പുകയില ഉത്പന്നങ്ങളുടെ ഉപയോഗം, മദ്യപാനം എന്നിവമൂലം തലയിലും കഴുത്തിലും കാന്സര് ഉണ്ടാകുന്ന രോഗികളുടെ എണ്ണം തമിഴ്നാട്ടില് വര്ധിച്ചുവരികയാണ്. പലരും രോഗത്തിന്റെ മൂര്ദ്ധന്യാവസ്ഥയിലാണ് ആശുപത്രികളില് എത്തുന്നത് അതുകൊണ്ടുതന്നെ ചികിത്സ നല്കാന് ബുദ്ധിമുട്ടാണെന്നും പലരെയും രക്ഷിക്കാനാവുന്നില്ലെന്നുമുളള ആശങ്കയിലാണ് ഡോക്ടര്മാര്. രോഗത്തിന്റെ തുടക്കത്തില് ആശുപത്രിയില് വരുന്നവര് 10-15 ശതമാനമാണ്. രണ്ടാം ഘട്ടത്തില് എത്തുന്നവര് 35 ശതമാനവും മൂന്നാം ഘട്ടത്തിലും നാലാം ഘട്ടത്തിലും എത്തുന്നവര് 50 ശതമാനം പേരുമാണെന്ന് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലെ ഓങ്കോളജിസ്റ്റായ ഡോ. അനിത രമേശ് പറയുന്നത്.
മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്ഷുറന്സ് പദ്ധതി പ്രകാരം ശസ്ത്രകിയ നടത്താനും റേഡിയേഷന് വേണ്ടിയും കീമോതെറാപ്പിക്ക് വേണ്ടിയുമുളള മരുന്നുകള് ചേര്ന്നുളള ചികിത്സാ പദ്ധതികള് തമിഴ്നാട്ടില് ഇതിനോടകം നല്കുന്നുണ്ടെങ്കിലും രോഗികള് ചികിത്സ തേടാന് താമസിക്കുന്നത് സങ്കീര്ണത വര്ധിപ്പിക്കുകയാണ്.
ഒമാന്ദുരാര് സൂപ്പര് സ്പെഷ്യാലിറ്റി മെഡിക്കല്കോളജിലെ ഓങ്കോളജി വിഭാഗത്തിന്റെ തലവനായ ഡോ. പ്രേംകുമാര് ദേവ്ദോസ് പറയുന്നത് രോഗികള്ക്ക് സര്ക്കാര് ആശുപത്രിയെ വിശ്വാസമില്ലെന്നും ഡോക്ടര്മാര് നല്ല മരുന്ന് നല്കുന്നില്ലെന്നുമാണ്. സ്വകാര്യ ആശുപത്രികള് വലിയ തുക ചികിത്സയ്ക്കായി വാങ്ങുന്നതിനാല് രോഗികള് അങ്ങോട്ട് പോകാനും മടിക്കുകയാണ്. ആശുപത്രിയില് എത്തുമ്പോള് രോഗം മൂര്ദ്ധന്യാവസ്ഥയില് എത്തിയുട്ടുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
പുകവലിയുടെയും മദ്യപാനത്തിന്റെയും അനന്തര ഫലങ്ങള്
Globocan നല്കുന്ന റിപ്പോര്ട്ട് അനുസരിച്ച് ഇന്ത്യയില് 1.41 ദശലക്ഷം കാന്സര് കേസുകളാണ് വര്ധിച്ചിട്ടുള്ളത്. മരണങ്ങള് 7,22,138 ആണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. വായിലെ കാന്സറുകള് മാത്രം 1.43 ലക്ഷത്തിലധികമാണ്. ഇന്ത്യയില് പുരുഷന്മാരില് ഏറ്റവും അധികം കാണപ്പെടുന്ന കാന്സറാണ് വായിലെ കാന്സര്.
പുകയിലയും മദ്യപാനവും തമിഴ്നാട്ടിലെ കുടിയേറ്റ തൊഴിലാളികളുടെ ഇടയില് വര്ധിച്ച തോതില് കാന്സര് വരാന് കാരണമാകുന്നതായി ഡോക്ടര്മാര് പറയുന്നു. ഓറല് കാന്സര് ക്ലിനിക്കുകളും സ്ക്രീനിംഗ് പ്രോഗ്രാമുകളും എല്ലാം ഉണ്ടെങ്കിലും അവയെല്ലാം ഉപയോഗൂന്യമായി കിടക്കുകയാണെന്നും ആരോഗ്യവിദഗ്ധര് അറിയിച്ചു. ആളുകള്ക്കിടയില് രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള അവബോധം വര്ധിപ്പിക്കുന്നതാണ് ഇത്തരം അപകടങ്ങള് ഒഴിവാക്കാനുളള മാര്ഗ്ഗമെന്നുമാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
Content Highlights :The number of head and neck cancer patients is increasing in Tamil Nadu due to the use of tobacco products and alcohol consumption