ശരീരഭാരം കുറയ്ക്കാന് എന്താണ് വഴി എന്ന് അന്വേഷിക്കുന്നവര് ഒടുവില് എത്തിച്ചേരുന്നത് ചിയാവിത്തുകളിലായിരിക്കും. സ്മൂത്തികളിലും ജ്യൂസുകളിലും, പുഡ്ഡിംഗുകളിലും ഒക്കെ ചേര്ക്കുന്ന ചിയാസീഡ്സ് എങ്ങനെയാണ് ശരീരഭാരം കുറയ്ക്കാന് സഹായിക്കുന്നതെന്ന് അറിയാമോ?
ചിയാവിത്തുകളില് അടങ്ങിയിരിക്കുന്ന നാരുകള്, പ്രോട്ടീന്,ഒമേഗ-3, കൊഴുപ്പ് എന്നിവ വിശപ്പ് നിയന്ത്രിക്കാനും മെറ്റബോളിസം വര്ധിപ്പിക്കാനും സഹായിക്കുന്നു. ചിയാവിത്തുകള് വെള്ളത്തില് ഇട്ടുവച്ച് കുതിര്ക്കുമ്പോള് അവ വെള്ളം ആഗീരണം ചെയ്ത് ഒരു ജെല് പോലെയുള്ള ഘടന ഉണ്ടാക്കുന്നു. ചിയാ വിത്തുകളിട്ട വെള്ളമോ ജ്യൂസോ കുടിക്കുമ്പോള് കൂടുതല് സമയം വയറ് നിറഞ്ഞതായി തോന്നാന് സഹായിക്കുന്നു. വയറ് നിറഞ്ഞിരിക്കുന്നതായി തോന്നുന്നതുകൊണ്ട് സ്വാഭാവികമായും ഇടയ്ക്കുള്ള ലഘുഭക്ഷണം ഒഴിവാക്കാന് സാധിക്കും. അതുകൊണ്ടുതന്നെ ശരീരത്തിലെ കലോറി കുറയുന്നു. ഇവയില് ദഹനത്തെയും ശരീരത്തിലെ ഊര്ജ്ജം നിലനില്ക്കാനും സഹായിക്കുന്ന കാല്സ്യം, മഗ്നീഷ്യം, ആന്റി ഓക്സിഡന്റുകള് എന്നിവയും അടങ്ങിയിട്ടുണ്ട്.
ഒരുഗ്ലാസ് വെള്ളത്തില് ഒരു ടേബിള്സ്പൂണ് ചിയ വിത്തുകള് ചേര്ത്ത് നന്നായി ഇളക്കി 15-30 മിനിറ്റ് വയ്ക്കുക.അപ്പോള് ഇവ ജെല് പരുവത്തില് ആയിട്ടുണ്ടാവും. രാവിലെ വെറും വയറ്റിലോ അല്ലെങ്കില് പ്രഭാത ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര് മുന്പോ കുടിക്കാവുന്നതാണ്.
ഒരു കപ്പ് സാധാരണ പാലിലോ ബദം മില്ക്കിലോ രണ്ട് ടേബിള്സ്പൂണ് കുതിര്ത്ത ചിയാവിത്തുകള് ചേര്ക്കുക. അതിലേക്ക് അല്പ്പം കറുവാപ്പട്ട പൊടിയോ കാല് ടീസ്പൂണ് വാനില എസന്സോ ചേര്ത്ത് (മധുരം വേണ്ടവര്ത്ത് തേനോ പഞ്ചസാരയോ ചേര്ക്കാം) മിക്സ് ചെയ്ത് രാത്രി മുഴുവന് ഫ്രിഡ്ജില് വച്ച ശേഷം അല്ലെങ്കില് മൂന്നോ നാലോ മണിക്കൂര് ഫ്രിഡ്ജില് വച്ച ശേഷമോ കഴിക്കാവുന്നതാണ്.
പഴങ്ങള് അരിഞ്ഞതും പുളിയില്ലാത്ത തൈരും ഓട്ട്സും ഒന്നോ രണ്ടോ ടേബിള് സ്പൂണ് ചിയാസീഡ്സ് കുതിര്ത്തതും ചേര്ത്ത് മിക്സ് ചെയ്ത് മികിസിയില് അടിച്ചെടുത്ത് കുടിക്കാവുന്നതാണ്.
ചിയാവിത്തുകള് വണ്ണം കുറയ്ക്കാന് സഹായിക്കുന്ന മാന്ത്രിക ഭക്ഷണമല്ല എന്നത് ഓര്ക്കുക. അവ ഒറ്റ രാത്രികൊണ്ട് വയറിലെ കൊഴുപ്പ് കത്തിച്ചുകളയുകയുമില്ല. വളരെ കുറഞ്ഞ അളവില് വേണം തുടക്കക്കാര് ഇവ ഭക്ഷണത്തില് ഉള്പ്പെടുത്താന്. പെട്ടെന്ന് ഭക്ഷണത്തില് മാറ്റങ്ങള് വരുത്തുന്നതിന് മുന്പ് ഒരു ഡയറ്റീഷ്യനോട് അഭിപ്രായം ചോദിക്കാവുന്നതാണ്. കഴിക്കുന്നതിന് മുന്പ് ചിയാവിത്തുകള് എപ്പോഴും കുതിര്ക്കാന് ശ്രദ്ധിക്കുക. ദഹന പ്രശ്നങ്ങളോ കുറഞ്ഞ രക്തസമ്മര്ദ്ദമോ ഉള്ളവരാണെങ്കില് ഡോക്ടറുടെ അഭിപ്രായം തേടിയ ശേഷം വേണം ഉപയോഗിച്ചുതുടങ്ങാന്.
( ഈ ലേഖനം വിവരങ്ങള് നല്കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്കും സംശയങ്ങള്ക്കും വിദഗ്ധരുടെ ഉപദേശങ്ങള് തേടേണ്ടതാണ്)
Content Highlights :Chia seeds are a natural way to help you lose weight. How to eat chia seeds to lose weight