തികഞ്ഞ മദ്യപാനികള് മദ്യപിക്കാന് നേരവും കാലവും ഒന്നും നോക്കാറില്ല. രാവിലെ എഴുന്നേറ്റുവന്നാല് ഉടന്തന്നെ മദ്യം അകത്താക്കുന്നവരും ഉണ്ട്. എന്നാല് വെറും വയറ്റില് മദ്യപിക്കുമ്പോള് മിനിറ്റുകള്ക്കുള്ളില് ആളുകള്ക്ക് ലഹരിയുടെ അനുഭവപ്പെടുമെങ്കിലും നിങ്ങളെ കാത്തിരിക്കുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളാണ്.
വെറുംവയറ്റിലുളള മദ്യപാനംകൊണ്ട് പെട്ടെന്ന് ഫലം അനുഭവപ്പെടുമെങ്കിലും മയക്കം, ഓക്കാനം,ഛര്ദ്ദി തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ആരോഗ്യപ്രശ്നങ്ങള്ക്കും ദീര്ഘകാല ദോഷങ്ങള്ക്കും സാധ്യത വര്ധിപ്പിക്കുന്നു.
മദ്യം ഒരു ഡൈയൂററ്റിക് ആണ്. അതായത് ഇത് മൂത്രത്തിന്റെ ഉത്പാദനം വര്ധിപ്പിക്കുകയും ശരീരത്തില്നിന്ന് കൂടുതല് ജലാംശം നഷ്ടപ്പെടാന് കാരണമാകുകയും ചെയ്യും. അതുകൊണ്ടാണ് മദ്യപിക്കുമ്പോള് പലരും കൂടുതല് തവണ മൂത്രമൊഴിക്കുന്നത്. ശരീരദ്രാവകങ്ങള് വേഗത്തില് നഷ്ടപ്പെടുന്നത് ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നു. കാരണം ശരീരത്തില്നിന്ന് നഷ്ടപ്പെടുന്ന ദ്രാവകത്തിലൂടെ ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടുകയാണ്. (പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം തുടങ്ങിയ അവശ്യധാതുക്കളാണ് ഇലക്ട്രോലൈറ്റുകള്). ഇലക്ട്രോലൈറ്റുകള് കുറയുമ്പോള് പേശികള്ക്ക് ബലഹീനതയും ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നതില് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും.
വെറുംവയറ്റില് മദ്യപിക്കുമ്പോള് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്ത്തുന്നതിന് പകരം കരള് മദ്യം സംസ്കരിക്കുന്നതിന് കൂടുതല് പ്രാധാന്യം നല്കുന്നു. രക്തത്തില് പഞ്ചസാരയുടെ അളവ് കുറയുമ്പോള് ഹൈപ്പോഗ്ലൈസീമിയയുടെ സാധ്യത വര്ധിക്കുന്നു. പ്രമേഹമുള്ളവര് മദ്യപിക്കുമ്പോള് അപകട സാധ്യത വര്ധിക്കുന്നു. മയക്കം, അവ്യക്തമായ സംസാരം, ആശയക്കുഴപ്പം, ഓക്കാനം തുടങ്ങിയ ഹൈപ്പോഗ്ലൈസീമിയയുടെ പല ലക്ഷണങ്ങളും മദ്യപാനത്തിന്റെയും ഫലങ്ങളായതിനാല് നിങ്ങള് ലഹരിയിലാണോ അതോ ഹൈപ്പോഗ്ലൈസീമിയയിലാണോ എന്ന് തിരിച്ചറിയാന് ബുദ്ധിമുട്ടാണ്. പ്രമേഹമില്ലാത്തവരില് മദ്യപാനത്തില് നിന്നുള്ള ഹൈപ്പോഗ്ലൈസീമിയ അപൂര്വമാണെങ്കിലും വെറുംവയറ്റിലെ മദ്യപാനം ഈ പ്രശ്നത്തിനും സാധ്യത വര്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഒഴിഞ്ഞവയറ്റില് മദ്യപിക്കുന്നത് തലച്ചോറിനെ ഉദ്ദീപിപ്പിക്കുമെങ്കിലും ശരീരത്തിന് ഗുരുതരമായ ദോഷം ചെയ്യും.
ഒരു തുള്ളി മദ്യം പോലും ശരീരത്തിന് ദോഷം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര് പറയുന്നു. മദ്യം പതുക്കെ ഒഴിവാക്കാന് ആഗ്രഹിക്കുന്നവര് പ്രോട്ടീന്, കൊഴുപ്പ്, കാര്ബോഹൈഡ്രേറ്റുകള് എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കുകയും ആഹാരത്തില് മുട്ട , ചീസ്, നട്ട്സ്, അവോക്കാഡോ, മാംസം എന്നിവ ഉള്പ്പെടുത്തുകയും വേണം. ഈ ഭക്ഷണം വയറില് കൂടുതല് സമയം തങ്ങിനില്ക്കുകയും ദഹനം മന്ദഗതിയിലാക്കുകയും ചെയ്യും. മദ്യപിച്ചാല്തന്നെ മദ്യം ആഗീരണം ചെയ്യുന്നത് വൈകിപ്പിക്കുകയും ചെയ്യും.
(ഇന്ത്യന് എക്സ്പ്രസില് വന്ന ഒരു ലേഖനത്തില് ഡല്ഹി പിഎസ്ആര്ഐ ആശുപത്രിയിലെ ലിവര്ട്രാന്സ്പ്ലാന്റ് സര്ജനും സീനിയര് കണ്സള്ട്ടന്റുമായ ഡോ. ഭൂഷണ് ഭോലെ നല്കിയ വിവരങ്ങളാണ് ഇവ. ഈ ലേഖനം വിവരങ്ങള് നല്കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യസംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)
Content Highlights :Health problems caused by drinking alcohol on an empty stomach