കോസ്മെറ്റിക് ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് ഗ്ലൂട്ടത്തയോണ് എന്ന മാസ്റ്റര് ആന്റിഓക്സിഡന്റ്. ചര്മത്തിന്റെ നിറം വര്ധിപ്പിക്കുന്നതിനും മുടിയുടെയും നഖത്തിന്റെയും ആരോഗ്യം വര്ധിപ്പിക്കുന്നതിനുമെല്ലാമായി ഗ്ലൂട്ടത്തയോണ് ട്രീറ്റ്മെന്റ് സ്വീകരിക്കുന്നവരുടെ എണ്ണത്തില് വലിയ വര്ധനവാണ് ഉണ്ടായിട്ടുള്ളത്. വന്തോതില് ഈ ചികിത്സയ്ക്ക് സ്വീകാര്യത ലഭിച്ചിട്ടുണ്ടെങ്കിലും വലിയ പണച്ചെലവായതിനാല് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. തിളങ്ങുന്ന, ആരോഗ്യമുള്ള ചര്മം സ്വന്തമാക്കാന് മറ്റൊരു വഴിയുണ്ട്. ഗ്ലൂട്ടത്തയോണ് ധാരാളമടങ്ങിയ ഭക്ഷണ പദാര്ഥങ്ങള് ഡയറ്റില് ഉള്പ്പെടുത്തുക.
അവക്കാഡോ- ഫൈബറും ആന്റിഓക്സിഡന്റും ധാരാളമടങ്ങിയിട്ടുള്ളതാണ് അവക്കാഡോ. എന്നാല് അവക്കാഡോയില് ധാരാളം ഗ്ലുട്ടത്തയോണ് അടങ്ങിയിട്ടുണ്ടെന്ന് നിങ്ങള്ക്കറിയാമോ? അള്ട്രാവയലറ്റ് രശ്മികളേറ്റ് ചര്മത്തിനുണ്ടാകുന്ന കേടുപാടുകള്, അന്തരീക്ഷ മലിനീകരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങള് എന്നിവയ്ക്കെല്ലാം പരിഹാരമായി അവക്കാഡോ ഡയറ്റില് ഉള്പ്പെടുത്തിയാല് മതി. നിത്യവും അവക്കാഡോ കഴിക്കുന്നത് ചര്മത്തിന്റെ ഇലാസ്തികത വര്ധിപ്പിക്കും, ചര്മത്തിലെ വരകളും ചുളിവുകളും അകറ്റും, സ്വാഭാവികമായ തിളക്കം ചര്മത്തിന് കൈവരും. ചര്മത്തില് എല്ലായ്പ്പോഴും ഈര്പ്പം നിലനിര്ത്താന് ഇത് സഹായിക്കും. പ്രാതലില് സാലഡിലും സ്മൂത്തിയിലുമെല്ലാം അവക്കാഡോ ഉള്പ്പെടുത്തുന്നത് ശരീരത്തിലെ ഗ്ലൂട്ടത്തയോണ് ലെവല് ഉയരാന് സഹായിക്കും.
ബ്രൊക്കോളി- ആരോഗ്യഗുണങ്ങളേറെയുള്ള ഒരു വെജിറ്റബിളാണ് ബ്രൊക്കോളി. ബ്രൊക്കോളിയിലും ധാരാളം ഗ്ലൂട്ടത്തയോണ് അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ചര്മത്തിലെ ഇരുണ്ട പാടുകള് കുറയ്ക്കാനും സഹായിക്കും. വിറ്റമിന് സിയുമായി ചേര്ന്ന് പ്രവര്ത്തിച്ച് ബ്രൊക്കോളിയിലെ ഗ്ലൂട്ടത്തയോണ് ചര്മം തിളങ്ങാന് സഹായിക്കും. ചര്മത്തിന്റെ യുവത്വം നിലനിര്ത്തും.
വെളുത്തുള്ളി - രുചി വര്ധിപ്പിക്കുന്നതിനും ഗ്യാസ് ഇല്ലാതാക്കുന്നതിനും മാത്രമല്ല വെളുത്തുള്ളി ഭക്ഷണത്തില് ചേര്ക്കേണ്ടത്. ധാരാളം ഗ്ലൂട്ടത്തയോണ് അടങ്ങിയിട്ടുള്ള ഭക്ഷണപദാര്ഥമാണ് വെളുത്തുള്ളി. ചര്മത്തിലുണ്ടാകുന്ന വീക്കം, മുഖക്കുരു എന്നിവ ഒഴിവാക്കാന് എന്നും വെളുത്തുള്ളി ഭക്ഷണത്തില് ചേര്ത്ത് കഴിക്കുന്നത് നന്നായിരിക്കും. ചര്മത്തിലുണ്ടാകുന്ന അണുബാധ കുറയ്ക്കുന്നതിനും വെളുത്തുള്ളിയില് അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല് പ്രോപ്പര്ട്ടി സഹായിക്കും.
തക്കാളി- ഗ്ലൂട്ടത്തയോണ് ധാരാളമടങ്ങിയിട്ടുള്ള പച്ചക്കറിയാണ് തക്കാളി. ചര്മത്തെ അള്ട്രാവയലറ്റ് രശ്മികളില് നിന്ന് രക്ഷിക്കാന് കഴിവുള്ള ആന്റിഓക്സിഡന്റായ ലൈകോപിന് ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് തക്കാളി. ശരീരത്തെ വിഷമുക്തമാക്കാനും ചര്മത്തിന്റെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ചുളിവുകള് ഇല്ലാതാക്കാനും തക്കാളി ഡയറ്റില് ഉള്പ്പെടുത്തുന്നത് നന്നായിരിക്കും. നിത്യവും തക്കാളി കഴിക്കുന്നത് ചര്മത്തിന് ഒരു തിളക്കം നല്കും, വീക്കം തടയും.
തണ്ണിമത്തന് - ശരീരത്തിന് ആവശ്യമായ ഈര്പ്പം നല്കുന്ന ഒന്നാണ് തണ്ണിമത്തന്. ഇതില് ധാരാളം വിറ്റമിന്, മിനറല്സ്, ആന്റിഓക്സിഡന്റ് എന്നിവ അടങ്ങിയിട്ടുണ്ട. ചര്മം തിളക്കമുള്ളതായി നിലനിര്ത്താനും ചര്മത്തിലെ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും നിത്യവും തണ്ണിമത്തന് ഡയറ്റില് ഉള്പ്പെടുത്തിയാല് മതിയാകും.
കോളിഫ്ളവര് - ഗ്ലൂട്ടത്തയോണ് ധാരാളമടങ്ങിയിട്ടുള്ള മറ്റൊരു പച്ചക്കറിയാണ് കോളിഫ്ളവര്. ഇതില് ധാരളം വിറ്റമിന് സിയും അടങ്ങിയിട്ടുണ്ട്. കരളിനെ വിഷമുക്തമാക്കുന്നതിനും ശരീരത്തിന് ദോഷകരമായ വസ്തുക്കള് പുറന്തള്ളുന്നതിനും ഇതില് അടങ്ങിയിട്ടുള്ള ഗ്ലൂട്ടത്തയോണ് സഹായിക്കും. നിത്യവും കഴിക്കുന്നത് ചര്മം തിളങ്ങാനും കരുവാളിപ്പ് ഒഴിവാക്കാനും ഇത് സഹായിക്കും.
Content Highlights: Glutathione Rich Foods for Glowing Skin