കുട്ടിക്ക് ശ്രദ്ധക്കുറവും ദേഷ്യവും ഉണ്ടോ?; മാതാപിതാക്കള്‍ അറിയേണ്ട കാര്യങ്ങള്‍

കുട്ടികളില്‍ (അറ്റന്‍ഷന്‍ ഡഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍) ADHD ഉണ്ടോ എന്ന് അറിയാനുള്ള ചില ലക്ഷണങ്ങളെക്കുറിച്ച് അറിയാം

ചില മാതാപിതാക്കള്‍ പറഞ്ഞുകേട്ടിട്ടില്ലേ. തന്റെ കുട്ടി ഒരിടത്ത് അടങ്ങിയിരിക്കില്ല. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും, എന്ത് പറഞ്ഞാലും ദേഷ്യമാണ് എന്നെല്ലാം. ശ്രദ്ധിച്ചാല്‍ മനസിലാകും ആ മാതാപിതാക്കള്‍ ആശങ്കയോടെയാണ് ഇക്കാര്യം പങ്കുവയ്ക്കുന്നത്. പലര്‍ക്കും സംശയമാണ് കുട്ടിക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടായിട്ടാണോ ഇത്തരത്തിലുള്ള സ്വഭാവം കാണിക്കുന്നതെന്ന്. കുട്ടികളുടെ ഈ സ്വഭാവത്തെ ADHD ആയി സംശയിക്കാം. എന്തൊക്കെയാണ് അറ്റന്‍ഷന്‍ ഡഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ അഥവാ ADHD യുടെ ലക്ഷണങ്ങള്‍.

ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുള്ള പ്രശ്‌നം

കുട്ടിക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന ന്യൂറോ ബിഹേവിയറല്‍ ഡിസോര്‍ഡറാണ് ADHD. ADHD ഉളള കുട്ടികള്‍ക്ക് നിരന്തര മാനസിക പരിശ്രമം ആവശ്യമുള്ള കാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് വെല്ലുവിളി ആയിരിക്കും. പഠനത്തിലോ മറ്റ് പ്രവര്‍ത്തനങ്ങളിലോ അശ്രദ്ധകൊണ്ട് അവര്‍ പല തെറ്റുകളും വരുത്തിയേക്കാം. കുട്ടിയുടെ ജീവിതത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ വശങ്ങളെ ഇത് ബാധിക്കുന്നു.

അസ്വസ്ഥതയും അടങ്ങിയിരിക്കാനുള്ള ബുദ്ധിമുട്ടും

കുട്ടി എപ്പോഴും അസ്വസ്ഥതയോടുകൂടിയിരിക്കുകയോ അടങ്ങിയിരിക്കാത്ത സ്വഭാവം കാണിക്കുകയോ ചെയ്യുക. ഹൈപ്പര്‍ ആക്ടിവിറ്റി ADHD യുടെ ഏറ്റവും വലിയ പ്രത്യേകതയാണ്. കുനിഞ്ഞിരിക്കുക, അനുചിതമായ സാഹചര്യങ്ങളില്‍ ഓടിനടക്കുകയോ എന്തെങ്കിലും ചെയതുകൊണ്ടിരിക്കുകയോ ചെയ്യുക. അതുമല്ലെങ്കില്‍ എവിടെങ്കിലും ഇരുന്ന് കളിക്കാനോ സ്വസ്ഥമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയാതിരിക്കുകയോ ചെയ്യുക. കുട്ടികള്‍ക്ക് 4 വയസ് എത്തുന്നതുവരെ ഹൈപ്പര്‍ ആക്ടിവിറ്റിയുടെ തുടക്ക ലക്ഷണങ്ങള്‍ കണ്ടെത്തുക പ്രയാസമാണ്. സ്‌കൂള്‍ കാലങ്ങളില്‍ അവസ്ഥകള്‍ കൂടുതല്‍ വ്യക്തമായിത്തുടങ്ങും.

ആവേശത്തോടെയുള്ള പെരുമാറ്റം

അമിത ആവേശമുളള കുട്ടികളായിരിക്കും ഇവര്‍. അവരുടെ ഊഴം കാത്തിരിക്കാനുള്ള ബുദ്ധിമുട്ട്, സംഭാഷണങ്ങള്‍ തടസ്സപ്പെടുത്തല്‍, വരാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിക്കാതെ പെട്ടെന്ന് തീരുമാനങ്ങള്‍ എടുക്കുക എന്നീ ലക്ഷണങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. അമിത ആവേശത്തോടൊപ്പം അശ്രദ്ധയും ലക്ഷണങ്ങളാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

നിര്‍ദ്ദേശങ്ങള്‍ പാലിക്കാനുള്ള ബുദ്ധിമുട്ട്

കുട്ടിയോട് ഒരു കാര്യം വീണ്ടും വീണ്ടും പറയേണ്ടിവരികയോ, നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വിസമ്മതിക്കുകയോ താമസമെടുക്കുകയോ ചെയ്യേണ്ട കാര്യങ്ങള്‍ മറക്കുകയോ, ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍നിന്ന് എളുപ്പത്തില്‍ ശ്രദ്ധതിരിക്കുകയോ, ജോലി പൂര്‍ത്തിയാക്കാന്‍ കഴിയാതെവരികയോ, സ്‌കൂള്‍ പോലെ ചിട്ടയായ ക്രമങ്ങള്‍ തുടരുന്ന സ്ഥലങ്ങളോട് പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ട് ഉണ്ടാവുകയോ പോലെയുള്ള കാര്യങ്ങളും ഇതിന്റെ ലക്ഷണമായി കണക്കാക്കാം.

വൈകാരിമായും മാനസികമായും ഉണ്ടാകുന്ന മാറ്റങ്ങള്‍

കുട്ടി വൈകാരിക നിയന്ത്രണത്തില്‍ തകരാറുകള്‍ കാണിക്കുന്നുണ്ടെങ്കില്‍ അത് എഡിഎച്ച്ഡിയുടെ ലക്ഷണമായിരിക്കാം. അവര്‍ക്ക് തീവ്രമായ വികാരങ്ങള്‍, ദേഷ്യം, സാഹചര്യത്തോട് യോജിക്കാത്ത മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവ അനുഭവപ്പെടാം. എഡിഎച്ച്ഡി ഉള്ള കുട്ടികളില്‍ ഭൂരിഭാഗത്തിനും കോപം ,നിരാശയോടുകൂടിയ അസഹിഷ്ണുത തുടങ്ങിയ വൈകാരിക നിയന്ത്രണത്തിലെ വ്യത്യാസങ്ങള്‍ ഉണ്ടാവും.

നിങ്ങളുടെ കുട്ടിക്ക് ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടെന്ന് തോന്നുകയാണെങ്കില്‍ കുട്ടിയെ ഡോക്ടറെ കാണിക്കേണ്ടതാണ്. അവര്‍ക്ക് ലക്ഷണങ്ങള്‍ പരിശോധിച്ച് വിലയിരുത്തല്‍ നടത്താനും. ആവശ്യമെങ്കില്‍ ബിഹേവിയറല്‍ പീഡിയാട്രീഷ്യനെയോ സൈക്കോളജിസ്റ്റിനെയോ സൈക്കാര്‍ട്ടിസ്റ്റിനെയോ ഒക്കെ കാണിക്കാന്‍ നിര്‍ദ്ദേശിക്കുകയോ ചെയ്യാം.

Content Highlights :Learn about some of the symptoms to know if a child has ADHD (Attention Deficit Hyperactivity Disorder).

To advertise here,contact us