അസുഖമുള്ളപ്പോള്‍ ദു:സ്വപ്‌നങ്ങള്‍ കാണുന്നതിന് പിന്നിലെ കാരണം അറിയണോ?

എന്താണ് 'പനി സ്വപ്‌നങ്ങള്‍ക്ക്' പിന്നില്‍. അസ്വസ്ഥതയുണ്ടാക്കുന്ന അത്തരം സ്വപ്‌നങ്ങള്‍ എപ്പോഴെങ്കിലുമൊക്കെ നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ലേ?

പനിപിടിച്ച് ചൂടും വിറയലുമായി മരുന്ന് കഴിച്ച് മൂടിപ്പുതച്ച് കിടക്കുമ്പോഴായിരിക്കും പേടിപ്പെടുത്തുന്ന എന്തെങ്കിലും സ്വപ്‌നം കണ്ട് ഞെട്ടി ഉണരുന്നത്. പലര്‍ക്കും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടാവും അല്ലേ? ഇങ്ങനെ അസുഖം വരുമ്പോള്‍ ദു:സ്വപ്‌നം കാണുന്നതിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. അസ്വസ്ഥത ഉളവാക്കുന്ന ഈ സ്വപ്‌നങ്ങള്‍ ' fever dream ' എന്നാണ് അറിയപ്പെടുന്നത്. അസുഖങ്ങള്‍ ഉണ്ടാകുമ്പോള്‍ ശരീരത്തിലെ ആന്തരിക സംവിധാനങ്ങളെ അതായത് തലച്ചോറിനെയും ശരീര താപനിലയേയും രോഗം എങ്ങനെ മാറ്റുന്നു എന്നതാണ് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്. ശരീരത്തിലെ ഉയര്‍ന്ന താപനില,തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളിലെ മാറ്റങ്ങള്‍,ഉറക്കരീതികള്‍ തടസ്സപ്പെടുന്നത് ഇവയെല്ലാം ഇത്തരത്തിലുളള നെഗറ്റീവ് അനുഭവങ്ങള്‍ക്ക് കാരണമാകും.

അസുഖമുള്ളപ്പോള്‍ ഉറക്കം ദുസ്സഹമായി തോന്നുന്നത് എന്തുകൊണ്ട്

pubMed central ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ശരീര താപനില സാധാരണയേക്കാള്‍ ഏകദേശം 2ഡിഗ്രി F അധികമായി ഉയരുമ്പോഴാണ് പനി സ്വപ്‌നങ്ങള്‍ കാണുന്നത്. പല രോഗങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ശരീര താപനിലയിലെ ചെറിയ വര്‍ദ്ധനവ് പോലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും ഉറക്ക രീതികളും മാറിയേക്കാം. ഓര്‍മ്മകള്‍, വികാരങ്ങള്‍, ഇന്ദ്രിയങ്ങള്‍ എന്നിവ വ്യത്യസ്തമായി മാറിയേക്കാം. ഇത് വൈകാരികവും തീവ്രവും എന്ന് തോന്നുന്ന സ്വപ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ശരീര താപനില ഉയരുമ്പോള്‍ തലച്ചോറിലെ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടേക്കാം. ഇതാണ് സ്വപ്‌നങ്ങളെ വിചിത്രവും വൈകാരികവുമാക്കി മാറ്റാന്‍ കാരണം.

എന്തൊക്കെയാണ് സ്വപ്‌നത്തില്‍ കാണുന്നത്

  • ചുമരുകള്‍ അനങ്ങുകയോ വളയുന്നതോ ആയി തോന്നുക
  • വലിയ കൈകാലുകളുള്ള ജീവികള്‍
  • ഇരുട്ട്, ഇഴഞ്ഞുനീങ്ങുന്ന നിഴലുകള്‍
  • വലിയ ഭീമാകാരമായ പ്രാണികള്‍

അസുഖ സമയത്ത് ഉണ്ടാകുന്ന സ്വപ്‌നങ്ങള്‍ പനിയും ഉറക്കം തടസ്സപ്പെടലും ഉണ്ടാകുന്നതുമൂലമുളള സ്വാഭാവിക പ്രതികരണമാണ്. രോഗം മാറി രോഗി സാധാരണ നിലയിലേക്ക് എത്തുമ്പോള്‍ എല്ലാം പഴയതുപോലെയായിത്തീരും. നന്നായി വെള്ളംകുടിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക, സുഖകരമായ ഉറക്ക അന്തരീക്ഷം സൃഷ്ടിക്കുക,വിശ്രമരീതികള്‍ പരിശീലിക്കുക എന്നിവയൊക്കെ നല്ല ഉറക്കം സൃഷ്ടിക്കുകയും രോഗശാന്തിക്ക് കൂടുതല്‍ സഹായകമാകുകയും ചെയ്യും.

Content Highlights :Want to know the reason behind having nightmares when you are sick?

( ഈ ലേഖനം വിവരങ്ങള്‍ പ്രദാനം ചെയ്യുന്നതിന് വേണ്ടിയുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)

To advertise here,contact us