വായില്‍ ഈ പ്രശ്നങ്ങളുണ്ടോ? ഗുരതരമായേക്കാവുന്ന അസുഖത്തിന്റെ ആദ്യ അടയാളമാകാം

സാധാരണ ഡോക്ടർമാരെക്കാൾ വേഗത്തിൽ ഈ ലക്ഷണങ്ങള്‍ ഒരു ദന്തഡോക്ടർക്ക് മനസിലാകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു

വായയിൽ മോണയിലുണ്ടാവുന്ന രക്തസ്രാവം പല്ലുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നമായാകും ആദ്യം കണക്കാക്കുക. പക്ഷേ ഇത്തരം ലക്ഷണങ്ങളെ തള്ളിക്കളയരുതെന്ന മുന്നറിയിപ്പാണ് ദന്തഡോക്ടർമാർ വരെ നൽകുന്നത്. കാരണം ഇത്തരം രക്തസ്രാവം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും ഉണ്ടാകാം. പല്ലിന്റെയും വായയുടെയും പ്രശ്‌നമായി മാത്രം കണ്ട് ഇതിന്റെ ഗൗരവം തള്ളിക്കളയുന്നവർക്കുള്ള മുന്നറിയിപ്പാണിത്.

നിങ്ങളുടെ ധമനികളിൽ ഉണ്ടാവുന്ന പ്രശ്‌നങ്ങളുടെ പ്രതിഫലമാവാം മോണയിൽ പ്രതിഫലിക്കുന്നത്. സാധാരണ ഡോക്ടർമാരേക്കാൾ വേഗത്തിൽ ഇതൊരു ദന്തഡോക്ടർക്ക് മനസിലാകുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. മോണയിലുണ്ടാവുന്ന വീക്കവും ഇത്തരത്തിലുള്ള സൂചനയാവാമെന്ന് ക്രോയേഷ്യയിലെ ഓറൽ സർജനായ ഡോ ആൻഡ്രെക്‌സ് ബോസിക്ക് പറയുന്നു.

' മോണയിലെ വീക്കം, രക്തസ്രാവം അല്ലെങ്കിൽ പല്ലിൽ നിന്നും മോണ തള്ളി നിൽക്കുന്ന അവസ്ഥ എന്നിവ വായയിൽ മാത്രം അവസാനിക്കുന്ന കാര്യമല്ല അത് നിങ്ങളുടെ ധമനികളെ ഹൃദയത്തെ മുഴുവൻ രക്തചംക്രമണ വ്യവസ്ഥയെ തന്നെ ബാധിക്കാം'- ഡോക്ടർ വ്യക്തമാക്കുന്നു.

പല്ലുകളിൽ പ്ലാക്ക്(plaque) അടിയുമ്പോഴാണ് അസ്വസ്ഥതകളും അണുബാധയും മോണകളിലുണ്ടാവുന്നത്. അവസാനം ഇത് മോണവീക്കത്തിലേക്ക് മാറും. പിന്നീട് സംഭവിക്കുന്നത് ഈ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകൾ നമ്മുടെ രക്തക്കുഴലുകളിൽ പ്രത്യേകിച്ച് ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കുന്നു. ഇതിനെ അതീരോസ്‌ക്ലീറോസിസ് എന്ന് വിളിക്കാം. ഈ സാഹചര്യം ഹൃദയാഘാതം, പക്ഷാഘാതം, മറ്റ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് വഴിവയ്ക്കുമെന്നും ഡോക്ടർ ബോസിക്ക് വിശദീകരിക്കുന്നു.

മോണയിലെ വീക്കം ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ അത് ഗുരുതരമായ അവസ്ഥയിലേക്ക് കടന്ന രോഗികളിൽ ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടാവുമെന്ന് ഗവേഷകരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതായത് മോണയിലെ രക്തസ്രാവം ദന്തങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നം മാത്രമല്ല, അത് മുഴുവൻ ശരീരവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. വായയുടെയും പല്ലിന്റെയും സുരക്ഷയാണ് ഈ അവസ്ഥ ഒഴിവാക്കാനുള്ള പ്രധാന പരിഹാരം.

ദിവസം രണ്ടുനേരം പല്ലു തേക്കണം, ഫ്‌ളോസിങ് കൃത്യമായി ചെയ്യണം, കൃത്യമായി പല്ലുകളുടെ പരിശോധന നടത്തുന്നതും ഗുണകരമാണെന്ന് അദ്ദേഹം പറയുന്നു. ഇത്തരം പ്രശ്‌നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മാത്രമല്ല നിരന്തരം ഈ രീതിയാണ് പിന്തുടരേണ്ടതെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. നിങ്ങൾ പല്ലുതേയ്ക്കുമ്പോൾ രക്തം കണ്ടാൽ നിങ്ങളുടെ ശരീരം ചിലത് ഓർമിപ്പിക്കുകയാണ് എന്ന് വേണം മനസിലാക്കാൻ. തീർന്നില്ല, അധികമായി പഞ്ചസാര കഴിക്കുന്നത് കുറയ്ക്കുക, പുകവലി ഉപേക്ഷിക്കുക, പോഷകാഹാരം കഴിക്കുക എന്നീ ഉപദേശവും അദ്ദേഹം നൽകുന്നുണ്ട്.Content Highlights: Bleeding contents may be a sign of heart disease

To advertise here,contact us