ഇന്ന് എല്ലാവരും ആരോഗ്യ കാര്യങ്ങളില് പതിവിലേറെ ശ്രദ്ധ പുലര്ത്തുന്നവരാണ്. ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സും കാത്തുസൂക്ഷിക്കേണ്ടത് ജീവിതത്തില് അത്യാവശ്യമാണ്. അതിനാദ്യം വേണ്ടത് ഭക്ഷണകാര്യങ്ങളില് ഉണ്ടായിരിക്കേണ്ട ശ്രദ്ധയാണ്. കണ്ടതെല്ലാം വാരിവലിച്ച് കഴിച്ച് അമിതഭാരം സ്വയം ഉണ്ടാക്കിവയ്ക്കാതിരിക്കുക എന്നുള്ളതാണ് അതില് പ്രധാനം.
പ്രകൃത്യാലുള്ള ഭക്ഷണം കഴിച്ച് ഭാരം കുറയ്ക്കാന് ആഗ്രഹിക്കുന്നവര്ക്ക് ഒരു അനുഗ്രഹമാണ് ബാര്ലി. നിറയെ ഫൈബര് അടങ്ങിയിട്ടുള്ള ബാര്ലിയില് ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. സൂപ്പുകള്, സ്റ്റ്യൂ, ബ്രഡ് എന്നിവ ബാര്ലി ഉപയോഗിച്ച് നിര്മിക്കുന്നുണ്ട്. ഭാരം കുറയാന് എങ്ങനെയാണ് ബാര്ലി സഹായകമാവുകയെന്ന് നോക്കാം.
ബാര്ലി വെള്ളം ഭാരം കുറയാന് നല്ല പോലെ സഹായിക്കുന്ന ഒന്നാണ്. ഇത് കുടിക്കുന്നത് ദഹനം നല്ല രീതിയില് മെച്ചപ്പെടുത്തും. വയറ് നിറഞ്ഞിരിക്കുന്നത് പോലെ കുറേ നേരത്തേക്ക് തോന്നും. ശരീരത്തില് ഈര്പ്പം നിലനിര്ത്തുന്നതിന് സഹായിക്കും. ധാരാളം കാലറി അടങ്ങിയിട്ടുള്ള ഇതില് കൊഴുപ്പ് തീരെ ഇല്ല. ബാര്ലി വെള്ളം കുടിക്കുകയാണെങ്കില് വിശപ്പുതോന്നാത്തതിനാല് ഇടനേര ഭക്ഷണം ഒഴിവാക്കാനായി സാധിക്കും. കൃത്യമായ ഡയറ്റിനും വ്യായാമത്തിനുമൊപ്പം ബാര്ലി വെള്ളം പതിവാക്കിയാല് ഭാരം കുറയാന് ഇതിനേക്കാള് നല്ല മറ്റുമാര്ഗമില്ല.
കൊളസ്ട്രോള് കുറയ്ക്കും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. ഇതില് ധാരാളം വിറ്റമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുള്ളതിനാല് ആരോഗ്യം മെച്ചപ്പെടുത്തും. കാന്സര് സാധ്യത ഒരു പരിധി വരെ കുറയ്ക്കും. മൂത്രസംബന്ധമായ അസുഖങ്ങള്ക്ക് ഇത് വളരെ നല്ല ഒരു മരുന്നാണ്.
എങ്ങനെ തയ്യാറാക്കാം
ബാര്ലി നന്നായി കഴുകി എടുക്കുക.ഒരു സോസ്പാനില് നാരങ്ങയും ആറ് ഗ്ലാസ് വെള്ളവും ചേര്ത്ത് തിളപ്പിക്കുക. തുടര്ന്ന് തണുത്തിന് ശേഷം വെള്ളം അരിച്ചെടുക്കുക. ഇതിലേക്ക് തേന് ചേര്ത്ത് അലിയിപ്പിക്കാം. ഭാരം കുറയ്ക്കാന് ആഗ്രഹിക്കുന്നവര് മധുരം ചേര്ക്കണമെന്നില്ല. തണുക്കാനായി ഫ്രിഡ്ജില് വയ്ക്കാം. പിന്നീട് ഉപയോഗിക്കാം
ബാര്ലിയുടെ ഗുണങ്ങള് പ്രതിപാദിക്കുന്ന ലേഖനമാണ് ഇത്. ഒരു വിദഗ്ധന്റെ നിര്ദേശ പ്രകാരം മാത്രം ഈ പാനീയം ശീലമാക്കുക.
Content Highlights: Rapid Weight Loss with Barley Water and Lemon: Fact or Fiction?