ശ്രേയസ് അയ്യര്‍ക്ക് പരിക്ക് പ്ലീഹയില്‍? ആന്തരിക രക്തസ്രാവത്തിന് കാരണം ഈ മുറിവ്

ഗുരുതരമായ പരിക്കുകള്‍ ആന്തരിക രക്തസ്രാവത്തിന് കാരണമാകും

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം മത്സരത്തിനിടയില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്കേല്‍ക്കുകയും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയും ചെയ്ത വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെത്തുടര്‍ന്ന് ശ്രേയസിനെ ഐസിയുവിലേക്ക് മാറ്റി. നിലവില്‍ ശ്രേയസിന്റെ ആരോഗ്യനില തൃപ്തികരമാണെങ്കിലും മാരകമായേക്കാവുന്ന അവസ്ഥയായിരുന്നുവെന്ന് പിടിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്യാച്ച് എടുക്കുന്നതിനിടയില്‍ ശ്രേയസ് അയ്യര്‍ ഗ്രൗണ്ടില്‍ വീണപ്പോള്‍ വാരിയെല്ലുകള്‍ക്ക് പരിക്കേറ്റതായിരിക്കുമെന്നായിരുന്നു നിഗമനം. പിന്നീട് വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് പ്ലീഹയില്‍ ഏറ്റ മുറിവാണ് ശ്രേയസിനുണ്ടായതെന്ന് കണ്ടെത്തിയത്. വാര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്ലീഹ എന്താണ് ? പരിക്കേല്‍ക്കുന്നത് എത്രത്തോളം ഗുരുതരമാണ്

വാരിയെല്ലുകളുടെ ഇടതുവശത്ത് തൊട്ടുതാഴെയായി സ്ഥിതിചെയ്യുന്ന മുഷ്ടിയുടെ വലിപ്പമുള്ള അവയവമാണ് പ്ലീഹ. അണുബാധകളെ ചെറുക്കാന്‍ സഹായിക്കുകയും കേടായതും പഴകിയതുമായ ചുവന്ന രക്താണുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്ന അവയവമാണ് പ്ലീഹ. പ്ലീഹയ്ക്ക് ശക്തമായ ആഘാതമാമേല്‍ക്കുന്ന അവസ്ഥയെ 'സ്പീനിക് ലേസറേഷന്‍' എന്നാണ് ഡോക്ടര്‍മാര്‍ വിളിക്കുന്നത്. പ്ലീഹയ്ക്ക് ഏല്‍ക്കുന്ന പരിക്ക് ആന്തരിക രക്തസ്രാവത്തിന് കാരണമാകും. അതുകൊണ്ടുതന്നെ അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണ്.എന്നാല്‍ എല്ലാ പ്ലീഹ പരിക്കുകള്‍ക്കും ശസ്ത്രക്രിയ ആവശ്യമില്ല. പരിക്കേറ്റ വ്യക്തിയുടെ രക്തസമ്മര്‍ദ്ദവും രക്തം നഷ്ടപ്പെടുന്ന അവസ്ഥയും അനുസരിച്ചാണ് ശസ്ത്രക്രിയ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.

സുഖംപ്രാപിക്കാന്‍ എത്ര സമയമെടുക്കും

പ്ലീഹയിലെ പരിക്ക് പൂര്‍ണ്ണമായി സുഖപ്പെടാന്‍ കുറഞ്ഞത് 6 മുതല്‍12 ആഴ്ചകള്‍ വരെ ആവശ്യമാണ്. ഈ സമയത്ത് വളരെയധികം ശ്രദ്ധ ആവശ്യമാണ്. കാരണം ആ ഭാഗത്ത് വീണ്ടും ആഘാതമേറ്റാല്‍ രക്തസ്രാവമുണ്ടാകാന്‍ സാധ്യതയുണ്ട്. ആദ്യത്തെ 24 മുതല്‍ 48 മണിക്കൂര്‍ ഇങ്ങനെയുളള അവസ്ഥയില്‍ നിര്‍ണായകമാണ്. കുഴപ്പമൊന്നും ഇല്ലെന്ന് കാണപ്പെട്ടാല്‍ രോഗിയെ ചലിക്കാനും ഭക്ഷണം കഴിക്കാനും ഒക്കെ അനുവദിക്കും. എന്നാല്‍ രക്തസ്രാവം ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാന്‍ ദിവസേനെയുള്ള സ്‌കാനുകള്‍ ആവശ്യമാണ്. രക്തം വരുന്നത് നിന്നാലും രോഗി ഒരാഴ്ച നിരീക്ഷണത്തില്‍ കഴിയേണ്ടതായുണ്ട്. പക്ഷേ കുറച്ച് മാസത്തേക്ക് വിശ്രമിക്കേണ്ടിവരും.

Content Highlights :Cricketer Shreyas Iyer suffers spleen injury; is the spleen injury serious?

To advertise here,contact us