ശസ്ത്രക്രിയ വേണ്ട, തലച്ചോറിലെ തകരാറുകള്‍ക്ക് ഇനി ചികിത്സ എളുപ്പം; പുതിയ നാനോ മെറ്റീരിയലുകളുമായി ഇന്ത്യൻ ഗവേഷകർ

ന്യൂറോണുകളുമായി നേരിട്ട് ഇടപഴകാന്‍ കഴിയുന്ന നാനോ മെറ്റീരിയലുകള്‍ വികസിപ്പിച്ചെടുത്ത് ഇന്ത്യന്‍ ഗവേഷകര്‍

തലച്ചോറിലുണ്ടാകുന്ന തകരാറുകളെ ശസ്ത്രക്രിയയില്ലാതെ ചികിത്സിക്കാന്‍ കഴിയുന്ന ഒരു കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഗവേഷകര്‍. ഗ്രാഫിറ്റിക് കാര്‍ബണ്‍ നൈട്രേഡ് (g-C3N4)എന്നറിയപ്പെടുന്ന പ്രത്യേകതരം നാനോ മെറ്റീരിയല്‍ ഇലക്ട്രോഡുകളാണ് ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നത്.ലേസറുകള്‍, കാന്തങ്ങള്‍ എന്നിവയുടെ ആവശ്യമില്ലാതെതന്നെ തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കാന്‍ ഈ നാനോ മെറ്റീരിയലിന് കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ തെളിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിൻ്റെ സയൻസ് ആൻഡ് ടെക്നോളജി മന്ത്രാലയമാണ് വിവരങ്ങൾ വ്യക്തമാക്കുന്ന വാർത്താക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുളള സ്വയംഭരണ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (INST) യിലെ സംഘമാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. എസിഎസ് അപ്ലൈഡ് മെറ്റീരിയല്‍സ് & ഇന്റര്‍ഫേസ് ജേണലില്‍ ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലാബില്‍ വളര്‍ത്തിയ തലച്ചോറ് പോലുള്ള കോശങ്ങളില്‍ ഈ നാനോമെറ്റീരിയല്‍ ഉപയോഗിച്ച് ഡോപൊമൈന്‍ ഹോര്‍മോണ്‍ ഉത്പാദനം വര്‍ധിപ്പിക്കുകയും പാര്‍ക്കിന്‍സണ്‍സ് രോഗവുമായി ബന്ധപ്പെട്ട വിഷ പ്രോട്ടീനുകള്‍ കുറയ്ക്കുന്നതായി തെളിയുകയും ചെയ്തു.

ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ പോലെയുളള നിലവിലുള്ള ചികിത്സകള്‍ക്ക് ശസ്ത്രക്രിയ ഇംപ്ലാന്റുകള്‍ ആവശ്യമാണ്. തലച്ചോറിലെ കലകളില്‍ സിഗ്നലുകള്‍ എത്തിക്കാന്‍ കാന്തിക തരംഗങ്ങളോ അള്‍ട്രാസൗണ്ട് തരംഗങ്ങളോ ഉപയോഗിക്കുന്നു. ഇവ ഫലപ്രദമാണെങ്കിലും ഗുണങ്ങള്‍ പരിമിതവും അതേസമയം അപകടവുമാണ്. ഇപ്പോള്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന കാര്‍ബണ്‍ നൈട്രേഡ് എന്നറിയപ്പെടുന്ന പ്രത്യേകതരം നാനോ മെറ്റീരിയല്‍ ഇലക്ട്രോഡുകള്‍ക്ക് തലച്ചോറിലെ ന്യൂറോണുകളോട് നേരിട്ട് ഇടപെടാന്‍ സാധിക്കും. ഇവ നാഡീകോശങ്ങള്‍ക്ക് സമീപം സ്ഥാപിക്കുമ്പോള്‍ തലച്ചോറിന്റെ വോള്‍ട്ടേജ് സിഗ്നലുകളോട് പ്രതികരിക്കുകയും ചെറിയ വൈദ്യുത മണ്ഡലങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ഇത് തലച്ചോറിനെ ഉദ്ദീപിപ്പിക്കുകയും കോശങ്ങള്‍ തമ്മിലുളള ബന്ധം മെച്ചപ്പെടുത്തുകയും ചെയ്യും. ഒരു സ്റ്റാര്‍ട്ട് സ്വിച്ച് പോലെ പ്രവര്‍ത്തിക്കുന്ന ഈ നാനോമെറ്റീരിയലിന് ന്യൂറോണുകളുടെ വിശ്രമത്തിനും സജീവമായ അവസ്ഥകള്‍ക്കും പ്രതികരിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ആരോഗ്യകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

അല്‍ഷിമേഴ്‌സ് പാര്‍ക്കിന്‍സണ്‍ രോഗങ്ങള്‍ സാധാരണയായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഈ കണ്ടുപിടുത്തം കൂടുതല്‍ ഉപകാരപ്രദമായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. 'ബ്രെയിന്‍വെയര്‍ കമ്പ്യൂട്ടിംഗ്' പോലെയുളള ഭാവി സാങ്കേതികവിദ്യകളെയും ഈ മുന്നേറ്റം സഹായിച്ചേക്കാം.

മനുഷ്യരില്‍ ഈ കണ്ടുപിടുത്തം ഉപയോഗിക്കുന്നതിന് മുന്‍പ് കൂടുതല്‍ ക്ലിനിക്കല്‍ -പ്രീക്ലിനിക്കല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഐഎന്‍എസ്ടിയിലെ സംഘം ചൂണ്ടിക്കാട്ടി. തലച്ചോറിലെ പരിക്കുകള്‍ ചികിത്സിക്കുന്നതില്‍നിന്നും ന്യൂറോഡീജനറേഷന്‍ കൈകാര്യം ചെയ്യുന്നതില്‍ വരെ അര്‍ദ്ധചാലത നാനോ മെറ്റീരിയലുകള്‍ ഭാവിയില്‍ വലിയ വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. മനീഷ് സിംഗ് പറഞ്ഞു.

Content Highlights :Indian researchers develop nanomaterials that can directly interact with neurons

To advertise here,contact us