മൂത്രത്തിന്റെ നിറംമാറ്റത്തിന് പിന്നിലെ കാരണങ്ങള്‍ ഇവയാകാം

മൂത്രത്തിന്റെ നിറം മങ്ങിയിരിക്കുന്നതിന് പിന്നില്‍ ഇക്കാര്യങ്ങളൊക്കെയാവാം

മൂത്രത്തിന്റെ നിറംമാറ്റം നമ്മേ അസ്വസ്ഥതപ്പെടുത്തിയേക്കാം. പലപ്പോഴും നേരിയ അണുബാധകളോ ഭക്ഷണക്രമത്തിലെ വ്യത്യാസങ്ങളോ ഇതിന് കാരണമാകാമെങ്കിലും ചില അവസരങ്ങളില്‍ അണുബാധകളും വ്യക്കപ്രശ്‌നങ്ങളും ഈ നിറവ്യത്യാസത്തിന് കാരണമായേക്കാം. മൂത്രത്തിലെ മങ്ങലിന്റെ കാരണങ്ങളെക്കുറിച്ചും അതിന്റെ സാഹചര്യത്തെക്കുറിച്ചും അറിയാം.

നിര്‍ജലീകരണം

ആവശ്യത്തിന് വെള്ളം കുടിക്കാത്തത് മൂത്രത്തിന്റെ നിറവ്യത്യാസത്തിന് കാരണമാകും. അതുകൊണ്ടുതന്നെ വെള്ളംകുടിക്കുന്നതിന്റെ അളവ് വര്‍ധിപ്പിക്കുക. ഒരു ദിവസം കുറഞ്ഞത് അഞ്ചോ ആറോ ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.

മൂത്രനാളിയിലെ അണുബാധ(UTI)

മൂത്രനാളിയിലെ ബാക്ടീരിയ അണുബാധമൂലം മൂത്രത്തിന്റെ നിറത്തില്‍ മാറ്റമുണ്ടാകാം. നിറംമാറ്റത്തോടൊപ്പം വേദന, ദുര്‍ഗന്ധം എന്നിവയും ഉണ്ടാകുന്നു. ഇങ്ങനെയുണ്ടെങ്കില്‍ ഒരു യൂറോളജിസ്റ്റിനെ കണ്ട് പരിശോധനകള്‍ നടത്തേണ്ടതുണ്ട്.

ലൈംഗിക അണുബാധകള്‍ (STI)

ഗൊണേറിയ അല്ലെങ്കില്‍ ക്ലമീഡിയ പോലെയുളള അണുബാധകള്‍ മൂത്രനാളിയെ ബാധിച്ചേക്കാം. ഇത് പരിശോധനയിലൂടെ അറിയാന്‍ സാധിച്ചേക്കും.

വൃക്കയിലെ കല്ലുകള്‍

വൃക്കയിലെ കല്ലുകള്‍ മൂത്രനാളിയില്‍ മുറിവുണ്ടാക്കുകയും മൂത്രത്തിലൂടെ രക്തസ്രാവം ഉണ്ടാകാനിടയാക്കുകയും ചെയ്യും. മാത്രമല്ല മൂടിക്കെട്ടിയ മൂത്രം, വേദന എന്നിവയും ഉണ്ടാവാം. നടുവിനും വശങ്ങളിലും മൂത്രമൊഴിക്കുമ്പോഴും വേദനയുണ്ടാവാം. അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ സിടി സ്‌കാന്‍ പോലെയുളള ഇമേജിംഗ് പരിശോധനകളിലൂടെ വ്യക്കയിലെ കല്ലുകള്‍ തിരിച്ചറിയാന്‍ സാധിക്കും. ചെറിയ കല്ലുകളാണെങ്കില്‍ ധാരാളം വെള്ളം കുടിക്കുമ്പോള്‍ മൂത്രത്തിലൂടെ കടന്നുപോകും. അങ്ങനെ അല്ലാത്ത കേസുകളില്‍ മരുന്നിന്റെ സഹായം ആവശ്യമായി വന്നേക്കാം.

മൂത്രത്തിലെ അധിക പ്രോട്ടീന്‍

ചില വൃക്കരോഗികളില്‍ മൂത്രത്തില്‍ പ്രോട്ടീന്റെ അളവ് കൂടുതലായിരിക്കും. ഇങ്ങനെയുള്ളവര്‍ക്ക് മൂത്രത്തില്‍ നുരയും പതയും ഉണ്ടാകാനും മൂത്രത്തിന്റെ നിറം മങ്ങാനും ഇടയുണ്ട്.

സ്ത്രീകളിലെ യോനീശ്രവം

യോനിയിലെ സ്രവങ്ങള്‍ അല്ലെങ്കില്‍ യോനിയിലെ അണുബാധയുണ്ടാകുമ്പോഴുള്ള (ബാക്ടീരിയല്‍ വാഗിനോസിസ് അല്ലെങ്കില്‍ യീസ്റ്റ് അണുബാധ)അണുക്കള്‍ മൂത്രത്തില്‍ കലര്‍ന്ന് നിറംമാറ്റമുണ്ടാകാന്‍ കാരണമാകും. ശരിയായ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്.

ഭക്ഷണം ..സപ്ലിമെന്റുകള്‍

ശതാവരി അല്ലെങ്കില്‍ ബീറ്റ്‌റൂട്ട് പോലെയുള്ള ഉയര്‍ന്ന ഫോസ്‌ഫേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ അല്ലെങ്കില്‍ വിറ്റാമിന്‍ ബി, സി എന്നിവയുടെ അമിത ഉപയോഗം മൂത്രത്തിന്റെ നിറത്തിന് മാറ്റം വരുത്തും.

പ്രമേഹം അല്ലെങ്കില്‍ പ്രീ-ഡയബറ്റിക്

രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് മൂത്രത്തിന്റെ നിറംമാറ്റത്തിന് കാരണമാകും.

എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്

  • ദിവസങ്ങളോളം മൂത്രത്തിന് നിറവ്യത്യാസമുണ്ടാവുക
  • മൂത്രമൊഴിക്കുമ്പോള്‍ വേദനയോടൊപ്പം പനി അല്ലെങ്കില്‍ മൂത്രത്തിന് ദുര്‍ഗന്ധം ഉണ്ടാവുക
  • മൂത്രമൊഴിക്കുമ്പോള്‍ രക്തം വരിക
  • മൂത്രമൊഴിക്കുന്ന ഇടവേളകള്‍ക്കുള്ള വ്യത്യാസം ഉണ്ടാവുക

Content Highlights :Infections and urinary problems can cause urine discoloration

To advertise here,contact us