഴിക്കുന്ന ഒന്നാണിത്. എന്നാൽ ശരീരത്തെ തണുപ്പിക്കുന്ന ഈ കോമ്പോ ദഹന വ്യവസ്ഥയെ തകരാറിലാക്കുമെന്നാണ് ആയുർവേദം പറയുന്നത്. മാത്രമല്ല കഫം ഉത്പാദിപ്പിക്കാനും ഇത് വഴിവെയ്ക്കുമെന്നും പറയുന്നു. ഇവിടെയും തീർന്നില്ല നല്ല തലവേദന അത് സൈനസ് വരെയാകാം, പിന്നെ ചുമ, തുമ്മൽ ഉൾപ്പെട്ട ജലദോഷം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിലേക്കും നയിച്ചേക്കാം.
അതേസമയം ചില ആരോഗ്യവിദഗ്ധർ പറയുന്നത് പാലും പഴവും കോമ്പായ്ക്ക് പകരം ഈ പറയുന്ന കോമ്പിനേഷന് ഒന്ന് പരീക്ഷിച്ച് നോക്കാനാണ്. നല്ല വട്ടത്തിലരിഞ്ഞ ഏത്തപ്പഴത്തിലേക്ക് കുറച്ച് കുരുമുളക് പൊടി കൂടി ചേർത്ത് കഴിച്ചാലോ? ഈ വെറൈറ്റി മിക്സ് നമ്മുടെ കരളിനും വയറിനും നല്ലതാണെന്നാണ് എൻഡ്ബാക്ക്പെയിൻ എന്ന ഇൻസ്റ്റഗ്രാം പോസ്റ്റിൽ വന്ന ഹെൽത്ത് ടിപ്പിൽ പറയുന്നു. കരളിനെ ഡീ ടോക്സിഫൈ ചെയ്യുന്നതിനൊപ്പം വയറിന്റെ വീക്കവും ഇല്ലാതാക്കാൻ ഈ കോമ്പിനേഷന് കഴിയുമത്രേ. പൊട്ടാസ്യവും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് ഏത്തയ്ക്ക. ഇത് ദഹനത്തിന് ബെസ്റ്റാണ്. കുരുമുളകിലെ പൈപ്പറിനാണ് കരളിനെ സഹായിക്കുന്നത്. പഴത്തിലെ വൈറ്റമിനുകളായ സി, ബി6 തുടങ്ങിയവയും സസ്യസംയുക്തങ്ങളും കരൾ കോശങ്ങൾക്ക് നല്ലതാണ്.
(ശ്രദ്ധിക്കുക: ഈ ലേഖനം അറിവ് നല്കുന്നതിന് മാത്രമുള്ളതാണ്. പ്രൊഫണല് മെഡിക്കല് നിര്ദേശത്തിന് പകരമല്ല. നിങ്ങളുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുണ്ടാവുന്ന സംശയങ്ങള്ക്കും ആശങ്കകള്ക്കും ഡോക്ടര്മാരുടെ മാര്ഗനിര്ദേശം തേടുക)
Content Highlights: Milk and banana combination is not good for health says Ayurveda