ജലദോഷമില്ല പക്ഷെ വായില്‍ എല്ലായ്‌പ്പോഴും കഫം; കാരണമിതാണ്

ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വരുത്തി ഒരു പരിധി വരെ നിയന്ത്രിക്കാനായി സാധിക്കും.

ജലദോഷമോ, പനിയോ ഇല്ല പക്ഷെ, എല്ലായ്‌പ്പോഴും തൊണ്ടയില്‍ കഫം തടഞ്ഞിരിക്കുന്നപോലെയുള്ള തോന്നലും അസ്വസ്ഥതയും. ഇത് മറികടക്കാനായി എല്ലായ്‌പ്പോഴും ചുമച്ചുകൊണ്ടിരിക്കുക. എന്താണ് ഇതിന് കാരണമെന്ന് ചിന്തിച്ചിട്ടുണ്ടോ? ആ കാരണങ്ങള്‍ എന്താണെന്ന് നോക്കാം.

ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്‌ളക്‌സ് ഡിസീസ് അഥവാ ജിഇആര്‍ഡി

ദഹനപ്രക്രിയയെ സഹായിക്കുന്ന ആസിഡ് അന്നനാളത്തിലേക്ക് തിരിച്ചുകയറുന്നതാണ് ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്‌ളക്‌സ് ഡിസീസ് അഥവാ ജിഇആര്‍ഡി എന്ന അസുഖം. ഇങ്ങനെ വരുന്ന ആസിഡ് തൊണ്ടയില്‍ അസ്വസ്ഥതയുണ്ടാക്കും. ഇത് തടയുന്നതിനായി കൂടുതല്‍ കഫം ഉല്പാദിപ്പിക്കപ്പെടും. ഇതാണ് എല്ലായ്‌പ്പോഴും തൊണ്ടയില്‍ കഫം തടഞ്ഞിരിക്കുന്നതിനുള്ള ഒരു കാരണം. ജിഇആര്‍ഡിയുമായി ബന്ധപ്പെട്ടാണ് നിങ്ങള്‍ക്ക് തൊണ്ടയില്‍ കഫം നിറയുന്നതെങ്കില്‍ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങള്‍ വരുത്തി ഇത് ഒരു പരിധി വരെ നിയന്ത്രിക്കാനായി സാധിക്കും.

സൈനസൈറ്റിസ്

സൈനസൈറ്റിസ് ഉള്ളവരില്‍ നേസല്‍ കാവിറ്റിയിലൂടെ, മൂക്കിന്റെ പുറകുവശത്തൂടെ തൊണ്ടയില്‍ കഫം നിറയാന്‍ സാധ്യത കൂടുതലാണ്. ശ്വാസകോശ രോഗങ്ങള്‍, അലര്‍ജി എന്നിവയുള്ളവരില്‍ ഇത് കൂടുതലായിരിക്കും. ഇവരില്‍ പോസ്റ്റ്്‌നേസല്‍ ഡ്രിപ്പ് എന്ന പേരില്‍ ഇത് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പലപ്പോഴും ഉണര്‍ന്നെണീക്കുമ്പോള്‍ വായില്‍ കഫം നിറഞ്ഞിരിക്കുന്നത് പോലെയുള്ള തോന്നലിന് ഒരു കാരണവും ഇതാണ്. മൂക്കില്‍ ദശയുള്ളവര്‍, മൂക്കിന്റെ പാലത്തില്‍ വളവുള്ളവര്‍ എന്നിവരില്‍ ഈ വ്യത്യാസം അനുഭവപ്പെടാറുണ്ട്.

പുകവലി

പുകവലിക്കുന്നവരിലും കഫം ഉല്പാദനം കൂടുതലായിരിക്കും. പുകവലി കട്ടിയുള്ള കഫം ഉല്പാദനം വര്‍ധിപ്പിക്കുകയും ശ്വാസമെടുക്കുന്നത് തടസ്സപ്പെടുത്തുകയും ചെയ്യും. അന്തരീക്ഷമലിനീകരണവും ഇതിന് കാരണമാകാം.

Content Highlights: Stuck Mucus in Throat?

To advertise here,contact us