ഒരു മാസം തുടര്‍ച്ചയായി ഓട്‌സ് കഴിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും

ഓട്‌സ് കഴിക്കുന്നതിന്റെ ഗുണങ്ങള്‍ പലതാണ്

ഓട്‌സ് ആരോഗ്യപ്രദമായ വിഭവമാണെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും ഇനി പറയാന്‍ പോകുന്ന ഗുണങ്ങളെക്കുറിച്ചൊന്നും ആരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പ്രഭാതഭക്ഷണം തയ്യാറാക്കാന്‍ വൈകിയാല്‍ മാത്രം വല്ലപ്പോഴും കഴിക്കുന്ന വിഭവമായി ഓട്‌സിനെ കാണുന്നവരാണ് പലരും. പ്രഭാത ഭക്ഷണമായി ഓട്‌സ് കഴിച്ചാല്‍ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാകുന്നതെന്ന് അറിയാമോ? അതും 30 ദിവസം തുടര്‍ച്ചയായി ഓട്‌സ് കഴിച്ചാല്‍ എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുമെന്ന് നോക്കാം.

കൂടുതല്‍ തൃപ്തി നല്‍കുന്നു

ഓട്‌സില്‍ ധാരാളം നാരുകളും കാര്‍ബോഹൈഡ്രേറ്റും ഒക്കെ അടങ്ങിയിട്ടുണ്ട്. ഇവയൊക്കെ ശരീരത്തില്‍ ഊര്‍ജ്ജം പ്രദാനം ചെയ്യും. ഓട്‌സില്‍ നിന്ന് ലഭിക്കുന്ന ആദ്യത്തെ ഗുണം നമുക്ക് ഭക്ഷണം കഴിച്ചു എന്ന തൃപ്തി തോന്നും എന്നതാണ്. ഓട്‌സില്‍ ലയിക്കുന്ന തരത്തിലുള്ള നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതിലെ ബീറ്റ ഗ്ലൂക്കന്‍, ദഹനത്തെ മന്ദഗതിയിലാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്തുന്നു. വയറ് നിറഞ്ഞതായി തോന്നുന്നതുകൊണ്ട് ധാരാളം ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് തടയുന്നു.

ഹൃദയത്തിന് ഗുണകരമായ കാര്‍ബോ ഹൈഡ്രേറ്റുകള്‍ നല്‍കുന്നു

പ്രഭാതഭക്ഷണം എന്നതിലുപരി ഹൃദയത്തെ പരിപാലിക്കുന്ന ഒന്നായും ഓട്‌സ് പ്രവര്‍ത്തിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകളായ ബീറ്റാ-ഗ്ലൂക്കന്‍ മോശം കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുകയും ആരോഗ്യകരമായ ലിപിഡ് പ്രൊഫൈലിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. നാഷണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പതിവായി ഓട്‌സ് കഴിക്കുന്ന ആളുകള്‍ക്ക് മെച്ചപ്പെട്ട ഹൃദയാരോഗ്യം ഉള്ളതായി തെളിഞ്ഞതായി പറയുന്നു.

ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു

ഓട്‌സില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് കൂടുതല്‍ സമയം വയറ് നിറഞ്ഞിരിക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് വിശപ്പ് നിയന്ത്രിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു.

മലബന്ധം അകറ്റുന്നു

മലവിസര്‍ജ്ജനം ബുദ്ധിമുട്ടുള്ളവരാണെങ്കില്‍ അത് ക്രമമാക്കാന്‍ ഓട്‌സ് സഹായിക്കും. ഇവയില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം അകറ്റുകയും ചെയ്യും. കുടലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ദഹനവ്യവസ്ഥയെ സഹായിക്കുകയും ചെയ്യും.

30 ദിവസത്തെ ശീലം

കേവലം ഒരു ദിവസംകൊണ്ടോ ഒരാഴ്ചകൊണ്ടോ ഓട്‌സ് കഴിച്ചതുകൊണ്ട് മാറ്റങ്ങള്‍ ഒന്നും സംഭവിക്കില്ല. എന്നാല്‍ 30 ദിവസമാകുമ്പോഴേക്കും മാറ്റങ്ങള്‍ സ്വയം അനുഭവിച്ചറിയാം. ഓട്‌സ് കഴിക്കുമ്പോള്‍ അതിനൊപ്പം മധുരം ചേര്‍ക്കുന്നത് ഒഴിവാക്കുക പകരം പഴങ്ങള്‍, നട്‌സുകള്‍, വിത്തുകള്‍ ഇവയൊക്കെ ഉള്‍പ്പെടുത്താം.

Content Highlights : Changes in the body after eating oats continuously for a month

To advertise here,contact us