കാൻസർ കണ്ടുപിടിക്കാൻ എഐ സാങ്കേതികവിദ്യ; ഓങ്കോളജിസ്റ്റുകൾക്കിടയിൽ അഭിപ്രായഭിന്നത

എഐ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വളരെ നിർണായകമാണ് ഈ പഠനം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്‌നോളജി മനുഷ്യരാശിയെ മാറ്റിമറിക്കുന്ന കാലമാണ് കടന്നുപോകുന്നത്. എഐ ഇല്ലാത്ത ഒരു മേഖല പോലും ഇപ്പോഴില്ല എന്നതാണ് യാഥാർഥ്യം. മനുഷ്യന്റെ നിത്യജീവിതവുമായി, തൊഴിൽ പരിസരങ്ങളുമായി എഐ അത്രയ്ക്ക് ഇടപഴകിയിരിക്കുന്നു.

എഐയുടെ കടന്നുവരവ് പല മേഖലകളിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ആരോഗ്യമേഖലയിലടക്കം അവ പോസിറ്റീവ് ആയ മാറ്റം സൃഷ്ടിച്ചുവെന്ന് ആരോഗ്യപ്രവർത്തകർ പൊതുവെ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ ഇതിനിടെ ഓങ്കോളജിസ്റ്റുകളിൽ (ക്യാൻസർ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുന്ന ഡോക്ടർമാർ ) എഐയെ പറ്റി രണ്ടഭിപ്രായമാണ് ഈ വിഷയത്തിലുള്ളത്.

മെഡ്‌സ്‌കേപ്പ് എന്ന ഹെൽത്ത് വെബ്‌സൈറ്റ് നടത്തിയ സർവേയിലാണ് ഓങ്കോളജിസ്റ്റുമാർക്കിടയിൽ അഭിപ്രായവ്യത്യാസം ഉള്ളതായി കണ്ടെത്തിയത്. 140 ഡോക്ടർമാരിലാണ് മെഡ്‌സ്‌കേപ്പ് പഠനം നടത്തിയത്. ഇതിൽ മൂന്നിലൊന്ന് ഡോക്ടർമാരും കാൻസർ കണ്ടെത്തുന്നതിലും ഡയഗ്‌നോസ് ചെയ്യുന്നതിലും എഐ സഹായകരമാകുന്നുണ്ട് എന്ന് അഭിപ്രായപ്പെട്ടു. 35 ശതമാനം ഡോക്ടർമാർ എഐയെക്കൊണ്ട് ഉപയോഗമില്ല എന്നും 32 ശതമാനം ഡോക്ടർമാർ ഉണ്ട് എന്നും അഭിപ്രായമുള്ളവരാണ്. എഐ ഉപയോഗിച്ച് കണ്ടത്താനും ഡയഗ്‌നോസ് ചെയ്യാനും സാധിച്ച ക്യാൻസറുകളിൽ മുൻപന്തിയിലുള്ളവ ബ്രെസ്റ്റ്, ശ്വാസകോശം, പ്രോസ്ട്രേറ്റ് എന്നിവയെ ബാധിക്കുന്നതാണ്. തലച്ചോർ, കിഡ്‌നി എന്നിവയെ ബാധിക്കുന്നതാണ് ഏറ്റവും കുറവ്.

എഐ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വളരെ നിർണായകമാണ് ഈ പഠനം. ഇമേജ് അധിഷ്‌ഠിത രീതികളിലൂടെയാണ് കാൻസർ കണ്ടെത്തുന്നതിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് എന്നതിനാൽ എഐ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നത് ഉപകാരപ്രദമാണെന്നാണ് ഡോക്ടർമാരുടെ പൊതുവെയുള്ള വിലയിരുത്തൽ. ഡോക്ടർ ജോലി എളുപ്പമാക്കുകയും രോഗനിർണയം വേഗത്തിലാക്കുകയും ചെയ്യുന്നതിലൂടെ നിലവിലെ എഐ ടൂളുകൾ നിർവഹിക്കുന്ന കടമകൾ ചെറുതല്ല എന്നും ചില ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

എന്നാൽ നീണ്ട കാലത്തെ പഠനവും മറ്റും ഇതുമായി ബന്ധപ്പെട്ട് ആവശ്യമുണ്ട് എന്ന പക്ഷക്കാരാണ് ചില ഡോക്ടർമാർ. എഐ ടൂളുകൾ ഉപയോഗിച്ചുളള രോഗനിർണയം കൃത്യമായ ഫലം തരുമോ, നിലവിലെ ഫലങ്ങളിലെ കൃത്യതയോട് അവ പൊരുത്തപ്പെടുന്നുണ്ടോ എന്നതെല്ലാം പഠനവിധേയമാക്കാനുണ്ട് എന്നതാണ് ചില ഡോക്ടർമാരുടെ പക്ഷം.

Content Highlights: oncologists divided over AIs role in finding cancer

To advertise here,contact us