എന്താണെന്ന് അറിയില്ല ആകെയൊരു ടെൻഷൻ.. ഈ ഡയലോഗ് പറയുന്നവരുടെ ശ്രദ്ധയ്ക്ക്. വെറുതെ ടെൻഷനടിച്ച് സമയം കളയാതെ മതിയായ രീതിയിൽ വെള്ളം കുടിക്കാറുണ്ടോ എന്നൊന്ന് ആലോചിക്കണം. വെള്ളം കുടിച്ചില്ലെങ്കിൽ അത് സമ്മർദ്ദത്തിന് ഇടയാക്കുമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.
ലിവർപൂളിലെ ജോൺമൂർസ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തെ കുറിച്ച് ജേർണൽ ഒഫ് അപ്ലയ്ഡ് ഫിസിയോളജിയിലാണ് ഇക്കാര്യത്തെ കുറിച്ച് പറയുന്നത്. ഒരു ദിവസം എത്ര ലിറ്റർ വെള്ളമാണ് കുടിക്കേണ്ടതെന്ന് പലർക്കും അറിയില്ല. ഒന്നര ലിറ്ററിൽ കുറവാണ് ഒരാൾ ഒരു ദിവസം കുടിക്കുന്ന വെള്ളത്തിന്റെ അളവെങ്കിൽ സൂക്ഷിക്കണം. ഇത്തരക്കാരുടെ ശരീരത്തിൽ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കൂടുമെന്ന് പഠനം വ്യക്തമാക്കുന്നു.
സർവകലാശാലയിലെ ഗവേഷകർ 62 പേരിലാണ് പഠനം നടത്തിയത്. ഒന്നര ലിറ്ററിൽ കുറവ് വെള്ളം കുടിക്കുന്നവരെയും ആവശ്യത്തിന് വെള്ളം കുടിക്കുന്നവരെയും രണ്ടായി തരംതിരിച്ചു. കുറഞ്ഞ അളവിൽ വെള്ളം കുടിക്കുന്നവരിൽ കോർട്ടിസോളിന്റെ അളവ് കൂടുന്നതായും അവരിൽ ശാരീരിക മാനസിക പ്രശ്നങ്ങൾ ഉണ്ടാകുന്നതായും ഗവേഷകർ മനസിലാക്കി.
സ്ട്രെസ് കൂടുന്നത് ഒരു വശത്ത് നിൽക്കുമ്പോൾ, കോർട്ടിസോളിന്റെ സാന്നിധ്യം ഹൃദയസംബന്ധമായ അസുഖങ്ങൾക്കും കാരണമാകാം. വൃക്കയുടെ പ്രവർത്തനത്തെയും ഇത് ബാധിക്കും. മാത്രമല്ല പ്രമേഹ സാധ്യതയും തള്ളിക്കളയാനാകില്ലെന്നാണ് പഠനം പറയുന്നത്. മൂത്രം കടുത്ത മഞ്ഞനിറമാണെങ്കിൽ അത് നിർജ്ജലീകരണത്തെയാണ് സൂചിപ്പിക്കുന്നത്.
ഒരു വ്യക്തി ഒരു ദിവസം ആറു മുതൽ എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണമെന്നാണ് നാഷണൽ ഹെൽത്ത് സർവീസ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം പ്രായം, ശരീരഭാരം, ആരോഗ്യമുൻഗണനകൾ എന്നിവയെയും അടിസ്ഥാനമാക്കി വെള്ളത്തിന്റെ അളവ് നിശ്ചയിക്കേണ്ട സാഹചര്യവും ഉണ്ടാവും.
Content Highlights: Does drinking water and stress have any relation