ജീവിതത്തില്‍ വിഷമിക്കാതിരിക്കണോ ? ഈ മനഃശാസ്ത്ര തന്ത്രങ്ങള്‍ അറിഞ്ഞിരുന്നോളൂ

ചില കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ ജീവിതത്തില്‍ വിഷമിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാം

നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്ന പല സമ്മര്‍ദ്ദങ്ങള്‍ക്കും കാരണം നമ്മുടെ ചിന്തകള്‍ തന്നെയാണ്. നമ്മള്‍ എങ്ങനെയാണ് കാര്യങ്ങളെ മനസിലാക്കുകയും പ്രതികരിക്കുകയും ചെയ്യുന്നത് എന്നതനുസരിച്ചാണ് നമ്മുടെ മനസമാധനവും. സമാധാനം കവര്‍ന്നെടുക്കുന്ന ഏതെങ്കിലും വ്യക്തികളോ കാരണങ്ങളോ എപ്പോഴും നിത്യ ജീവിതത്തിൽ ഉണ്ടാവാം. ആരെങ്കിലും നിങ്ങളെ കുറ്റപ്പെടുത്തുക, പരുഷമായി ഇടപെടുക, ജോലിയുടെ സമ്മര്‍ദ്ദം അങ്ങനെ പല കാരണങ്ങള്‍ നിങ്ങളുടെ മനസമാധാനം കവര്‍ന്നെടുത്തേക്കാം. എന്നാല്‍ ഈ സമ്മര്‍ദ്ദ ഘടകങ്ങളെ എങ്ങനെ നിങ്ങള്‍ മനസിലാക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ സമാധാനം.

പ്രതികരിക്കുന്നതിന് മുന്‍പ് ചിന്തിക്കുക

നിങ്ങളോട് ആരെങ്കിലും മോശമായി പെരുമാറുകയോ പ്രകോപിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കുകയോ ചെയ്താല്‍ വൈകാരികമായി തിരിച്ച് പ്രതികരിക്കുക സ്വാഭാവികമാണ്. അത് ചിലപ്പോള്‍ സാഹചര്യങ്ങള്‍ വഷളാക്കുകയോ പറഞ്ഞതില്‍ ഖേദിക്കാനോ ഇടയാക്കും. പകരം ആരോടെങ്കിലും തിരിച്ച് പ്രതികരിക്കുന്നതിന് മുന്‍പ് 5-10 സെക്കന്റ് മൗനമായിരിക്കുക. ഈ മൗനം നിങ്ങളെ കൂടുതല്‍ കരുത്തരാക്കുകയേയുള്ളൂ.

കാഴ്ചപ്പാടുകള്‍ മാറ്റുക

എന്തെങ്കിലും കാര്യത്തെ ഓര്‍ത്ത് വിഷമിക്കാനിടയുണ്ടാവുകയോ ചിന്തകള്‍ അലട്ടുകയോ ചെയ്യുമ്പോള്‍ ലളിതമായ ഒരു ചോദ്യം സ്വയം ചോദിക്കുക. ' ഇപ്പോള്‍ ഞാന്‍ വിഷമിക്കുന്ന കാര്യത്തിന് ഒരു ആഴ്ചയോ ഒരു മാസമോ, ഒരു വര്‍ഷമോ കഴിഞ്ഞാല്‍ പ്രസക്തിയുണ്ടാവുമോ'. മിക്കവാറും നിങ്ങള്‍ക്ക് ലഭിക്കുന്ന ഉത്തരം ഇല്ല എന്നായിരിക്കും. ഈ പ്രവൃത്തി ചെറിയ അസ്വസ്ഥതകളൊക്കെ ഇല്ലാതാക്കാന്‍ സഹായിക്കും.

മാനസികമായി അതിരുകള്‍ നിശ്ചയിക്കുക

മറ്റുള്ളവരുമായി എപ്പോഴും മാനസികമായ ഒരു അകലം സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ എല്ലാവര്‍ക്കും വായിക്കുവാനുള്ള ഒരു പുസ്തകമാകാതിരിക്കുക. എല്ലാവരുടെയും അഭിപ്രായങ്ങള്‍ നിങ്ങളുടെ തല ചൂടുപിടിപ്പിക്കാന്‍ അനുവദിക്കാതിരിക്കുക. ആവശ്യമുള്ളവരെ മാത്രം, ആവശ്യമുളള കാര്യങ്ങള്‍ മാത്രം മനസിലേക്കെടുക്കാന്‍ ശീലിക്കുക.

മാറ്റാന്‍ കഴിയാത്തതില്‍നിന്ന് സ്വയം വേര്‍പെടുക

നിങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത കാര്യങ്ങളില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കാന്‍ ശീലിക്കുക. നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്ന കാര്യങ്ങളില്‍ നിന്നും, അലട്ടുന്ന പ്രശ്‌നങ്ങളില്‍നിന്നും ഒക്കെ. ' എനിക്ക് അത് മാറ്റാന്‍ കഴിയുന്നില്ലെങ്കില്‍ ഞാന്‍ ആ കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താതിരിക്കുന്നതല്ലേ നന്ന്' എന്ന് സ്വയം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുക.

'ഗ്രേ റോക്ക് ടെക്‌നിക്'

ടോക്‌സിക് ആയ ആളുകള്‍ അവരുടെ കാര്യം നേടിയെടുക്കാനായി നാടകീയമായും വൈകാരികമായും മറ്റുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിക്കും. അത്തരത്തിലുള്ള ആളുകളെ നേരിടാനുള്ള ശക്തമായ മനശാസ്ത്ര ടെക്‌നിക് ആണ് ഗ്രേ റോക്ക് ടെക്‌നിക് . അതായത് പാറപോലെ ഉറച്ചിരുക്കുക എന്നത്. അവര്‍ എന്ത് തരത്തിലുളള ടെക്‌നിക്ക് പ്രയോഗിച്ചാലും നിങ്ങളെ അത് ബാധിക്കില്ല എന്ന രീതിയില്‍ ഇരിക്കുക. അങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളെ പ്രകോപിപ്പിച്ചിട്ട് കാര്യമില്ല എന്ന തോന്നല്‍ അവര്‍ക്ക് ഉണ്ടാകും.

ഒരു നെഗറ്റീവില്‍ ശ്രദ്ധിക്കുന്നതിന് പകരം ബാക്കിയുള്ള പോസിറ്റീവ് വശങ്ങളില്‍ ശ്രദ്ധിക്കുക

എപ്പോഴും ഓര്‍ക്കേണ്ട ഒരു കാര്യമാണ് നിങ്ങളുടെ ശ്രദ്ധ നിങ്ങളുടെ ഏറ്റവും വിലപ്പെട്ട കാര്യമാണ്. എന്തെങ്കിലും ഒരു നെഗറ്റീവ് കണ്ടാല്‍ അതില്‍ ശ്രദ്ധിക്കുന്നതിന് പകരം ബാക്കിയുളള നൂറ് പോസിറ്റീവ് വശങ്ങളില്‍ ശ്രദ്ധിക്കാന്‍ ശ്രമിക്കുക. ഞാന്‍ പ്രശ്‌നത്തിലാണ്, എനിക്ക് എപ്പോളും മോശം മാത്രമേ സംഭവിക്കൂ എന്ന് ചിന്തിക്കുന്നതിന് പകരം ' കുഴപ്പമില്ല എല്ലാവര്‍ക്കും തെറ്റുപറ്റും, ഇതില്‍നിന്ന് എനിക്ക് പഠിക്കാന്‍ സാധിക്കും' എന്ന് ചിന്തിക്കുക.

Content Highlights :Want to avoid worrying in life? Know these psychological tricks

To advertise here,contact us