നിങ്ങള്‍ ഇരുന്ന് പണിയെടുക്കുന്നവരാണോ; നടുവിന് വേദനയുണ്ടോ?

ഇരുന്ന് ജോലി ചെയ്യുമ്പോഴുണ്ടാകുന്ന നടുവേദന ഒഴിവാക്കാന്‍ ഈ മാര്‍ഗ്ഗം ഒന്ന് പരീക്ഷിച്ചുനോക്കൂ

ഇരുന്ന് ജോലിചെയ്യുന്ന പലരും അനുഭവിക്കുന്ന പ്രശ്‌നമാണ് നടുവേദന. നടുവേദന മാത്രമല്ല തുടര്‍ച്ചയായി മണിക്കൂറുകള്‍ ഇരുന്ന് ജോലിചെയ്യുന്നത് ശരീരം അനങ്ങാതിരിക്കാനും അതുവഴി പൊണ്ണത്തടി, ഹൃദ്‌രോഗം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനും ഇടയാക്കുന്നു. അതുകൊണ്ടുതന്നെ ഇരുന്ന് ജോലി ചെയ്യുന്നവര്‍ ആരോഗ്യം നിലനിര്‍ത്താനായി അത്യാവശ്യമായി ചെയ്യേണ്ട ഒരു കാര്യമുണ്ട്.

പതിവായ നടത്തം

ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതിന് ശരീരത്തിന്റെ ചലനം നിര്‍ണായകമാണ്. ദീര്‍ഘനേരം ഇരിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസത്തെ പതുക്കെയാക്കുകയും രക്തചംക്രമണം കുറയ്ക്കുകയും പേശികളെ ദുര്‍ബലമാക്കുകയും ചെയ്യും. പതിവായി നടക്കുന്നത് കലോറി കത്തിച്ച് ഭാരം നിയന്ത്രിക്കാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സമ്മര്‍ദ്ദം മെച്ചപ്പെടുത്താനും പേശികളെയും സന്ധികളെയും ശക്തിപ്പെടുത്താനും ഒക്കെ സഹായിക്കുന്നു.

എത്ര ചുവടുകള്‍ നടക്കണം

പ്രതിദിനം 10,000 ചുവടുകള്‍ നടക്കണമെന്നാണ് ഫിറ്റ്‌നെസ് വിദഗ്ധര്‍ പറയുന്നത്. 1960കളില്‍ ജപ്പാനില്‍ നിന്നാണ് 10,000 ചുവടുകള്‍ നടക്കുക എന്ന ആശയം വരുന്നത്. പിന്നീട് ഇവ ജപ്പാന് പുറത്തും പ്രചാരം നേടി. മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ 7,000-8,000 ചുവടുകള്‍ നടന്നാലും മതിയാകും. 5000 ചുവടുകളെങ്കിലും നടക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു.

ഇരുന്നുകൊണ്ടുളള ജോലി ചെയ്യുന്നവര്‍ ജോലിസ്ഥലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഒരോ മണിക്കൂര്‍ കൂടുമ്പോള്‍ ചെറിയ ഇടവേളകള്‍ എടുക്കുക, മൂന്ന് മിനിറ്റെങ്കിലും നില്‍ക്കുകയോ നടക്കുകയോ ചെയ്യുക. കൈകാലുകള്‍ സ്‌ട്രെച്ച് ചെയ്യുക.
  • ആരോടെങ്കിലും സംസാരിക്കണമെങ്കില്‍ എഴുന്നേന്നേറ്റ് നിന്ന് ,രണ്ടോ മൂന്നോ ചുവടുകള്‍ നടന്നുകൊണ്ട് സംസാരിക്കാം.
  • കഴിവതും ലിഫ്റ്റുകള്‍ ഒഴിവാക്കി പടികള്‍ കയറാന്‍ ശ്രദ്ധിക്കുക.
  • നിങ്ങളുടെ വാഹനം ഓഫീസില്‍നിന്ന് അല്‍പ്പദൂരം മാറ്റി പാര്‍ക്ക് ചെയ്യുക. എന്നും രാവിലെയും വൈകുന്നേരവും അല്‍പ്പം നടക്കാന്‍ ഇത് സഹായിക്കും.
  • ഉച്ചഭക്ഷണത്തിന് ശേഷം 10-15 മിനിറ്റ് നടക്കുന്നത് ദഹനത്തെ സഹായിക്കുകയും ആരോഗ്യത്തെ നന്നാക്കുകയും ചെയ്യും.

(ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഒരു ഡോക്ടറുടെ സേവനം തേടുക)

Content Highlights :There is a way to avoid back pain caused by sitting at work

To advertise here,contact us