പ്രായമാകുമ്പോൾ തലച്ചോർ ചുരുങ്ങുന്നതിൻ്റെ തോത് കൂടുതൽ പുരുഷന്മാരിൽ; പക്ഷെ അൾഷിമേഴ്സ് സാധ്യത കൂടുതൽ സ്ത്രീകളിൽ!

സ്ത്രീകളുടെ തലച്ചോറിനെക്കാൾ പ്രായമാകുന്നതിന് അനുസരിച്ച് പുരുഷന്മാരുടെ തലച്ചോറാണ് പെട്ടെന്ന് ചുരുങ്ങുന്നതെന്ന് പുതിയ പഠന റിപ്പോർട്ട് പറയുന്നു

പ്രായം കൂടുന്നതിന് അനുസരിച്ച് ന്യൂറോജനറേറ്റീവ് അസുഖങ്ങളായ അൽഷിമേഴ്‌സ് ഉൾപ്പെടെ ഉണ്ടാവാനുള്ള സാധ്യതയേറെയാണ്. ഒരാൾ പ്രായമാകുന്നത് അനുസരിച്ച് അയാളുടെ തലച്ചോറിന്റെ വ്യാപ്തി ചുരുങ്ങും. അതായത് തലച്ചോറിനുള്ളിലെ ഗ്രേ ആൻഡ് വൈറ്റ് മാറ്ററുകൾ പതിയെ നഷ്ടമായി തുടങ്ങും. സ്ത്രീകളുടെ തലച്ചോറിനെക്കാൾ പ്രായമാകുന്നതിന് അനുസരിച്ച് പുരുഷന്മാരുടെ തലച്ചോറാണ് പെട്ടെന്ന് ചുരുങ്ങുന്നതെന്ന് പുതിയ പഠന റിപ്പോർട്ട് പറയുന്നു. പക്ഷേ പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് അൽഷിമേഴ്‌സ് രോഗം പിടിപെടുന്നത്. അൽഷിമേഴ്‌സുമായി ബന്ധപ്പെട്ട് PNAS എന്ന ജേർണലിൽ വന്ന പുതിയ പഠനം ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്.

തലച്ചോറ് ചുരുങ്ങുന്നത് സ്ത്രീയിലും പുരുഷനിലും വ്യത്യസ്തമാണെന്ന് പഠനം വ്യക്തമാക്കുന്നു. സ്ത്രീകളെക്കാൾ വേഗത്തിൽ പ്രായമാകുമ്പോൾ പുരുഷന്മാരുടെ തലച്ചോറ് ചുരുങ്ങും. തലച്ചോറ് ചുരുങ്ങുന്നതും ന്യൂറോജനറേറ്റീവ് അസുഖങ്ങളുമായി വലിയ ബന്ധമാണുള്ളത്. സ്ത്രീകളിലാണോ പുരുഷന്മാരിലാണോ ബ്രെയിൻ ടിഷ്യു, ഗ്രേ - വൈറ്റ് മാറ്ററുകൾ വേഗത്തിൽ ചുരുങ്ങുന്നത് എന്ന് അറിയാനാണ് പഠനത്തിൽ ഗവേഷകർ ശ്രമിച്ചത്. ബ്രെയിനിലെ കോർട്ടക്‌സ് പുരുഷന്മാരിൽ പെട്ടെന്ന് ചുരുങ്ങി ചെറുതാവുന്നതായി മനസിലാക്കാൻ കഴിഞ്ഞുവെന്നാണ് ഗവേഷകർ പറയുന്നത്. കോർട്ടക്‌സാണ് ചിന്തകൾ, ഓർമകൾ, തീരുമാനം എടുക്കൽ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രധാന ഭാഗങ്ങളിലൊന്നാണ്.

അതേസമയം സ്ത്രീകളിലും പുരുഷന്മാരിലും പ്രായമാകുന്നത് വരെ ഓർമകളുമായി ബന്ധപ്പെട്ട ഹിപ്പോകാമ്പസ് ചുരുങ്ങുന്നതിൽ വ്യത്യാസങ്ങളൊന്നമില്ല. ജീവിതത്തിന്റെ അവസാന ഘട്ടങ്ങളിലേക്ക് എത്തുമ്പോഴാണ് സ്ത്രീകളിൽ ഇത് ചുരുങ്ങാൻ ആരംഭിക്കുന്നത്. ഇതിനർത്ഥം സ്ത്രീകളിൽ ന്യൂറോജനറേറ്റീവ് അസുഖങ്ങളുണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണെന്നല്ല, മറിച്ച് അവർ ദീർഘകാലം ജീവിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ഗവേഷകർ പറയുന്നു.

അൽഷിമേഴ്‌സ് ഉള്ളവരിൽ തലച്ചോറ് ചുരുങ്ങുന്നത് സാധാരണയാണ്. സ്ത്രീകളിലാണ് അൽഷിമേഴ്‌സ് ബാധിക്കാൻ സാധ്യത കൂടുതലും. എന്നാൽ സ്ത്രീകളെക്കാൾ മുമ്പ് തലച്ചോർ ചുരുങ്ങാൻ ആരംഭിക്കുന്ന പുരുഷന്മാർക്ക് ഈ അസുഖം പിടിപെടുന്നത് താരതമ്യേന കുറവുമാണ് . ബ്രെയിൻ ചുരുങ്ങുന്നത് എല്ലാ സാഹചര്യത്തിലും അത്തരം അവസ്ഥയുള്ളവർക്ക് അൽഷിമേഴ്‌സ് ഉണ്ടാകാനുള്ള സാധ്യതയായി കാണാന്‍ കഴിയില്ലെന്ന് ഗവേഷകർ പറയുന്നു. സാധാരണ പ്രായമാകുന്നതിന്റെ ലക്ഷണം മാത്രമാകാം അത്. അതേസമയം മറുവശത്ത് പുരുഷന്മാരിൽ നിന്നും വ്യത്യസ്തമായി സ്ത്രീകളിൽ എന്തുകൊണ്ട് അൽഷിമേഴ്‌സ് പിടിപെടുന്നു എന്ന് കണ്ടെത്താൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും പഠനത്തിൽ പറയുന്നു.Content Highlights: Men's brain shrink faster than Women, bt there is something related to Alzheimer's

To advertise here,contact us