എപ്പോൾ കുളിക്കുന്നതാണ് നല്ലത്, രാവിലെയോ രാത്രിയോ? കുളി എപ്പോഴായാലും മറക്കരുതാത്ത ഒന്നുണ്ട്

മലയാളികളെ സംബന്ധിച്ച് രണ്ട് നേരവും കുളിക്കുന്നത് ഒരു ശീലത്തിൻ്റെ ഭാ​ഗമാണ്

ദിവസേന കുളിക്കുന്നത് ആരോ​ഗ്യത്തിന് പ്രധാനമാണ് എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. എന്നാൽ രാവിലെ കുളിക്കുന്നതാണോ രാത്രി കിടന്നുറങ്ങാൻ നേരം കുളിക്കുന്നതാണോ ശരിയായ രീതി എന്നതിൽ തർക്കം ബാക്കിയാണ്. മലയാളികളെ സംബന്ധിച്ച് രണ്ട് നേരവും കുളിക്കുന്നത് ഒരു ശീലത്തിൻ്റെ ഭാ​ഗമാണ്. എന്നാൽ അമേരിക്കക്കാരിൽ 34 ശതമാനത്തോളം ദിവസവും കുളിക്കുക എന്ന ശീലത്തോട് വിരക്തിയുള്ളവരാണ് എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

രണ്ട് നേരം കുളിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ എന്ന് പറയുമ്പോഴും നമ്മളിൽ പലരും രാവിലെ കുളിക്കാൻ ഇഷ്ടപ്പെടുന്നു, മറ്റു ചിലർ വൈകുന്നേരവും. ഇതിൽ ഏതാണ് ശരിയായ രീതിയെന്ന തർക്കം സ്വഭാവികമായും നിലനിൽക്കുന്നുണ്ട്. നിങ്ങളുടെ ശീലം എന്ത് തന്നെയായാലും അതിൽ ആരോ​ഗ്യത്തെ സംബന്ധിച്ച ഒരു ചിന്ത ഉണ്ടായിരിക്കുമെന്ന് തീർച്ചയാണ്.

രാവിലെ കണ്ണ് തിരുമ്മി എഴുന്നേറ്റ് വരുന്നതിന് പിന്നാലെ ഒരു ഷവർബാത്ത് എന്നത് നമ്മളിൽ പലരെ സംബന്ധിച്ചും സന്തോഷകരമായി ഒരു ദിവസം തുടങ്ങുന്നതിനുള്ള ഊ‍ർജ്ജമായിരിക്കും. രാവിലെ കിട്ടുന്ന ഈ ഊർജ്ജമാണ് രാവിലെ കുളിക്കുന്നതാണ് നല്ലതെന്ന് വാദിക്കുന്നവർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. പകൽ മുഴുവൻ ശരീരത്തിൽ പറ്റിക്കൂടിയ മാലിന്യം കഴുകി മാറ്റുന്ന ഒരു ​ഗംഭീരൻ കുളി സുഖപ്രദമായ ഉറക്കത്തിന് സഹായകമാണെന്നാണ് രാത്രി കുളിക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെടുന്നവരുടെ വാദം. ‌ഈ രണ്ട് വാദങ്ങളിലും എന്തെങ്കിലും ശാസ്ത്രീയവശം ഉണ്ടോ?

കുളി നമ്മുടെ ചർമ്മത്തിലെ അഴുക്ക്, വിയർപ്പ്, എണ്ണ എന്നിവ നീക്കം ചെയ്യാൻ സഹായിക്കുന്നു. നമ്മുടെ പരിസരത്ത് നിന്നു‌മുള്ള മാലിന്യങ്ങൾ, പൊടി എന്നിവയും ശരീരത്തിൽ അടിഞ്ഞ് കൂടും. ഉറങ്ങുന്നതിനുമുമ്പ് കുളിച്ചില്ലെങ്കിൽ ഈ മാലിന്യങ്ങൾ നിങ്ങളുടെ ബെഡ് ഷീറ്റുകളിലും തലയിണ കവറുകളിലുമെല്ലാം അടിഞ്ഞുകൂടാനുള്ള സാധ്യത വളരെയധികമാണ്.

നമ്മുടെ ചർമ്മം സൂക്ഷ്മജീവികളുടെ സാന്നിധ്യം കൊണ്ട് നിറഞ്ഞിരിക്കുന്ന ഒന്നാണ്. ചർമ്മത്തിന്റെ ഏത് ചതുരശ്ര സെന്റിമീറ്ററിലും സൂം ഇൻ ചെയ്‌താൽ അവിടെ വസിക്കുന്ന 10,000 മുതൽ ഒരു ദശലക്ഷം വരെ ബാക്ടീരിയകളെ കാണാൻ കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അവ നമ്മുടെ വിയർപ്പ് ഗ്രന്ഥികളിൽ നിന്നുള്ള സ്രവമാണ് ഭക്ഷിക്കുന്നത്. വിയർപ്പിന് സ്വയം മണമില്ലെങ്കിലും സ്റ്റാഫൈലോകോക്കസ് പോലുള്ള ബാക്ടീരിയകൾ ഉത്പാദിപ്പിക്കുന്ന സൾഫറസ് സംയുക്തങ്ങൾ അവയ്ക്ക് തീർച്ചയായും മണം ഉണ്ടാക്കും. ഇതെല്ലാം പരി​ഗണിക്കുമ്പോൾ രാത്രി കിടക്കുന്നതിന് മുമ്പ് കുളിക്കുന്നത് കൂടുതൽ ശുചിത്വമുള്ള ഓപ്ഷനായി തോന്നിയേക്കാം. എന്നാൽ സത്യം ഇതാണോ. പലപ്പോഴും സത്യം വേർതിരിച്ചെടുക്കുക സങ്കീർണ്ണമായ ഒരു പണിയാണെന്നാണ് ഈ വിഷയത്തിൽ വിദ​ഗ്ധരുടെ അഭിപ്രായം.

ബിബിസി ഈ വിഷയത്തിൽ ലെസ്റ്റർ സർവകലാശാലയിലെ മൈക്രോബയോളജിസ്റ്റായ പ്രിംറോസ് ഫ്രീസ്റ്റോണിനെ ഉദ്ധരിച്ച് പറയുന്നത് വളരെ പ്രധാനമാണ്. രാത്രിയിൽ കുളിച്ചാൽ വൃത്തിയോടെ ഉറങ്ങാൻ പോകാം എന്ന വാദത്തെ ഫ്രീസ്റ്റോൺ പിന്തുണയ്ക്കുന്നു. എന്നാൽ രാത്രി മുഴുവൻ വിയർക്കും എന്നത് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. തണുത്ത കാലാവസ്ഥയിൽ പോലും ഒരാൾ കിടന്നുറങ്ങുമ്പോൾ 237 മില്ലി ലിറ്റർ വരെ വിയർപ്പ് കിടക്കയിലാക്കുകയും 50,000ത്തിൽ കൂടുതൽ ചർമ്മകോശങ്ങൾ നിക്ഷേപിക്കുകയും ചെയ്യുന്നു എന്നാണ് ഫ്രീസ്റ്റോണിന്റെ അഭിപ്രായം. ഉറങ്ങുമ്പോഴും ചർമ്മത്തിലെ ബാക്ടീരിയകൾ വിയർക്കുന്ന ഒരുതരം സൂക്ഷ്മ പരിസ്ഥിതി സൃഷ്ടിക്കുകയും അത് ഒരു ചെറിയ രീതിയിൽ ശരീരദുർ​ഗന്ധം ഉണ്ടാക്കുകയും ചെയ്യും. അതിനാൽ രാത്രിയിൽ കുളിച്ചതിന് ശേഷം കിടന്നുറങ്ങിയാലും രാവിലെ ഉണരുമ്പോൾ അൽപ്പം ശരീരദുർഗന്ധം ഉണ്ടാകുമെന്നും ഫ്രീസ്റ്റൺ അഭിപ്രായപ്പെടുന്നുണ്ട്.

ഇതെല്ലാം പരി​ഗണിക്കുമ്പോഴും രാത്രി കുളിക്കുന്നതിൻ്റെ ആരോ​ഗ്യ​ഗുണം ലഭ്യമാകണമെങ്കിൽ മറ്റൊരു കാര്യം നിർബന്ധമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിങ്ങൾ നിത്യേന എന്നവണ്ണം പതിവായി കിടക്കവിരി കഴുകിയാൽ മാത്രമേ രാത്രി കുളിക്കുന്നതിൻ്റെ ഗുണം ലഭ്യമാകൂ. ഷീറ്റുകളിലും തലയിണകളിലും ബാക്ടീരിയകൾക്ക് ആഴ്ചകളോളം നിലനിൽക്കാൻ കഴിയും. പതിയെ ഇവയിൽ പൊടിപടലങ്ങളും അടിഞ്ഞുകൂടും. തലയിണ ഉറകൾ പോലെ ഈർപ്പമുണ്ടാകാൻ സാധ്യതയുള്ളവയിൽ ഫംഗസ് അടിഞ്ഞുകൂടാനുള്ള സാധ്യതയും ഉണ്ട്. കാര്യക്ഷമമായ രോഗപ്രതിരോധ സംവിധാനമുള്ള ആളുകൾക്ക് ഈ സൂക്ഷ്മജീവികളുടെ ആക്രമണത്തെ നേരിടാൻ കഴിയും. എന്നാൽ കടുത്ത ആസ്ത്മയുള്ള 76 ശതമാനം പേർക്കും ഇത്തരത്തിൽ ഉണ്ടാകാൻ ഇടയുള്ള ഫം​ഗസുകളോട് അലർജിയുണ്ട്. ടിബി അല്ലെങ്കിൽ പുകവലി സംബന്ധമായ ശ്വാസകോശ രോഗം ബാധിച്ചവരിൽ അസ്പെർജില്ലസ് ഫ്യൂമിഗേറ്റസ് പോലുള്ള ഫം​ഗസുകളുമായുള്ള സമ്പർക്കം വിട്ടുമാറാത്ത ശ്വാസകോശ രോഗത്തിന് കാരണമാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇതെല്ലാം പരി​ഗണിക്കുമ്പോൾ വൈകുന്നേരം കുളിക്കുന്നതിനേക്കാൾ പ്രധാനമാണ് നിങ്ങളുടെ ബെഡ്ഷീറ്റുകൾ വൃത്തിയാക്കുന്നത് എന്നാണ് മൈക്രോബയോളജി വിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വൈകുന്നേരം കുളിച്ച് വൃത്തിയായി ഉറങ്ങാൻ പോകുകയും എന്നാൽ ഒരു മാസത്തേക്ക് ആ ബെഡ്ഷീറ്റുകൾ വൃത്തിയാക്കാതിരിക്കുകയും ചെയ്താൽ ബാക്ടീരിയ, അഴുക്ക്, പൊടിപടലങ്ങൾ എന്നിവ അടിഞ്ഞുകൂടാൻ വഴിതെളിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. പൊടിപടലങ്ങളും ശരീര വിസർജ്ജനവുമായി ഇത്രയധികം കാലം സമ്പർക്കം പുലർത്തുന്നത് അലർജിക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. വൃത്തിയാക്കാത്ത കിടക്കവിരിയിൽ പതിവായി ഉറങ്ങുന്നത് ചർമ്മ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

രാത്രിയിൽ കുളിക്കുന്നത് ഉറക്കത്തിന് സഹായിക്കും എന്നാണ് മറ്റൊരു വാദം. ഈ വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളുമുണ്ടെന്നാണ് ബിബിസി പറയുന്നത്. 13 പഠനങ്ങളുടെ ഫലങ്ങൾ താരതമ്യം ചെയ്ത ഒരു മെറ്റാ അനാലിസിസിൻ്റെ അടിസ്ഥാനത്തിലാണ് ബിബിസി ഇത് ചൂണ്ടിക്കാണിക്കുന്നത്. ഉറങ്ങാൻ പോകുന്നതിന് ഒന്നോ രണ്ടോ മണിക്കൂർ മുമ്പ് 10 മിനിറ്റ് കുളിക്കുന്നത് വളരെ വേ​ഗം ഉറക്കം സഹായിക്കുമെന്നാണ് കണ്ടെത്തൽ. എന്നാൽ ഇതിന് ശാസ്ത്രീയമനായി സ്ഥിരീകരണമില്ല. ഇതൊക്കെ ആണെങ്കിലും പകൽ സമയത്ത് ഫ്രഷ് ആയും വൃത്തിയായും ഇരിക്കണോ അതോ രാത്രിയിലാണോ അത് നിങ്ങൾ ഇഷ്ടപ്പെടുന്നത് എന്ന വ്യക്തിപരമായ ചോയ്സാണ് ഇവിടെ പ്രധാനം. സ്വകാര്യഭാ​​ഗങ്ങൾ ദിവസേന വൃത്തിയായി സൂക്ഷിക്കുകയും ആഴ്ചയിൽ രണ്ട് തവണ കുളിക്കുകയും ചെയ്താലും ആരോ​ഗ്യവും ശുചിത്വവും നിലനിർത്താൻ സാധിക്കുമെന്നും അഭിപ്രായങ്ങളുണ്ട്. ഇതൊക്കെയാണെങ്കിലും നമ്മൾ ചെയ്യുന്ന ജോലിക്ക് കുളിയുമായി വലിയ പ്രധാന്യമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശരീരം ഏറ്റവും അധികം അഴുക്കും മാലിന്യവും വിയർപ്പും അടിയാൻ സാധ്യതയുള്ളവരെ സംബന്ധിച്ച് ജോലി കഴിഞ്ഞെത്തിയാൽ കുളി അനിവാര്യമാണ്. ശാരീരിക അധ്വാനം ആവശ്യമുള്ളവരെ സംബന്ധിച്ച് രാത്രിയിലെ കുളി പലപ്പോഴും പ്രധാനമാണ്. എന്തായാലും രണ്ട് നേരവും കുളിക്കുക എന്ന മലയാളിയുടെ പൊതുവെയുള്ള ശീലം ആരോ​ഗ്യപരമായി നല്ലതാണ് എന്ന് തന്നെ പറഞ്ഞ് വെയ്ക്കാം. രണ്ടു നേരം കുളിച്ചാലും നിങ്ങൾ കിടക്കവിരിയും തലയിണ ഉറയുമെല്ലാം പതിവായി മാറ്റാൻ മറക്കരുതേ.

Content Highlights: Some people prefer to shower in the morning, others in the Night

To advertise here,contact us