ഉള്ളംകയ്യില്‍ ചുവന്ന പാടുകളും നഖത്തില്‍ പൊട്ടലുമുണ്ടോ? എന്നാല്‍ സൂക്ഷിക്കണം

കരള്‍രോഗത്തെക്കുറിച്ച് കൈകളിലെ അടയാളങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ കഴിയും

മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍. ശരീരം വിഷവിമുക്തമാക്കല്‍, ഉപാപചയ പ്രവര്‍ത്തനങ്ങളെ സഹായിക്കല്‍, ദഹനം, ഹോര്‍മോണുകളെ നിയന്ത്രിക്കല്‍ തുടങ്ങി പല ശാരീരിക പ്രവര്‍ത്തനങ്ങളിലും കരള്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. കരളിന്റെ പ്രവര്‍ത്തനം തകരാറിലാകുന്നത് ജീവന്‍ തന്നെ അപകടപ്പെടുത്തിയേക്കാം. നിങ്ങളുടെ കരള്‍ തകരാറിലാണെന്ന് ശരീരംതന്നെ ചിലപ്പോള്‍ മുന്നറിയിപ്പ് നല്‍കും. കൈകളിലെ സൂക്ഷ്മമായ ചില മാറ്റങ്ങളിലൂടെ കരള്‍ രോഗം തിരിച്ചറിയാന്‍ സാധിക്കും. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് എക്‌സ്പിരിമെന്റല്‍ ഹെപ്പറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് palmar erythema and clubbing ചര്‍മ്മത്തിലെയും നഖത്തിലെയും മാറ്റങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കരള്‍രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയത്.

കരള്‍രോഗത്തിന്റെ പല ലക്ഷണങ്ങള്‍ ശരീരം കാണിച്ചുതരുമെങ്കിലും മറ്റ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുന്‍പുതന്നെ കൈകള്‍ക്ക് കരളിന്റെ ആരോഗ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ കഴിയും. കൈപ്പത്തിയിലെ ചുവപ്പ്, (palmar erythema), നഖങ്ങളിലെ പൊട്ടല്‍, ചര്‍മ്മത്തിലെ മഞ്ഞനിറം തുടങ്ങിയ ലക്ഷണങ്ങള്‍ കരളിന്റെ പ്രവര്‍ത്തന തകരാറുകളെയാണ് കാണിക്കുന്നത്. കരളിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകുമ്പോള്‍ അത് ഹോര്‍മോണിന്റെ സന്തുലിതാവസ്ഥയില്‍ മാറ്റം വരുത്തുകയും രക്തപ്രവാഹത്തെയും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനെയും തടസ്സപ്പെടുത്തുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

കൈയിലെ ചുവന്ന പാടുകള്‍

കൈപ്പത്തിയില്‍ പ്രത്യേകിച്ച് തളളവിരലിനും ചെറുവിരലിനും താഴെയായി ചുവപ്പ് നിറത്തിലാണ് palmar erythema കാണപ്പെടുന്നത്. ഇത് കരള്‍ പ്രവര്‍ത്തന തകരാറിനെ കാണിക്കുന്നു. ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉയര്‍ന്ന അളവ് ഇതിന്റെ കാരണമാണ്. ചില കേസുകളില്‍ ഈ ലക്ഷണം ഹോര്‍മോണ്‍ മാറ്റങ്ങള്‍, ഓട്ടോഇമ്യൂണ്‍ രോഗങ്ങള്‍, റുമറ്റോയിഡ് ആര്‍ത്തറൈറ്റിസ് എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു.

വിരലുകളിലെ വളവ്

കൈപ്പത്തിയുടെ തൊലിക്കിടയില്‍ ടിഷ്യു കട്ടിയാകുകയും മുറുകുകയും ചെയ്യുന്നു. ഇത് ക്രമേണെ വിരലുകള്‍ വളയാന്‍ കാരണമാകുന്നു. സിറോസിസ് പോലെ ഗുരുതരമായ കരള്‍രോഗമുള്ള വ്യക്തികളിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നത്. ഈ അവസ്ഥ പിന്നീട് കൈകളുടെ ചലനത്തെയും ബാധിക്കുന്നു.

ടെറി നെയില്‍സ് (Terry nails)

നഖങ്ങളുടെ അഗ്രഭാഗത്ത് വെളുത്ത നിറത്തിലുള്ള ഒരു ഭാഗവും അടിഭാഗത്ത് പിങ്ക് നിറത്തിലുള്ള ഭാഗവും കാണാം. നഖത്തിലുണ്ടാകുന്ന ഈ മാറ്റം ലിവര്‍ സിറോസിസിന്റെ സൂചനയാകാം. ഹൃദയ രോഗങ്ങള്‍, പ്രമേഹം തുടങ്ങിയ അവസ്ഥകളിലും ഇത് കാണപ്പെടാം. നഖത്തിന്റെ അടിഭാഗത്തുള്ള രക്തപ്രവാഹം കുറയുന്നതും പ്രോട്ടീന്‍ അളവിലെ മാറ്റങ്ങളുമാണ് ഈ നിറംമാറ്റത്തിന് കാരണം.

കൈകളിലെ വിറയല്‍ അഥവാ Asterixis

പേശീസങ്കോചത്തിലെ പെട്ടെന്നുളള മാറ്റങ്ങള്‍ കൈകളില്‍ ഒരുതരം വിറയല്‍ ഉണ്ടാക്കും. കഠിനമായ കരള്‍രോഗമായ ഹൈപ്പാറ്റിക് എന്‍സെഫലോപ്പതി ഉള്ള രോഗികളിലാണ് ഈ ലക്ഷണം കാണപ്പെടുന്നത്.

കൈപ്പത്തിയിലും പാദങ്ങളിലും ചൊറിച്ചില്‍

കൈപ്പത്തിയിലും കാലുകളിലും തുടര്‍ച്ചയായി ഉണ്ടാകുന്ന ചൊറിച്ചില്‍ ' കൊളസ്റ്റാസിസിന്റെ' ലക്ഷണമാകും. സിറോസിസ് പോലുള്ള കരള്‍രോഗങ്ങളില്‍നിന്നാണ് ഈ അവസ്ഥ പലപ്പോഴും ഉണ്ടാകുന്നത്. രാത്രിയില്‍ ചൊറിച്ചില്‍ വഷളാകും. ചര്‍മ്മത്തിനടിയില്‍ പിത്തരസം അടിഞ്ഞുകൂടുന്നതാണ് ചൊറിച്ചിലിന് കാരണം. ഉറക്കത്തിനിടയിലും ചൂടുവെള്ളത്തില്‍ കുളിക്കുമ്പോഴും ചൊറിച്ചില്‍ അധികരിക്കും. ഉടനടി വൈദ്യപരിശോധന വേണമെന്നുളളതിന്റെ സൂചനയാണിത്.

കൈകളിലെ ചുവപ്പ്, നഖങ്ങളിലുണ്ടാകുന്ന അസാധാരണ മാറ്റങ്ങള്‍, ചൊറിച്ചില്‍ ഇവയൊക്കെ അനുഭവപ്പെട്ടാല്‍ എത്രയുംവേഗം ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്. ഈ അവസ്ഥകള്‍ മറ്റ് പലരോഗങ്ങളുടെയും ലക്ഷണം കൂടിയായതുകൊണ്ട് ശരിയായ രോഗനിര്‍ണയം ആവശ്യമാണ്.

Content Highlights :Do you have red spots on your palms and cracked nails? But you should be careful

To advertise here,contact us