കരളിന്റെ പ്രവര്ത്തനം തകരാറിലാകുമ്പോള് ശരീരത്തില് പലതരത്തിലുളള മാറ്റങ്ങള് ഉണ്ടാകാം. അത്തില് കരള് തകരാര് രാത്രിയില് ശരീരത്തിലുണ്ടാക്കുന്ന ചില മാറ്റങ്ങളെക്കുറിച്ച് 'നാഷണല് ലബോറട്ടറി ഓഫ് മെഡിസിന്' നില് പ്രസിദ്ധീകരിച്ച ഒരു പഠനത്തില് വ്യക്തമാക്കുന്നുണ്ട്.(sleep disturbances in patients with liver cirrhosis: prevalence, impact, and management challengse )എന്ന തലക്കെട്ടിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പഠനം അനുസരിച്ച് കരള് രോഗമുള്ള വ്യക്തികള് നല്ല ഉറക്കം ലഭിക്കാന് പാടുപെടുന്നവരാണ്. ഇവര്ക്ക് പകല്സമയത്ത് അമിതമായി ഉറക്കം വരികയും രാത്രിയില് ഉറങ്ങാന് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും. ഈ ഉറക്കപ്രശ്നത്തിന് പ്രധാനകാരണം കരളിന് നീക്കം ചെയ്യാന് കഴിയാത്ത തരത്തിലുളള വിഷവസ്തുക്കള് ശരീരത്തില് അടിഞ്ഞുകൂടി അത് തലച്ചോറിന്റെ പ്രവര്ത്തനത്തെ ബാധിക്കുന്ന അവസ്ഥയായ ' ഹെപ്പാറ്റിക് എന്സെഫലോപ്പതി' ഉണ്ടാകുന്നതാണ്.
കരള് തകരാറിലാകുമ്പോള് രാത്രിയില് ഉണ്ടാകുന്ന പ്രശ്നങ്ങള്
കരള് രോഗമുളള പലര്ക്കും രാത്രിയില് ഉറക്കക്കുറവ് അനുഭവപ്പെടാറുണ്ട്. നേരെ മറിച്ച് പകല് സമത്ത് അമിതമായി ഉറക്കം ഉണ്ടാവുകയും ചെയ്യും. പകലുണ്ടാകുന്ന ക്ഷീണവും മറ്റൊരു ബുദ്ധിമുട്ടാണ്. തകരാറിലായ കരളിന് വിഷവസ്തുക്കളെ ശരിയായി നീക്കം ചെയ്യാനോ ഉറക്കത്തെ സഹായിക്കുന്ന ഹോര്മോണുകളെ നിയനന്ത്രിക്കാനോ കഴിയില്ല. അതുകൊണ്ടാണ് ഈ പ്രശ്നങ്ങള് ഉണ്ടാകുന്നത്. കരളിന് കേടുപാട് സംഭവിച്ച് ശരീരത്തില് വിഷവസ്തുക്കള് അടിഞ്ഞുകൂടുകയും അത് തലച്ചോറിനെ ബാധിക്കുകയും ചെയ്യുമ്പോഴാണ് 'ഹെപ്പാറ്റിക് എന്സെഫലോപ്പതി' എന്ന അവസ്ഥ ഉണ്ടാകുന്നത്. ഇത് ചെറിയ രീതിയിലുള്ള ആശയകുഴപ്പം മുതല് ഗുരുതരമായ ഓര്മ്മ, ശ്രദ്ധ, പ്രശ്നപരിഹാര കഴിവുകള് ഇവയെ ബാധിക്കുകയും ഉറക്കം തടസപ്പെടുത്തുകയും ചെയ്യുന്നു. മരുന്നുകളും ജീവിതശൈലി മാറ്റങ്ങളും കൊണ്ട് ഹെപ്പാറ്റിക് എന്സെഫലോപ്പതി ചികിത്സിക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും കഴിയും.
എന്തുകൊണ്ട് ഉറങ്ങാന് സാധിക്കില്ല
കരള് തകരാറുള്ളവര് ഉറങ്ങാന് ബുദ്ധിമുട്ടുന്നതിന് പ്രധാന കാരണം ശരീരത്തിനെ എപ്പോള് ഉറങ്ങണം എന്ന് ശീലിപ്പിക്കുന്ന ഹോര്മോണ് ആയ മെലറ്റോണ് നിയന്ത്രിക്കാന് കഴിയാതെ വരുന്നതാണ്. കരള് തകരാറിലാകുമ്പോള് മെലറ്റോണിന്റെ പ്രവര്ത്തനം നിയന്ത്രിക്കാന് കഴിയാതെ വരുന്നു. ഇത് ഉറക്കത്തിന്റെ താളത്തെ അസ്വസ്ഥതപ്പെടുത്തുന്നു. ഇതോടൊപ്പം രക്തത്തിലെ പഞ്ചസാരയുടെ മാറ്റങ്ങള്, ശരീര താപനിലയിലെ ക്രമക്കേടുകള്, ഹോര്മോണുകളുടെ അസന്തുലിതാവസ്ഥ എന്നിവയും രാത്രിയിലെ ഉറക്കക്കുറവിന് കാരണമാകും.
ഉറക്കുറവിനെ എങ്ങനെ കൈകാര്യം ചെയ്യാം
ഹെപ്പാറ്റിക് എന്സെഫലോപ്പതിയെ ചികിത്സിക്കുന്നതിലൂടെയേ ഉറക്കക്കുറവിനെ ചികിത്സിക്കാന് സാധിക്കൂ. അതിനായി ഡോക്ടറുടെ സഹായം തേടേണ്ടതാണ്. ഉറക്കസമയം ക്രമീകരിക്കുക, വിശ്രമരീതികള് പരിശീലിക്കുക, യോഗ പോലെയുളള വ്യായാമങ്ങള് ചെയ്യുക. ഇവയൊക്കെയാണ് പ്രധാനമായും ചെയ്യാന് കഴിയുക.
1 ഉറങ്ങുന്നതിന് മുന്പ് കട്ടിയായ ആഹാരവും മദ്യവും ഉപേക്ഷിക്കുക.
2 കിടപ്പുമുറി ശാന്തമായതും തണുപ്പുളളതും ഉറങ്ങാന് അനുയോജ്യവുമാക്കുക
3 പതിവായി ഉറങ്ങാന് സമയം ക്രമപ്പെടുത്തുക.
4 കിടക്കുന്നതിന് ഒരു മണിക്കൂര് മുന്പെങ്കിലും മൊബൈലും ലാപ്ടോപ്പും ടിവിയും ഓഫ് ചെയ്തുവയ്ക്കുക.
( ഈ ലേഖനം വിവരങ്ങള് നല്കുന്നതിന് വേണ്ടി മാത്രമുള്ളതാണ്. ആരോഗ്യ സംബന്ധമായ എല്ലാ പ്രശ്നങ്ങള്ക്കും ഡോക്ടറുടെ സേവനം തേടേണ്ടതാണ്)
Content Highlights :These symptoms will tell you how sleep is affected by liver failure