ഭക്ഷണത്തിന് രുചികൂട്ടാനായി എല്ലാവരും ഒരുപോലെ ഉപയോഗിക്കുന്ന ഒരു ചേരുവയാണ് മുളകുപൊടി. മലയാളികള്ക്ക് മുളകുപൊടിയില്ലാത്ത കറികളെക്കുറിച്ച് ചിന്തിക്കാന് കൂടി കഴിയില്ല. എന്നാല് ഈ മുളകുപൊടി ആരോഗ്യത്തിന് ഗുണകരമല്ലെന്നാണ് ' ഫ്രോണ്ടിയേഴ്സ് ഇന് ന്യൂട്രീഷന്' ല് പ്രസിദ്ധീകരിച്ച ഒരു പഠനത്തില് വെളിപ്പെടുത്തുന്നത്. മുളകും എരിവുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് ഗ്യാസ്ട്രോഇന്റസ്റ്റെനല് കാന്സറിനുള്ള സാധ്യത വര്ധിപ്പിക്കുന്നതായാണ് കണ്ടെത്തിയിട്ടുളളത്.ആമാശയം, അന്നനാളം, വന്കുടല് എന്നിവയെ ബാധിക്കുന്ന കാന്സറുകളാണ് കൂടുതലായും ഉണ്ടാകുന്നത്. അതുപോലെ മുളകുപൊടിയുടെ അമിതമായ ഉപയോഗം മറ്റ് പലതരം പാര്ശ്വഫലങ്ങളും ഉണ്ടാക്കുമെന്നും പഠനത്തില് പറയുന്നു.
നെഞ്ചെരിച്ചില്, അള്സര്
മുളകുപൊടി അമിതമായി ഉപയോഗിച്ചാല് ആമാശയത്തിലേയും ദഹനനാളത്തിലെയും ആവരണത്തില് അസ്വസ്ഥതയുണ്ടാക്കും. മുളകിലടങ്ങിയിരിക്കുന്ന കാപ്സൈസിന് TRPV1 റിസപ്റ്ററുകള് ഉത്തേജിപ്പിക്കപ്പെട്ട് വയറുവേദന, ദഹന അസ്വസ്ഥത, ആസിഡ് റിഫ്ളക്സ് അല്ലെങ്കില് ഗ്യാസ്ട്രൈറ്റിസ് എന്നിവയ്ക്ക് കാരണമാകും.
ദഹനസംബന്ധമായ അസ്വസ്ഥത, മലബന്ധം, വയറിളക്കം
അമിതമായ മുളകുപൊടിയുടെ ഉപയോഗം ദഹനത്തെ ബാധിക്കുകയും മലബന്ധമോ, വയറിളക്കമോ ഗ്യാസോ ഉണ്ടാകാന് കാരണമാകുകയും ചെയ്യുന്നു. ഇറിറ്റബിള് ബവല് സിന്ഡ്രോം(IBS) അല്ലെങ്കില് ഇന്ഫ്ളമേറ്ററി ബവല് ഡിസീസ് (IBD) ഉളളവരില് മിതമായ അളവില് പോലും മുളകുപൊടി പ്രശ്നമുണ്ടാക്കും.
അലര്ജി പ്രതിപ്രവര്ത്തനങ്ങള്
മസാലകള് മൂലം അലര്ജി അപൂര്വ്വമാണെങ്കിലും മുളകുപൊടിയിലെ ചില സംയുക്തങ്ങള് ചര്മ്മം, ചുണ്ടുകള്, കണ്ണുകള്, തൊണ്ട ഇവിടെയൊക്കെ അലര്ജിയുണ്ടാക്കിയേക്കാം.
ആസിഡ് റിഫ്ളക്സ്
മുളകുപൊടി പോലുള്ള എരിവുള്ള ഭക്ഷണങ്ങള് നെഞ്ചെരിച്ചില്, ആസിഡ് റിഗര്ഗിറ്റേഷന്, അന്നനാളത്തിലുണ്ടാകുന്ന അസ്വസ്ഥത തുടങ്ങിയ ഗ്യാസ്ട്രോ-ഓസോഫേഷ്യല് റിഫ്ളക്സ് രോഗത്തിന്റെ ലക്ഷണങ്ങള്ക്ക് കാരണമാകാം.
വിയര്പ്പും ചര്മ്മത്തിലെ പാടുകളും
ഉയര്ന്ന അളവില് മുളക് കഴിക്കുന്നത് ശരീരത്തിനുള്ളിലെ ചൂട് വര്ധിപ്പിക്കുകയും അമിത വിയര്പ്പിന് കാരണമാകുകയും ചെയ്യും. മുഖമോ ചുണ്ടുകളോ ചുവന്ന് വീര്ക്കുകയോ ചിലപ്പോള് മുഖക്കുരുവോ ചര്മ്മത്തില് വീക്കമോ ഉണ്ടാകാനും കാരണമായേക്കാം. ചില വ്യക്തികളില് ഹൃദയമിടിപ്പിലെ വര്ധനവ് ഉണ്ടാക്കിയേക്കാം. ജലാംശം നിലനിര്ത്തുന്നതും എരിവുളള ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നത് ഇത്തരം അവസ്ഥകള് തടയാന് സഹായിക്കും.
Content Highlights :Chili powder can cause cancer; Chili powder also has side effects