

ചെറിയ ശീലങ്ങള് പോലും നമ്മുടെ ശരീരത്തിന് ചിലപ്പോള് ദോഷം വരുത്തിയേക്കാം. പല ദൈനംദിന പെരുമാറ്റങ്ങളും അറിഞ്ഞോ അറിയാതെയോ വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നുണ്ട്. റഷ്യന് കാര്ഡിയോളജിസ്റ്റായ ഡോ. ദിമിത്രി യാരനോവ് തന്റെ ഇന്സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ശരീരത്തെ ബാധിക്കുന്ന ഇത്തരം ശീലങ്ങളെക്കുറിച്ച് പറയുന്നത്. നമ്മുടെ പ്രഭാത ദിനചര്യകള് മുതല് രാത്രിയില് ഉറങ്ങുന്നതുവരെയുള്ള ചെറിയ ശീലങ്ങള് വരെ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.
വിശ്രമമില്ലാതെ പ്രവൃത്തികള് ചെയ്തുകൊണ്ടിരിക്കുന്നത് ആരോഗ്യത്തെ തകിടം മറിക്കും. ഒരു മണിക്കൂര് കൂടി കൂടുതല് കിട്ടിയാല് കുറച്ചുകൂടി ജോലി ചെയ്യാമായിരുന്നു എന്ന് കരുതുന്നവരാണ് ഇന്നത്തെ കാലത്തെ ചെറുപ്പക്കാര്. വിശ്രമം ഒഴിവാക്കുന്നത് രക്തസമ്മര്ദ്ദം, ശരീരഭാരം, ക്ഷീണം എന്നിവ വര്ധിപ്പിക്കും. ഇതില്നിന്നൊക്കെ രക്ഷപെടാന് പ്രയാസവുമാണ്. അതുകൊണ്ട് അവനവനുവേണ്ടി കൂടി സമയം കണ്ടെത്താന് ശ്രമിക്കേണ്ടതാണ്.

സോഫയിലായാലും കാറിലായാലും ഒറ്റയിരിപ്പ് കൂടുതല് സമയം ഇരിക്കുന്നത് നട്ടെല്ലിനേയും മെറ്റബോളിസത്തെയും ഹൃദയാരോഗ്യത്തെയും ബാധിക്കും.രാവിലെ മുതല് ഒന്നും ചെയ്യാതെ ഫോണില് റീല് കണ്ടുകൊണ്ടിരുന്നാല് തകരുന്നത് ആരോഗ്യമാണെന്ന് പറയുകയാണ് ഡോ. ദിമിത്രി.
സമ്മര്ദ്ദം ഉണ്ടെങ്കില് അത് അവഗണിച്ച് നടന്നാല് നെഞ്ചുവേദന, വയറിലെ പ്രശ്നങ്ങള്, പരിഭ്രാന്തി അല്ലെങ്കില് ഉറക്കമില്ലായ്മ ഇവയൊക്കെ ഉണ്ടാവാം. സമ്മര്ദ്ദമുണ്ടാകുമ്പോള് ശരീരം അഡ്രീനാലിന്, കോര്ട്ടിസോള് തുടങ്ങിയ ധാരാളം ഹോര്മോണുകള് ഉത്പാദിപ്പിക്കുന്നു. അപ്പോള് ഹൃദയം വേഗത്തില് മിടിക്കുകയും രക്തസമ്മര്ദ്ദം ഉയരുകയും ചെയ്യുന്നു. മാത്രമല്ല സ്ട്രസ് ഹോര്മോണുകള് രക്തത്തിലേക്ക് കൂടുതല് പഞ്ചസാരയും കൊഴുപ്പും പുറത്തുവിടുകയും ചെയ്യും.

വേഗത്തില് ഭക്ഷണം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഇന്സുലിന് പ്രതിരോധം, മെറ്റബോളിക് സിന്ഡ്രോം, ഗ്യാസ്ട്രൈറ്റിസ് എന്നിവയ്ക്കുള്ള സാധ്യത വര്ധിപ്പിക്കുന്നു. ഇത് ദഹനം മോശമാക്കുകയും ചെയ്യും. അതുകൊണ്ട് ആവശ്യത്തിന് സമയം എടുത്ത് വേണം ഭക്ഷണം കഴിക്കാന്.
Content Highlights :These are small things; but they are enough to harm the body