തലേന്ന് വെള്ളത്തിലിട്ട് കുതിര്ന്ന രണ്ടോ മൂന്നോ ബദാം രാവിലെത്തന്നെ കഴിക്കുന്നത് വര്ഷങ്ങളായുള്ള നമ്മുടെ ശീലമാണ്. അത്രയേറെ പോഷക സമ്പുഷ്ടമാണ് ബദാം. ആന്റി ഓക്സിഡന്റുകള് മാത്രമല്ല, മഗ്നീഷ്യം ഉള്പ്പെടെയുള്ള പോഷകങ്ങളും ഇതില് ധാരാളം അടങ്ങിയിട്ടുണ്ട്. ബദാമിന് രക്തസമ്മര്ദം കുറയ്ക്കാനും കൊളസ്ട്രോള് കുറയ്ക്കാനുമുള്ള കഴിവുള്ളതിനാല് ഹൃദയാരോഗ്യം ശ്രദ്ധിക്കുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ബദാം. പക്ഷെ ഒരു ദിവസം എത്ര ബദാം കഴിക്കണം?
ദിവസം ഒരു ഔണ്സ് അതായത് 30 ഗ്രാം ബദാം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ്.ഹൃദയാരോഗ്യം, മസില് കരുത്ത്, ദഹനം എന്നിവ മെച്ചപ്പെടുത്താന് ബദാം കഴിക്കുന്നത് വളരെയധികം നല്ലതാണ്. എന്നാല് അളവില് കൂടുതല് ബദാം കഴിച്ചാല് അത് കാലറി കൂടുതല് ശരീരത്തില് എത്തുന്നതിനും കൊഴുപ്പ് അടിയുന്നതിനും തന്മൂലം ആരോഗ്യ പ്രശ്നങ്ങള്ക്കും കാരണമാകും.
ഒരു ഔണ്സ് ബദാമില് 14 ഗ്രാം ഫാറ്റ്, 6 ഗ്രാം പ്രൊട്ടീന്, 3 ഗ്രാം ഫൈബര്, 6 ഗ്രാം കാര്ബോ ഹൈഡ്രേറ്റ് എന്നിവയാണ് അടങ്ങിയിട്ടുള്ളത്. ഇതെല്ലാം അടങ്ങിയിട്ടുള്ളതിനാല് തന്നെ സസ്യാഹാരികള്ക്ക് ആവശ്യത്തിന് ഊര്ജം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങളുടെ കൂട്ടത്തിലാണ് ഇതിനെ ഉള്പ്പെടുത്തിയിരിക്കുന്നത്. കാല്ഷ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റമിന് ഇ, ഫോലേറ്റ് എന്നിവ ഇതില് ധാരാളം അടങ്ങിയിട്ടുണ്ട്.
ബദാമില് ഓക്സാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇലക്കറികളിലും പച്ചക്കറികളിലും നട്സിലും വിത്തുകളിലും അടങ്ങിയിട്ടുള്ളവയാണ് ഇവ. ഈ ഓക്സലേറ്റ് മനുഷ്യശരീരത്തില് എത്തുകയാണെങ്കില് ഇത് വൃക്കയില് അടിഞ്ഞുകൂടി കല്ല് രൂപപ്പെടുന്നതിന് കാരണമാകും.
നല്ല കൊളസ്ട്രോള് കാത്തുസൂക്ഷിക്കാന് ബദാം കഴിക്കുന്നത് നല്ലതാണ്. അതേസമയം ചീത്ത കൊളസ്ട്രോള് കുറയ്ക്കാനും ഇത് സഹായിക്കും.
കാന്സര് സാധ്യത കുറയ്ക്കാനുള്ള കഴിവുണ്ട് ബദാമിനെന്ന് പറഞ്ഞാല് വിശ്വസിക്കുമോ. ബദാമില് അടങ്ങിയിരിക്കുന്ന ആന്റി ഇന്ഫ്ളമേറ്ററി, ആന്റി ഓക്സിഡന്റ് പ്രോപ്പര്ട്ടികള് കാന്സര് വെല്ലുവിളികള് കുറയ്ക്കാന് ശരീരത്തെ സഹായിക്കും. ബദാം, പീനട്ട്, വാള്നട്ട് എന്നിവ കഴിക്കുന്നവരില് സ്തനാര്ബുദത്തിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് ഒരു പഠനത്തില് കണ്ടെത്തിയിരുന്നു.
പ്രമേഹമുള്ളവര്ക്ക് ബദാം കഴിക്കുന്നത് വളരെ നല്ലതാണ്. ഉയര്ന്ന അളവിലുള്ള മഗ്നീഷ്യം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കും, പ്രമേഹമുള്ളവരില് പൊതുവായി കാണുന്ന ഒന്നാണ് മഗ്നീഷ്യത്തിന്റെ കുറവ്.
ഭാരം നിയന്ത്രിക്കാന് ആഗ്രഹിക്കുന്നവര്ക്കുള്ള ഒരു മികച്ച മാര്ഗമാണ് ബദാം. പകല് ഇടനേരം ബദാം കഴിക്കുന്നവര് ഉച്ച ഭക്ഷണം കുറച്ചുമാത്രമേ കഴിക്കൂ. ബദാം കഴിക്കുമ്പോള് വിശപ്പ് കുറയും.
അസ്ഥികളുടെ ബലത്തിനും ബദാം കഴിക്കുന്നത് നല്ലതാണ്. പല്ലിന്റെയും എല്ലിന്റെയും ആരോഗ്യത്തിന് അത്യാവശ്യമാണ് കാല്ഷ്യം. ഡയറ്റില് കാല്ഷ്യം കുറയുന്നത് അസ്ഥികളുടെ ബലക്കുറവിന് കാരണമായേക്കാം.
ചര്മത്തിന്റെ ആരോഗ്യത്തിനും ബദാം നല്ലതാണ്. ആന്റിഓക്സിഡന്റ്സ്, ആരോഗ്യകരമായ ഫാറ്റുകള്, വിറ്റമിന് ഇ തുടങ്ങി ചര്മത്തിന് ആവശ്യമായതെല്ലാം ബദാമില് അടങ്ങിയിട്ടുണ്ട്.
Content Highlights: The Almond-Kidney Stone Connection: Finding the Right Balance