നിങ്ങളുടെ നഖങ്ങളില് വെളുത്ത വരകളുണ്ടോ?. അതും പല തരത്തിലുള്ളവ. നീളത്തിലുള്ളത്, തിരശ്ചീനമായുളളവ, ചെറിയ വെളുത്ത പാടുകള് ഇങ്ങനെ. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ഈ വെളുത്ത വരകള്ക്ക് പിന്നിലെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. നഖങ്ങളിലെ വെളുത്ത വരകള് 'ല്യൂക്കോണിച്ചിയ' എന്നാണ് അറിയപ്പെടുന്നത്. ഫംഗസ് അണുബാധ, വിറ്റാമിനുകളുടെ കുറവ്, നഖങ്ങളിലെ സമ്മര്ദ്ദം, വൃക്ക-കരള് പ്രശ്നങ്ങള് ഇങ്ങനെയുള്ള പല ആരോഗ്യ പ്രശ്നങ്ങള് ഇതിന് കാരണമാകാം. ചിലപ്പോള് നഖങ്ങളിലെ വെളുത്ത വരകള് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെയും സൂചിപ്പിക്കുന്നു.
വെളുത്ത പാടുകള്(Leukonychia punctata)
നഖങ്ങളില് സാധാരണയായി കാണപ്പെടുന്ന വെളുത്ത നിറത്തിലുള്ള ചെറിയ പാടുകളാണിത്. നഖം എവിടെയെങ്കിലും തട്ടുകയോ അമര്ത്തുകയോ ചെയ്യുമ്പോഴുണ്ടാകുന്ന ആഘാതമാണ് ഇത്തരം പാടികള് ഉണ്ടാകാനുള്ള കാരണം. ചിലപ്പോള് പോഷകാഹാരക്കുറവ്(സിങ്ക്, കാല്സ്യം)കാരണമായേക്കാം. സ്ഥിരമായ പാടുകള് അണുബാധകളെയും മറ്റും സൂചിപ്പിക്കാം.
Muehrckes's Lines
നഖത്തിന്റെ അടിവശത്തുള്ള ചന്ദ്രക്കലയുടെ ആകൃതിയിലുളള ഭാഗത്തിന് മുകളിലായി മിനുസമാര്ന്ന വെളുത്തവരകളാണ് മുഹെര്ക്കെ ലൈന്സ് കാണപ്പെടുന്നത്.മറ്റ് വെളുത്ത വരകളില്നിന്ന് വ്യത്യസ്തമായി നഖത്തിന്റെ വളര്ച്ചയ്ക്കൊപ്പം ഈ വരകളും നീങ്ങുന്നില്ല. കരള്രോഗം, വൃക്കരോഗം അല്ലെങ്കില് പോഷകാഹാരക്കുറവ് എന്നിവകൊണ്ടുണ്ടാകുന്ന ഹൈപ്പോ അല്ബുമിനീമിയ (രക്തത്തില് ആല്ബുമിന് കുറയുന്നത്) എന്ന അവസ്ഥയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു.
Mees Lines
മീസ് ലൈനുകള് നഖം വളരുന്നതിനൊപ്പം നീണ്ടുപോകുന്ന തിരശ്ചീനമായ വെളുത്ത വരകളാണ് ഇവ. ആര്സെനിക് ട്രയോക്സൈഡ് ഹെവിമെറ്റല് വിഷബാധ(ശരീരത്തില് ലോഹങ്ങളുടെ സൂക്ഷ്മ തന്മാത്രകള് അടിഞ്ഞുകൂടുമ്പോഴാണ് ഈ വിഷബാധ ഉണ്ടാകുന്നത്), കീമോ തെറാപ്പി, ഗുരുതരമായ അണുബാധകള് എന്നിവയുള്പ്പെടെയുള്ള രോഗങ്ങളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഈ വരകള് ഒരേസമയം ഒന്നിലധികം നഖങ്ങളില് പ്രത്യക്ഷപ്പെടാം.
Longitudinal leukonychia
ലോഞ്ചിറ്റിയൂഡിനല് ല്യൂകോണ്ച്യ നഖത്തോടൊപ്പം നീളത്തില് വെളുത്ത വരകളായാണ് കാണപ്പെടുന്നത്. American journal of clinical Dermatology യില് പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ഇവ പാരമ്പര്യമായും ഉണ്ടാകാമെന്ന് പറയുന്നുണ്ട്. ഇത് ഡാരിയേഴ്സ് രോഗം(അരിമ്പാറപോലുള്ള പാടുകളുള്ള ചര്മ്മ അവസ്ഥ), ഹെയ്ലി രോഗം(ചര്മ്മത്തിന്റെ മടക്കുകളില് കാണപ്പെടുന്ന വേദനാജനകമായ കുമിളകള്) പോലെയുളള ജനിതക രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
വെളുത്ത നിറത്തില് നഖത്തിന്റെ അറ്റത്ത് പിങ്ക് അല്ലെങ്കില് തവിട്ട് നിറമുള്ള ഇടുങ്ങിയ ബാന്ഡ് പോലെ കാണപ്പെടുന്നതാണ് ടെറീസ് നെയില്സ്. PMC യില് പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ഈ അവസ്ഥ വാര്ധക്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷേ കരള്രോഗം, കണ്ജസ്റ്റീവ് ഹാര്ട്ട് ഫെയ്ലിയര്, പ്രമേഹം എന്നിവയുടെയും ലക്ഷണമാകാം. നഖത്തിന്റെ അടിഭാഗത്തുണ്ടാകുന്ന മാറ്റങ്ങള് മൂലമാണ് വെളുത്തനിറം ഉണ്ടാകുന്നത്. ഈ വരകള് നഖത്തിന്റെ വളര്ച്ചയ്ക്കൊപ്പം നീങ്ങുന്നവയല്ല.
Lindsay's nails (Half-and-half-nails)
ഈ നഖങ്ങള്ക്ക് വ്യക്തമായ നിറവ്യത്യാസം കാണാന് സാധിക്കും. നഖത്തിന്റെ അടിഭാഗം വെളുത്ത നിറത്തിലും മുകള്ഭാഗം ചുവപ്പ് കലര്ന്ന തവിട്ട് നിറത്തിലും കാണപ്പെടും. PMC യില് പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് ഇത് വിട്ടുമാറാത്ത വൃക്ക രോഗത്തിന്റെ ലക്ഷണമാണ്.
അല്ലാതെയുള്ള കാരണങ്ങള്
ചില ജീവിതശൈലി ഘടകങ്ങള്കൊണ്ടും ഇത്തരത്തിലുളള വരകള് ഉണ്ടാകാം. ഉദാഹരണത്തിന് കഠിനമായ രാസവസ്തുക്കളോ ഡിറ്റര്ജന്റുകളുമായോ ഉള്ള പതിവായ സമ്പര്ക്കം. നഖംകടിക്കുക, നഖത്തിലെ പരിക്ക്, ആവശ്യ പോഷകങ്ങളുടെ കുറവ്, സമ്മര്ദ്ദം,വിട്ടുമാറാത്ത രോഗങ്ങള്, ചില മരുന്നുകളുടെ പാര്ശ്വഭലങ്ങള് എന്നിവകൊണ്ടും നഖത്തില് വ്യത്യാസങ്ങള് ഉണ്ടാകാം.
Content Highlights :White streaks on nails can be caused by liver, kidney, or heart problems