'ഇഡ്ഢലി ആള് ചില്ലറക്കാരനല്ല'; കാരണം ഇതാണ്

രാവിലെ ഇഡ്ഢലി കഴിക്കുന്നതിൻ്റെ ഗുണങ്ങള്‍

പലരുടെയും പ്രഭാത ഭക്ഷണത്തിലെ പ്രധാന താരമാണ് ഇഡ്ഢലി. പ്രത്യേകിച്ച് തെക്കേ ഇന്ത്യക്കാരുടെ. പല പഠനങ്ങളും പറയുന്നത് പ്രകാരം ഏറ്റവും ആരോഗ്യകരമായ പ്രഭാത ഭക്ഷണങ്ങളില്‍ ഒന്നാണ് ഇഡ്ഢലി. എന്തുകൊണ്ടാണ് ഇഡ്ഢലി ആരോഗ്യകരമായ പ്രഭാത ഭക്ഷണമാണെന്ന് പറയാനുള്ള കാരണമെന്ന് നോക്കാം.

ഇഡ്ഢലി ആവിയില്‍ വേവിച്ചെടുക്കുന്ന പുളിപ്പുള്ള ഭക്ഷണമായതിനാല്‍ കുടലിലെ നല്ല ബാക്ടീരിയകള്‍ വളരുന്നതിനും ദഹനം എളുപ്പമാക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ടു തന്നെ അസിഡിറ്റി, വയറുവീര്‍ക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്ക് പ്രഭാത ഭക്ഷണമായി ഇഡ്ഢലി തെരഞ്ഞെടുക്കുന്നത് ഉത്തമമായിരിക്കും.

ആവിയില്‍ വേവിച്ചെടുക്കുന്നതിനാല്‍ കൊഴുപ്പ് കുറവാണ്. എണ്ണപോലുള്ള കൊഴുപ്പ് അടങ്ങിയവയൊന്നും ചേര്‍ക്കാത്തതിനാല്‍ ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ് ഇഡ്ഢലി. ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ 2018-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ പ്രഭാത ഭക്ഷണത്തേക്കാള്‍ കുറഞ്ഞ കൊഴുപ്പ് ഓപ്ഷനുകള്‍ ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തെ സഹായിക്കുമെന്ന് കണ്ടെത്തി. സാമ്പാറിനൊപ്പമാണ് ഇഡ്ഢലി കഴിക്കുന്നതെങ്കില്‍ അതില്‍ ഉള്‍പ്പെടുത്തിയ പച്ചക്കറികളിലെ ആന്റിഓക്സിഡന്റുകളും നാരുകളും ഹൃദയത്തിന്റെ പ്രവര്‍ത്തനം മികച്ച രീതിയില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ഒരു മീഡിയം ഇഡ്ഢലിയില്‍ ഏകദേശം 35 മുതല്‍ 50 വരെ കലോറിയാണ് അടങ്ങിയിട്ടുള്ളത്. ഇത് പെട്ടെന്ന് തന്നെ വയറു നിറയുന്നതിന് കാരണമാകുന്നു. ഇത് ദിവസം മുഴുവന്‍ കലോറി നിയന്ത്രിക്കാന്‍ സാധിക്കുന്നു.

പുളിപ്പിച്ച ഭക്ഷണങ്ങള്‍ കുടലിന് ഗുണം ചെയ്യുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ടു തന്നെ ഇഡ്ഢലി കഴിക്കുന്നത് കുടലില്‍ നല്ല ബാക്ടീരിയകള്‍ വളരുന്നതിന് കാരണമാകുന്നു. മികച്ച കുടല്‍ മെച്ചപ്പെട്ട മാനസികാവസ്ഥ, നല്ല ചര്‍മ്മം, കൂടിയ പ്രതിരോധശേഷി എന്നിവയ്ക്ക് കാരണമാകുന്നു.

Content Highlights: benefits of idli breakfast

To advertise here,contact us