പ്രതിവര്ഷം 17.9 ദശലക്ഷം ആളുകളാണ് ഹൃദ്രോഗം വന്ന് മരിക്കുന്നതെന്നാണ് കണക്കുകള്. എന്നാല് ഒരു ഹൃദയാഘാതവും പക്ഷാഘാതവും മുന്നറിയിപ്പില്ലാതെ സംഭവിക്കുന്നില്ല എന്നാണ് പുതിയ പഠനം പറയുന്നത്. ദശലക്ഷക്കണക്കിന് ആളുകളില് നടത്തിയ പഠനത്തിലൂടെയാണ് അമേരിക്കയിലെയും ദക്ഷിണകൊറിയയിലേയും ഗവേഷകര് ഈ കണ്ടുപിടുത്തം നടത്തിയത്. അമേരിക്കന് കോളജ് ഓഫ് കാര്ഡിയോളജി ജേണലില് പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഹൃദയസംബന്ധമായ പ്രശ്നങ്ങള് സംഭവിച്ച 99 ശതമാനത്തിലധികം വ്യക്തികള്ക്കും ഉയര്ന്ന രക്തസമ്മര്ദ്ദം, പ്രമേഹം, കൊളസ്ട്രോളിലെ ഏറ്റക്കുറച്ചിലുകള്, പുകവലി പോലെയുള്ള ഏതെങ്കിലും ശീലങ്ങള് ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഹൃദ്രോഗം പലപ്പോഴും നിശബ്ദമായാണ് പിടിമുറുക്കുന്നത്. ഹൃദ്രോഗത്തിന്റെ പല ലക്ഷണങ്ങളും നിസ്സാരമായി തള്ളിക്കളയാറുമുണ്ട്. തുടര്ച്ചയായ ക്ഷീണം, നേരിയ ശ്വാസതടസം, ക്രമരഹിതമായ ഹൃദയമിടിപ്പ്, ആവര്ത്തിച്ചുണ്ടാകുന്ന ദഹനക്കേട് തുടങ്ങിയ ലക്ഷണങ്ങള് ഹൃദയസംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നുവെന്ന് കാര്ഡിയോളജിസ്റ്റുകള് പറയുന്നു.
ഈ ലക്ഷണങ്ങള് നേരത്തെതന്നെ തിരിച്ചറിഞ്ഞ് വേണ്ട കരുതലുകള് സ്വീകരിക്കാവുന്നതാണ്.
രക്തസമ്മര്ദ്ദം, കൊളസ്ട്രോള്, രക്തത്തിലെ പഞ്ചസാര എന്നിവയിലെ നേരിയ വര്ധനവ് പോലും ഭാവിയിലുണ്ടാകുന്ന ഹൃദയപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.ഹൃദയാഘാതങ്ങളും പക്ഷാഘാതങ്ങളും വളരെ അപൂര്വ്വമായി മാത്രമേ അപ്രതീക്ഷിതമായി സംഭവിക്കുന്നുളളൂ. അവ നേരത്തെ കണ്ടെത്തിയാല് ജീവന് അപകടം സംഭവിക്കാതെ സംരക്ഷിക്കാനാവും.
( ഈ ലേഖനം വിവരങ്ങള് നല്കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ സംശയങ്ങള്ക്കും പ്രശ്നങ്ങള്ക്കും വിദഗ്ധ ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :Heart attacks occur rarely without warning