കൊവിഡ് രോഗബാധയുമായി രണ്ട് വര്ഷം ജീവിച്ച ഒരു HIV ബാധിതനെക്കുറിച്ചുളള വാര്ത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മാധ്യമങ്ങളില് കണ്ടുവരികയാണ്. ഒരാളുടെ ശരീരത്തില് കൊവിഡ് അണുബാധ ഇത്രയുംകാലം നിലനില്ക്കുമോ? എന്ന ചോദ്യമയിരിക്കും ഇപ്പോള് എല്ലാവരുടെയും മനസിലേക്ക് കടന്നുവരുന്നത്. എന്നാല് ഇക്കാര്യം സത്യമാണ്. 41 കാരനായ എച്ച് ഐവി അണുബാധയുള്ള ഒരു വ്യക്തിയിലാണ് ഈ അപൂര്വ്വ സംഭവം കണ്ടെത്തിയതായി ആരോഗ്യവിദഗ്ധര് വെളിപ്പെടുത്തുന്നത്.
മിക്ക ആളുകളിലും കൊവിഡ് -19 അണുബാധ ആഴ്ചകള്ക്കുളളില്ത്തന്നെ മാറും. എന്നാല് ഇയാളുടെ ശരീരത്തില് 750 ദിവസം അതായത് രണ്ട് വര്ഷക്കാലമായി കൊവിഡ് വൈറസ് തങ്ങിനിന്നുവെന്നാണ് 'ദി ലാന്സൈറ്റില്' നടത്തിയ ഒരു പഠനത്തില് പറയുന്നത്.
2002 മുതല് എച്ച്ഐവി/ എയ്ഡ്സ് ബാധിതനായിരുന്നു ഇയാള്. 2020 മെയ്മാസത്തിലാണ് ഈ മനുഷ്യന് ആദ്യമായി കൊവിഡ് ബാധിക്കുന്നത്. വൈറസ് ശരീരത്തിന് തങ്ങിനിന്ന രണ്ട് വര്ഷ കാലയളവില് തുടര്ച്ചയായി ശ്വസിക്കാനുളള ബുദ്ധിമുട്ടുകള്, തലവേദന, ശരീരവേദന, ക്ഷീണം എന്നിവയാല് അഞ്ച് തവണ ആശുപത്രിയില് പ്രവേശിക്കപ്പെട്ടിരുന്നു.. എച്ച്ഐവി നിയന്ത്രിക്കിക്കാന് ഇയാള് സ്ഥിരമായി ആന്റി റിട്രോവൈറല് തെറാപ്പി (എആര്ടി)എടുത്തിരുന്നില്ല. 2021 മാര്ച്ചിലും 2022 ജൂലൈക്കും ഇടയില് ശേഖരിച്ച എട്ട് ക്ലിനിക്കല് സാമ്പിളുകള് ഉപയോഗിച്ചാണ് ഇദ്ദേഹത്തിന്റെ അണുബാധ കണ്ടെത്തുന്നത്.
പഠനങ്ങള് വ്യക്തമാക്കുന്നത്
വൈറസ് മാറിയതിന് ശേഷവും ലക്ഷണങ്ങള് നിലനില്ക്കുന്ന തരത്തിലുളള ദീര്ഘകാല കൊവിഡ് അല്ല ഇയാള്ക്ക് ബാധിച്ചതെന്നും രണ്ട് വര്ഷത്തിലേറെയായി ആവര്ത്തിച്ച് വരുന്ന ഒരു സജീവ അണുബാധയാണ് ഇതെന്നും ഇയാളുടെ കേസ് പഠിച്ച ഗവേഷകര് വ്യക്തമാക്കുന്നു. ലാന്സൈറ്റില് പ്രസിദ്ധീകരിച്ച റിപ്പോര്ട്ടില് രോഗപ്രതിരോധശേഷി കുറഞ്ഞ വ്യക്തികളില് SARS-CoV-2 ഒരു വിട്ടുമാറാത്ത മാരകമല്ലാത്ത അണുബാധയ്ക്ക് കാരണമാകുന്നുവെന്ന് എടുത്തുപറയുന്നുണ്ട് . പ്രതിരോധ ശേഷി കുറഞ്ഞവരില് സ്ഥിരമായി ഉണ്ടാകുന്ന അണുബാധകള് വൈറസിന്റെ മ്യൂട്ടേഷനുള്ള ആന്തരിക ലാബുകളായി പ്രവര്ത്തിക്കുകയാണത്രേ.
രോഗപ്രതിരോധശേഷി കുറഞ്ഞവര് ശ്രദ്ധിക്കേണ്ടതുണ്ട്, ആരോഗ്യസംരക്ഷണം അനിവാര്യം
രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളില് ദീര്ഘകാല അണുബാധകള് ഒമിക്രോണ് പോലെയുള്ള വൈറസുകളുടെ വളര്ച്ചയ്ക്കുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. അണുബാധ ഉണ്ടായിരുന്ന രണ്ട് വര്ഷ കാലയളവില് ഈ പ്രത്യേക രോഗിയുടെ ശരീരത്തിലെ വൈറസ് സ്പൈക്ക് പ്രോട്ടീന് മ്യൂട്ടേഷനുകള്ക്ക് വിധേയമാവുകയും ഇത് ആന്റിബോഡികളില്നിന്ന് രക്ഷപെടാനും അകമേയുളള കോശങ്ങളുമായുള്ള ബന്ധം വര്ധിപ്പിക്കാനും സഹായിച്ചു. രോഗിയിലുണ്ടായ മ്യൂട്ടേഷനുകളും ഒമിക്രോണില് ഉണ്ടായിരുന്ന മ്യൂട്ടേഷനുകളും തമ്മില് ശ്രദ്ധേയമായ സമാനതകള് ഉള്ളതായും പഠനം കണ്ടെത്തി.
ഈ കേസിലെ രോഗിക്ക് SARS_CoV-2 നെതിരെയുള്ള ആന്റിവൈറലുകളോ മറ്റ് ചികിത്സകളോ ലഭിച്ചില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. അതുപോലെ അയാളുടെ എച്ച് ഐവി അണുബാധ തുടര്ച്ചയായ CCD4 കൗണ്ട് (എച്ച് ഐവി വൈറസ് ബാധിച്ചിട്ടുണ്ടെങ്കില് ഒരാളിലെ രോഗപ്രതിരോധ സംവിധാനത്തിന്റെ ആരോഗ്യം പരിശോധിക്കുന്നതിനാണ് CCD കൗണ്ട് ഉപയോഗിക്കുന്നത്) കൊണ്ട് നിയന്ത്രിക്കാന് കഴിഞ്ഞിട്ടുമുണ്ടായിരുന്നില്ല. എല്ലാവര്ക്കും ആരോഗ്യസംരക്ഷണം മതിയായ രീതിയില് ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ഈ കേസ് വ്യക്തമാക്കുന്നുണ്ട്. എച്ച് ഐവി ബാധിതര്ക്കും പ്രതിരോധശേഷി കുറയ്ക്കുന്ന മറ്റ് അവസ്ഥകള്ക്കും മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷാ സൗകര്യം നടപ്പിലാക്കണം. അത്തരം വ്യക്തികള്ക്ക് SARS_Co-2 കണ്ടെത്തിയാല് ആദ്യകാല ആന്റിവൈറല് ചികിത്സ നടപ്പിലാക്കുകയും വേണമെന്നാണ് ഈ കേസ് സൂചിപ്പിക്കുന്നത്.
Content Highlights :An HIV positive person who lived with COVID for two years