ദിവസവും ഗ്രാമ്പൂ കഴിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍

ദിവസവും ഓരോ ഗ്രാമ്പൂ കഴിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു

ഭക്ഷണങ്ങള്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്നതിന് പുറമേ ഗ്രാമ്പുവിന് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഔഷധത്തിനായും ഭക്ഷണത്തില്‍ ചേര്‍ക്കുന്ന സുഗന്ധവ്യഞ്ജനം എന്നതിലുമുപരി ദിവസവും ഓരോ ഗ്രാമ്പൂ കഴിക്കുന്നത് ശരീരത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നുവെന്ന് ഗവേഷണങ്ങള്‍ പറയുന്നു. പോഷകാഹാര ഡാറ്റകള്‍ പറയുന്നതനുസരിച്ച് ഒരു ടീസ്പൂണ്‍(2 ഗ്രാം) ഗ്രാമ്പുവില്‍ നാരുകള്‍, വിറ്റാമിന്‍ കെ, മാംഗനീസ്, ബീറ്റാകരോട്ടിന്‍, പൊട്ടാസ്യം, മറ്റ് ധാതുക്കള്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ടെന്നാണ്. ഇതോടൊപ്പം ആന്റി ഓക്‌സിഡന്റുകളുടെയും മൈക്രോ ന്യൂട്രിയന്‍സിന്റെയും ഉറവിടലും ഇവ പ്രദാനം ചെയ്യുന്നു.

നീര്‍വീക്കം ശമിപ്പിക്കുന്നു

സന്ധിവാതം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, മെറ്റബോളിക് സിന്‍ഡ്രോം തുടങ്ങി നിരവധി വിട്ടുമാറാത്ത ശാരീരിക അവസ്ഥകളുണ്ടാകുമ്പോള്‍ ശരീരത്തില്‍ നീര്‍വീക്കമുണ്ടാകാറുണ്ട്. ഗ്രാമ്പുവില്‍ അടങ്ങിയിരിക്കുന്ന സംയുക്തമായ യൂജെനോളിന് നീര്‍വീക്കം തടയുവാനുള്ള കഴിവുണ്ട്. ദിവസവും ഗ്രാമ്പൂ കഴിക്കുന്നത് ചെറിയ സന്ധിവേദന, പേശി വേദന, നീര്‍വീക്കം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു.

പല്ല് വേദന ശമിപ്പിക്കുന്നു വായിലെ ദുര്‍ഗന്ധം അകറ്റുന്നു

ദിവസവും ഒന്നോ രണ്ടോ ഗ്രാമ്പൂ ചവയ്ക്കുന്നത് പല്ല് വേദന ശമിപ്പിക്കുകയും, വായ്‌നാറ്റം തടയുകയും, മോണകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും

ഗ്രാമ്പുവിന് ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കാനും, വയറിലെ ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സാധിക്കും. ഭക്ഷണത്തിന് ശേഷം ഗ്രാമ്പൂ കഴിക്കുന്നത് ദഹനത്തെ സഹായിക്കുന്നു.

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു, അണുബാധ തടയുന്നു

ഗ്രാമ്പുവില്‍ ആന്റീ ബാക്ടീരിയല്‍ ആന്റി ഫംഗല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുളളതുകൊണ്ട് അത് രോഗപ്രതിരോധശേഷിയെ ശക്തിപ്പെടുത്തുകയും വായിലെ ബാക്ടീരിയ, തൊണ്ടയിലെ അണുബാധ, ചില ശ്വസന രോഗാണുക്കള്‍ എന്നിവയെ നിയന്ത്രിക്കാനും കഴിയും.

പ്രമേഹത്തെ നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാരെ നിയന്ത്രിക്കാന്‍ ഗ്രാമ്പുവിന് പങ്കുണ്ടന്ന് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഗ്രാമ്പുവിലെ സംയുക്തങ്ങള്‍ ഇന്‍സുലിന്‍ സംവേദനത്തെ മെച്ചപ്പെടുത്തുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ചില പഠനത്തില്‍ പറയുന്നുണ്ട്.

കരളിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു

കരളിനെ വിഷവിമുക്തമാക്കാനും കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും ഗ്രാമ്പൂ സഹായിക്കും. ഗ്രാമ്പുവിലെ ആന്റി ഓക്‌സിഡന്റുകളും ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും കരളിന്റെ ആരോഗ്യത്തെ സഹായിക്കും. എന്നാല്‍ കരള്‍ രോഗമുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാവൂ.

കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഗ്രാമ്പൂ LDL കൊളസ്‌ട്രോള്‍(മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുകയും HDL(നല്ല കൊളസ്‌ട്രോള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നീര്‍വീക്കം കുറയുകയും രക്ത ചംക്രമണം മെച്ചപ്പെടുകയും ചെയ്യും.

ചര്‍മ്മത്തിന്റെയും അസ്ഥികളുടെയും ആരോഗ്യം

ഗ്രാമ്പുവിന്റെ ആന്റിഓക്‌സിഡന്റ് , ആന്റീമൈക്രോബിയല്‍ പ്രവര്‍ത്തനങ്ങള്‍ ആന്തരിക പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും, ചര്‍മ്മ വീക്കം കുറയ്ക്കാനും ഓക്‌സിഡേറ്റീവ് ചര്‍മ്മ നാശത്തില്‍നിന്ന് സംരക്ഷിക്കാനും സഹായിക്കും. മാത്രമല്ല ഗ്രാമ്പുവില്‍ അസ്ഥികളുടെ രൂപീകരണത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന മാംഗനീസും അടങ്ങിയിട്ടുണ്ട്.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ സംശയങ്ങളുള്ളവര്‍ ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്.)

Content Highlights :Eating a clove every day provides various health benefits.

To advertise here,contact us