
ആരോഗ്യത്തോടെയിരിക്കാന് നമ്മുടെ ശരീരം എത്രയും നന്നായി സൂക്ഷിക്കാന് കഴിയുമോ അത്രയും നന്നായി സംരക്ഷിക്കണം. ദൈനംദിന ജീവിതത്തില് നിസ്സാരമെന്ന് തോന്നുന്ന പല ശീലങ്ങളും കാലങ്ങള് ചെല്ലുമ്പോള് ശരീരത്തെ ഗുരുതരമായി ബാധിക്കും. ഓര്ത്തോപീഡിക് സര്ജന് ഡോ. മനന്വോറ തന്റെ ഇന്സ്റ്റഗ്രാം പേജില് പങ്കുവച്ച ഒരു പോസ്റ്റില് ശരീരത്തിലെ അവയവങ്ങള്ക്ക് ദോഷംവരുത്തുന്ന ചില ദൈനംദിന ശീലങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
വായിലൂടെ ശ്വസിക്കുന്നവരാണോ നിങ്ങള്? എന്നാല് ഇനിമുതല് അത് വേണ്ട. കാരണം വായിലൂടെ ശ്വസിക്കുന്നത് ശ്വാസനാളത്തെ വരണ്ടതാക്കുകയും അണുബാധയ്ക്കുളള സാധ്യത വര്ധിപ്പിക്കുകയും ചെയ്യും. ഇത് ശീലമാകുമ്പോള് ഓക്സിജന് ശരീരത്തില് എത്തുന്നത് കുറയുകയും ശ്വസന പ്രശ്നങ്ങള്ക്ക് കാരണമാകുകയും ചെയ്യും.
അധികം സമയമുളള ഇരുത്തം
ഒരു സ്ഥലത്തുതന്നെ അനങ്ങാതെ മണിക്കൂറുകളോളം ഇരിക്കുന്നത് രക്തയോട്ടം കുറയ്ക്കും. ഇത് മൂലം ഹൃദയത്തിന് അധിക സമ്മര്ദ്ദം ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ ഒരു സ്ഥലത്ത് മണിക്കൂറുകളോളം ഇരിക്കുന്നതിന് പകരം ചെറിയ ഇടവേളകള് എടുത്ത് നടക്കുകയോ ശരീരം ഒന്ന് സ്ട്രെച്ച് ചെയ്യുകയോ വേണം.
ഇടയ്ക്കിടയ്ക്ക് കണ്ണ് തിരുമ്മുന്നത്
അല്പ്പസമയം എവിയെങ്കിലും നോക്കിയിരിക്കുമ്പോഴോ, കണ്ണുകള്ക്ക് അസ്വസ്ഥതയുണ്ടാകുമ്പോഴോ നമ്മളെല്ലാം കണ്ണ് തിരുമ്മാറുണ്ട് അല്ലേ. എന്നാല് ഈ പ്രവൃത്തി അധികമാകുമ്പോള് കണ്ണിന്റെ കോര്ണിയയില് കുഴിപോലെ ഉണ്ടാകാനിടയാവുകയും രോഗാണുക്കള് കണ്ണിനുള്ളില് തങ്ങിനില്ക്കാന് ഇടയാക്കുകയും ചെയ്യും. ഇത് ഭാവിയില് കാഴ്ച പ്രശ്നങ്ങള് ഉണ്ടാക്കും.
വളരം വേഗത്തിലും അമിതമായും ഉളള ഭക്ഷണം കഴിക്കല്
സമയം ലാഭിക്കാനായി ധൃതിയില് ഭക്ഷണം കഴിക്കുന്ന ആളുകളുണ്ട്. അതുപോലെ ആവശ്യമില്ലെങ്കിലും അമിതമായി ഭക്ഷണം കഴിക്കുന്നവരുമുണ്ട് . ഈ രണ്ട് ശീലങ്ങളും ദഹനത്തെ അസ്വസ്ഥമാക്കും. സമയമെടുത്ത് നന്നായി ചവച്ച് വേണം ഭക്ഷണം കഴിക്കാന്. ഇത് ദഹനത്തെ സഹായിക്കും.
രാത്രിയില് കട്ടികൂടിയ ഭക്ഷണം
രാത്രി വളരെ വൈകിയും മറ്റും ഭക്ഷണം കഴിക്കുകയും അപ്പോള്ത്തന്നെ കിടന്നുറങ്ങുകയും ചെയ്യുന്നത് ഏറ്റവും മോശമായ ശീലമാണ്. ഈ ശീലം കരളിനെ കൂടുതല് ജോലി ചെയ്യാന് പ്രേരിപ്പിക്കും. അതുപോലെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കുകയും ചെയ്യും. ഉറങ്ങാന് കിടക്കുന്നതിന് രണ്ടോ മൂന്നോ മണിക്കൂര് മുന്പെങ്കിലും അത്താഴം കഴിക്കാന് ശ്രദ്ധിക്കുക.
വെള്ളം കുടിക്കുന്നത് കുറവ്
ആവശ്യത്തിന് വെളളം കുടിക്കാത്തത് വൃക്കകളെ ബുദ്ധിമുട്ടിക്കുകയും വൃക്കയില് കല്ലുകള് രൂപപ്പെടാന് കാരണമാവുകയും ചെയ്യും. വൃക്കകളുടെ പ്രവര്ത്തനത്തെ സഹായിക്കുന്നതിനും ദിവസം മുഴുവന് ശരീരത്തില് ജലാംശം നിലനിര്ത്തുന്നതിനും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
ഒരേസമയം ഒരുപാട് കാര്യങ്ങള് ചെയ്യുക
മള്ട്ടി ടാസ്കിംഗ് അഥവാ ഒരേ സമയം ഒരുപാട്കാര്യങ്ങള് ചെയ്യുന്നത് ഫലപ്രദമായ കാര്യമാണെന്ന് തോന്നുമെങ്കിലും ഇത് കാലക്രമേണ കാര്യങ്ങളില് ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്നിന്ന് തലച്ചോറിനെ പിന്തിരിപ്പിക്കുകയും ഓര്മ്മ ശക്തിയെ ദുര്ബലമാക്കുകയും ചെയ്യും. ഒരു സമയം ഒരു ജോലിയില് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന് ശ്രദ്ധിക്കുക.
ഉച്ചത്തില് പാട്ടുകേള്ക്കുക
ഒരുപാട് സമയം ഹെഡ്സെറ്റ് വെച്ച് ഉച്ചത്തില് പാട്ട് കേള്ക്കുന്നത് ഇന്നത്തെ തലമുറയിലുള്ള ആളുകളുടെ ശീലമാണ്. ഹെഡ് ഫോണ് ചെവിയില്നിന്ന് മാറ്റാത്തവരാണ് അധികവും. ദീര്ഘനേരം ഉച്ചത്തില് പാട്ടുകേള്ക്കുന്നത് സ്ഥിരമായ കേഴ് വിക്കുറവിന് കാരണമാകും.ഇത്തരത്തിലുള്ള ചെറിയ ദൈനംദിന ശീലങ്ങളില് ശ്രദ്ധചെലുത്തുന്നത് നിങ്ങളുടെ അവയവങ്ങളെ സംരക്ഷിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ഡോ. മനന്വോറ പറയുന്നു.
Content Highlights :These habits that are easily dismissed are enough to damage the lungs and heart