ചെവിയില്‍ പ്രാണി പോയാല്‍ എണ്ണ ചൂടാക്കി ചെവിയില്‍ ഒഴിക്കാറുണ്ടോ? അബദ്ധം കാണിക്കല്ലേ

പ്രാണി കൂടുതല്‍ ഉള്ളിലേക്ക് ഇറങ്ങിപ്പോകുന്നതിനും ഇയര്‍ഡ്രമില്‍ കേടുപാടുകള്‍ ഉണ്ടാകാനും ഇത് കാരണമാകും.

ചെവിയില്‍ പ്രാണി പോവുക. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ അനുഭവം ഉണ്ടായിട്ടില്ലാത്തവര്‍ കുറവായിരിക്കും. പലരും ചെവിയില്‍ പ്രാണി കയറിയാന്‍ പാനിക്കാവാറുണ്ട്. കുട്ടികളാണെങ്കില്‍ അസ്വസ്ഥത മൂലം ഭയന്ന് നിലവിളിക്കുകയും ചെയ്യും. ചിലര്‍ എണ്ണ ചൂടാക്കി ചെവിയില്‍ ഒഴിക്കും അല്ലെങ്കില്‍ ഉപ്പുവെള്ളം ഒഴിക്കും. മറ്റുചിലര്‍ വിരല്‍, ബഡ്‌സ്, ട്വീസര്‍ തുടങ്ങിയവ ചെവിയിലിട്ട് പ്രാണിയെ തുരത്താന്‍ ശ്രമിക്കും. സത്യത്തില്‍ ഇങ്ങനെ ചെയ്യുന്നത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. പ്രാണി കൂടുതല്‍ ഉള്ളിലേക്ക് ഇറങ്ങിപ്പോകുന്നതിനും ഇയര്‍ഡ്രമില്‍ കേടുപാടുകള്‍ ഉണ്ടാകാനും ഇത് കാരണമാകും. ചെവിയില്‍ പോയ പ്രാണിയെ തുരത്താന്‍ മറ്റു ചില മാര്‍ഗങ്ങള്‍ ഉണ്ട്.

ചെവിയില്‍ പോയ പ്രാണി വലിയ പിടച്ച് ശല്യം ചെയ്യുന്നില്ലെങ്കില്‍ ഏത് ചെവിയിലാണോ കയറിയത് ആ വശത്തേക്ക് തല ചെരിച്ച് അല്പ സമയം കിടന്നാല്‍ പ്രാണി പുറത്തേക്ക് ഇറങ്ങിപ്പോകും. എന്നാല്‍ ചില പ്രാണികള്‍ പിടച്ച് ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. ഇത്തരം സാഹചര്യത്തെ കരുതലോടെ വേണം നേരിടാന്‍. കാരണം ഇവ ഇയര്‍ഡ്രമിന് കേടുപാടുകള്‍ വരുത്തിയേക്കാം. ഇയര്‍ വാക്‌സിനുള്ള ഡ്രോപ്പ് ഒന്നോ രണ്ടോ തുള്ളി ചെവിയില്‍ ഇറ്റിച്ചുകൊടുക്കാം. ഓയില്‍ ബേയ്‌സ്ഡ് ആയിട്ടുള്ള മരുന്നായതിനാല്‍ പ്രാണിക്ക് അനങ്ങാന്‍ സാധിക്കാതെ വരും. അതുകൊണ്ട് പ്രാണി വല്ലാതെ അനങ്ങി പാടയ്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സാധിക്കും.

എന്നാല്‍ എല്ലാവരുടെയും വീട്ടില്‍ ഈ മരുന്ന് ഉണ്ടാകണം എന്നില്ല. അപ്പോള്‍ ചെയ്യാനാകുന്നത് ചെറിയ രീതിയില്‍ ഓയില്‍ ചെവിയില്‍ ഒഴിച്ച് പ്രാണിയെ അനങ്ങാന്‍ പറ്റാതാക്കുക എന്നുള്ളതാണ്. എന്നാല്‍ ചെവിയില്‍ സര്‍ജറി ചെയ്തിട്ടുള്ളവരോ മറ്റു പ്രശ്‌നങ്ങളുള്ളവരോ ഇതിന് മുതരരുത്. അതിനുശേഷം ഒരു ഡോക്ടറെ സമീപിച്ച് എന്‍ഡോസ്‌കോപ്പിട്ട് പ്രാണിയെ നീക്കം ചെയ്യാം.

പ്രാണി ചെവിയില്‍ പോയതിന് ശേഷം ചെവിയില്‍ വേദന, നീര്‍ക്കെട്ട്, ചെവിയില്‍ നിന്ന് ഡിസ്ചാര്‍ജ് പുറത്തേക്ക് വരിക, കേള്‍വിശക്തി നഷ്ടപ്പെടുക എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഒരു ഡോക്ടറെ വേഗത്തില്‍ കാണുക.

Content Highlights: Removing a Bug from Your Ear Safely

To advertise here,contact us