ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയ നടത്തുന്ന ധാരാളം ആളുകളുണ്ട്. പ്രത്യേകിച്ച് വിദേശ രാജ്യങ്ങളില് പോയി ധാരാളം പണം ചെവഴിച്ചാണ് പലരും ഇത്തരം ശസ്ത്രക്രിയ നടത്തുന്നത്. ശസ്ത്രക്രിയക്ക് ശേഷം ഉണ്ടാകുന്ന പാര്ശ്വഫലങ്ങള് ആളുകളുടെ ജീവിതം തന്നെ നശിപ്പിച്ചിട്ടുണ്ട്. അത്തരത്തിലൊരു അവസ്ഥയാണ് 42 വയസുകാരിയായ യു കെ സ്വദേശിനി ഡാനിയേല് പീബിള്സിനും ഉണ്ടായത്.
177 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഇവര് 2023 ലാണ് ശരീരഭാരം കുറയ്ക്കാനായി തുര്ക്കിയില് ഗ്യാസ്ട്രിക് സ്ലീവ് ശസ്ത്രക്രിയക്ക് വിധേയായത്. ശസ്ത്രക്രിയക്ക് ശേഷം പീബിള്സിന്റെ ഭാരം 95 കിലോഗ്രാമായി കുറഞ്ഞു. തന്റെ ഭാരം കുറഞ്ഞതില് വളരെ സന്തോഷവതിയായാണ് പീബിള്സ് വീട്ടിലെത്തിയത്. പക്ഷേ ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. വീട്ടിലെത്തി കുറച്ച് ദിവസങ്ങള് കഴിഞ്ഞപ്പോള്ത്തന്നെ അവള്ക്ക് ആരോഗ്യപ്രശ്നങ്ങള് ഉണ്ടാകാന് തുടങ്ങി.
'ന്യൂട്രീഷണല് ന്യൂറോപ്പതി' അതായത് വിറ്റാമിനുണ്ടാകുന്ന കുറവ് അവരെ തളര്ത്തിക്കളഞ്ഞു. ഗ്രേറ്റര് മാഞ്ചസ്റ്ററിലെ സാല്ഫോര്ഡ് റോയല് ആശുപത്രിയില് ചികിത്സയിലായിരുന്ന അവള് ഒരു ദിവസം ഉറക്കമുണര്ന്നത് ഇനിയൊരിക്കലും അവള്ക്ക് ചലിക്കാന് കഴിയില്ല എന്ന തിരിച്ചറിവോടെയാണ്. പീബിള്സിന്റെ കഴുത്ത് മുതല് താഴേക്ക് തളര്ന്ന് പോവുകയായിരുന്നു. അഞ്ച് മാസത്തോളം സാല്ഫോര്ഡ് റോയല് ആശുപത്രിയിലെ ഡോക്ടര്മാര് പീബിള്സിന്റെ നാഡികളുടെ പ്രവര്ത്തനത്തെ സഹായിക്കാനുള്ള ചികിത്സകള് നടത്തി. പതിയെ പതിയെ സമയമെടുത്ത് പീബിള്സ് കൈകാലുകളുടെ ചലനശേഷി വീണ്ടെടുത്തു. പതുക്കെ ക്രച്ചസിന്റെ സഹായത്തോടെ നടക്കാന് പഠിച്ചു.
ഭാരംകുറയ്ക്കല് ശസ്ത്രക്രിയയുടെ അപകടങ്ങള്
എല്ലാവര്ഷവും ആയിരക്കണക്കിന് ആളുകളാണ് ഭാരം കുറയ്ക്കുന്നതിനായുള്ള ശസ്ത്രക്രിയ്ക്കായി പല രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. പണച്ചെലവ് ലാഭിക്കാനായാണ് പലരും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്. എന്നാല് പോഷകാഹാരക്കുറവ് , അണുബാധ, ശസ്ത്രക്രിയക്ക് ശേഷമുളള മോശം പരിചരണം എന്നിവ സങ്കീര്ണതകള് വര്ധിപ്പിക്കുന്നു.
പിബിള്സിനെപ്പോലെ ഗ്യാസ്ട്രിക് സര്ജറി നടത്തിയ രോഗികള്ക്ക് ശരീരത്തില് പോഷകങ്ങളുടെ അളവ് കുറയാനുള്ള സാധ്യത കൂടുതലാണ്. വയറിന്റെ വലിപ്പം കുറയുന്നതോടെ ഭക്ഷണം കഴിക്കുന്നത് കുറയുകയും ശരീരത്തില് പ്രധാന വിറ്റാമിനുകളുടെ അളവ് കുറയുകയും നാഡികള്ക്ക് ഗുരുതരമായ നാശമുണ്ടാക്കുകയും ചെയ്യും. വേഗത്തില് ചെയ്യാവുന്നതും പണചിലവ് കുറഞ്ഞതുമായ ഇത്തരം ചികിത്സകള് ചെയ്യുന്നവരെ കാത്തിരിക്കുന്നത് വലിയ അപകടങ്ങളാണ്.
( ഈ ലേഖനം വിവരങ്ങള് നല്കുന്നതിന് വേണ്ടി മാത്രമുളളതാണ്. ആരോഗ്യസംബന്ധമായ എല്ലാ പ്രശ്നങ്ങള്ക്കും ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights :The 42-year-old woman suffered a serious complication caused by 'nutritional neuropathy'