മുന്പ് പ്രായമായവരില് കൂടുതലായി വന്നിരുന്ന ഹൃദ്രോഗവും ഹൃദയാഘാതവുമെല്ലാം ഇന്ന് ചെറുപ്പക്കാര്ക്കിടയിലും വ്യാപകമായിത്തുടങ്ങിയിട്ടുണ്ട്. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്ക്ക് കാരണമാകുന്ന ഘടകങ്ങളെ തിരിച്ചറിഞ്ഞ് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുക എന്നതാണ് ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള ഏക മുന്കരുതല് നടപടി. 20 തിലും 30കളിലുമുള്ളവർക്ക് ഹൃദയാഘാതം ഉണ്ടാകുന്നതിനെക്കുറിച്ച് ഹൈദരാബാദിലെ ബഞ്ചാര ഹില്സിലെ കെയര് ഹോസ്പിറ്റലിലെ കണ്സള്ട്ടന്റ് - ഇന്റര്വെന്ഷണല് കാര്ഡിയോളജി വിദഗ്ധന് ഡോ. ജോഹാന് ക്രിസ്റ്റഫര് പറയുന്നത് ഇങ്ങനെയാണ്.
'പ്രത്യേകിച്ച് മുന്നറിയിപ്പ് അടയാളങ്ങള് ഒന്നും ഇല്ലാതെയാണ് പല ചെറുപ്പക്കാരിലും ഹൃദയാഘാതം ഉണ്ടാകുന്നത്.തുടര്ച്ചയായ സമ്മര്ദ്ദവും മോശം ഉറക്കവും ഹൃദയത്തെ പ്രശ്നത്തിലാക്കുന്ന രണ്ട് ഘടകങ്ങളാണ്. ജോലിഭാരവും ജീവിതശൈലിയിലെ വ്യത്യാസവും മൂലം ശാരീരിക ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാത്തവരാണ് പലരും. സമ്മര്ദ്ദം ഉണ്ടാകുമ്പോള് കാലക്രമേണ കോര്ട്ടിസോള്, അഡ്രിനാലിന് തുടങ്ങിയ ഹോര്മോണുകളുടെ അളവ് ഉയരുന്നു. ഇത് ഹൃദയത്തെ കൂടുതലായി കഠിനാധ്വാനം ചെയ്യിപ്പിക്കാനിടയാക്കും. അപ്പോള് രക്തക്കുഴലുകള് ചുരുങ്ങുകയും രക്ത ചംക്രമണം ബുദ്ധിമുട്ടിലാക്കുകയും രക്തക്കുഴലുകളില് തടസമുണ്ടാവുകയും ചെയ്യുന്നു. ഈ മാറ്റങ്ങളൊന്നും പെട്ടെന്ന് സംഭവിക്കുന്നതല്ലെന്നാണ് ഡോ.ക്രിസ്റ്റഫര് പറയുന്നത്.
ഹൃദയം ആരോഗ്യത്തോടെയിരിക്കണമെങ്കില് ഉറക്കത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കും. ഉറക്കക്കുറവ് ശരീരത്തിന് രക്തക്കുഴലുകള് നന്നാക്കാനും രക്തസമ്മര്ദ്ദം നിയന്ത്രിക്കാനും ഹൃദയമിടിപ്പ് ഒരേ താളത്തിലാക്കി നിലനിര്ത്താനും ബുദ്ധിമുട്ട് സൃഷ്ടിക്കും. ഉറക്കക്കുറവും ഒപ്പം സമ്മര്ദ്ദവും കൂടിയാകുമ്പോള് അപകടകരമായ പ്രത്യാഘാതങ്ങള് ഉണ്ടാക്കുമെന്നും ഹൃദയാഘാത സാധ്യത വര്ധിക്കുമെന്നും ഡോ.ക്രിസ്റ്റഫര് വിശദീകരിക്കുന്നു.
ജോലി സമയങ്ങളിലെ വ്യത്യാസങ്ങള്, പഠന സമ്മര്ദ്ദം, രാത്രി വൈകി ഉറങ്ങിയുള്ള ശീലങ്ങള് ഇവയൊക്കെ യുവാക്കളിലെ ഉറക്ക പ്രശ്നങ്ങള്ക്ക് കാരണമാകുന്നുണ്ട്. അസാധാരണമായ ക്ഷീണം, നെഞ്ചില് വലിഞ്ഞ് മുറുകുന്നതുപോലുള്ള തോന്നല്, വേഗത്തിലുള്ള ഹൃദയമിടിപ്പ് തുടങ്ങിയ ലക്ഷണങ്ങളൊന്നും വെറും ക്ഷീണമാണെന്ന് കരുതി അവഗണിക്കരുത്. ഇവ ഹൃദയം സമ്മര്ദ്ദത്തിലാണെന്നതിന്റെ സൂചനകളാകാം.
ഹൃദയത്തിന്റെ ആരോഗ്യത്തിന് ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടത് അത്യാവശ്യമാണ്. പതിവായി ഒരു സമയത്ത് ഉറങ്ങാന് ശ്രമിക്കുക. ജോലിക്കിടയിലും പഠനത്തിനിടയിലും വിശ്രമിക്കാന് അല്പ്പസമയം മാറ്റിവയ്ക്കുക.സമ്മര്ദ്ദം ലഘൂകരിക്കാന് യോഗയോ ചെറിയ വര്ക്കൗട്ടുകളോ ശീലമാക്കുക. വൈകുന്നേരങ്ങളില് നടക്കാന് പോവുകയോ ഉറങ്ങുന്നതിന് മുന്പ് ഫോണ് മാറ്റിവച്ച് സ്വസ്ഥമായിരിക്കുകയോ ഒക്കെ ചെയ്യാവുന്നതാണ്.
(ഈ ലേഖനം വിവരങ്ങള് നല്കുന്നതിന് വേണ്ടിയുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്കും സംശയങ്ങള്ക്കും ഒരു ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്. )
Content Highlights : Lack of sleep and mental stress can damage heart health