യുവാക്കളേ നിങ്ങള്‍ക്ക് കൊളസ്‌ട്രോള്‍ ഉണ്ടോ ? ലക്ഷണങ്ങള്‍ ഇവയാണ്

മോശം ജീവിതശൈലിമൂലം ചെറുപ്പക്കാരില്‍ ഇന്ന് കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ കൂടുതലാണ്

ഇന്നത്തെ കാലത്തെ മോശം ജീവിതശൈലി പല ചെറുപ്പക്കാരെയും രോഗികളാക്കുകയാണ്. അക്കൂട്ടത്തില്‍ ഏറ്റവും ഗൗരവമേറിയ ഒന്നാണ് ചെറുപ്പക്കാരില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത്. മുന്‍പൊക്കെ കൊളസ്‌ട്രോള്‍ പ്രായമായവരെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നമായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ധാരാളം യുവാക്കളെയും ഈ രോഗാവസ്ഥ പിടികൂടി കഴിഞ്ഞു.

മോശമായ ഭക്ഷണക്രമം, വ്യായാമക്കുറവ്, ജനിതകപരമായ ഘടകങ്ങള്‍, ജീവിതശൈലി ഇവയെല്ലാം കൊളസ്‌ട്രോളിന്റെ ഉയര്‍ന്ന അളവിന് കാരണമാകുന്നു. കൊളസ്‌ട്രോളുമായി ബന്ധപ്പെട്ടുളള ഏറ്റവും വലിയ ആശങ്ക ഇതിന്റെ ലക്ഷണങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടാണ് എന്നതാണ്. എന്നിരുന്നാലും പ്രശ്‌നം വഷളാകുന്നതിന് മുന്‍പ് രോഗലക്ഷണം കണ്ടെത്താന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്.

കണ്ണുകള്‍ക്ക് ചുറ്റും ഉണ്ടാകുന്ന മൃദുവായ മഞ്ഞപാട്

കണ്ണിന്റെ മൂലകളിലും കണ്ണിന് ചുറ്റുപാടും മഞ്ഞ നിറത്തില്‍ കാണപ്പെടുന്ന പാടുകള്‍(സാന്തെലാസ്മ). ചര്‍മ്മത്തിനടിയില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുമ്പോഴാണ് ഈ ലക്ഷണം കാണപ്പെടുന്നത്. പാടുകള്‍ ദോഷകരമല്ലെങ്കിലും ഇവ 'ലിപിഡ് ഡിസോര്‍ഡറി'ന്റെ സൂചനയാണ്.(രക്തത്തില്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ തുടങ്ങിയ കൊഴുപ്പ് പദാര്‍ഥങ്ങള്‍ അനാരോഗ്യകരമായ അളവില്‍ അടങ്ങിയിരിക്കുന്ന അവസ്ഥയാണിത്).

എന്തെങ്കിലും പ്രവൃത്തി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന നെഞ്ചുവേദന

എന്തെങ്കിലും പ്രവൃത്തി ചെയ്യുമ്പോഴോ വ്യായാമത്തിനിടയിലോ നെഞ്ചുവേദന ഉണ്ടാകുന്നത് കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടാണ്. മിക്കവാറും ചെറുപ്പക്കാര്‍ ഇത്തരം വേദനയെ അവഗണിക്കപ്പെടുകയോ പേശി വേദനയായികണ്ട് തെറ്റിദ്ധരിക്കുകയോ ചെയ്യും. പക്ഷേ ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിന്റെ ലക്ഷണമായി വേണം ഇതിനെ കാണാന്‍. അസ്വസ്ഥത ആവര്‍ത്തിച്ച് വരികയാണെങ്കില്‍, കൊളസ്‌ട്രോള്‍ പരിശോധനയ്ക്കും ഹൃദയ സംബന്ധമായ പരിശോധനയ്ക്കും വിധേയമാകണം.

ചര്‍മ്മത്തിനടിയില്‍ ഉണ്ടാകുന്ന മുഴകള്‍

ചര്‍മ്മത്തിനടിയിലുണ്ടാകുന്ന കൊഴുപ്പ് നിറഞ്ഞ മുഴകളെ ' സാന്തോമകള്‍' എന്നാണ് പറയുന്നത്. കട്ടിയുളളതും വേദനയില്ലാത്തതുമായ ചെറിയ മുഴകളാണ് ഇവ. കൈമുട്ടുകള്‍, കാല്‍ മുട്ടുകള്‍ , കൈകാലുകള്‍ എന്നിവയിലെ ചര്‍മ്മത്തിനടിയിലാണ് ഇവ വികസിക്കുന്നത്. ചെറുപ്പക്കാരില്‍ ഈ ലക്ഷണം കാണുന്നത് ഭാവിയില്‍ 'ഹൈപ്പര്‍ കൊളസ്‌ട്രോളീമിയ' എന്ന അവസ്ഥയ്ക്ക് കാരണമാകാം. സാന്തോമകള്‍ വളരെ നേരത്തെ ശരീരത്തിലെ കൊളസ്‌ട്രോള്‍ കണ്ടെത്താന്‍ സഹായകമാകുന്നു.

പേശികള്‍ക്ക് വേദന

നടക്കുമ്പോള്‍ പേശികള്‍ക്ക് വേദനയുണ്ടാകുന്നത് 'ക്ലോഡിക്കേഷന്‍' എന്നറിയപ്പെടുന്ന മെഡിക്കല്‍ അവസ്ഥയാണ്. ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നതുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.പ്രായമായവരില്‍ കാണപ്പെടുന്ന അവസ്ഥാണ് ഇതെങ്കിലും ഉയര്‍ന്ന അളവില്‍ കൊളസ്‌ട്രോള്‍ ഉളള ചെറുപ്പക്കാരിലും ഈ ലക്ഷണങ്ങള്‍ ഉണ്ടാകാം.

പാരമ്പര്യമായി കൊളസ്‌ട്രോള്‍ ഉള്ളവര്‍

ആരോഗ്യം ഉളളവരാണെങ്കില്‍ കൂടി പാരമ്പര്യമായി കൊളസ്‌ട്രോള്‍ ഉള്ളവരിലും ഇത് വരാവുന്നതാണ്.ഇങ്ങനെയുളളവര്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുകയും ഡോക്ടറെ കാണുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. പതിവ് പരിശോധനകള്‍, നേരത്തെയുളള കണ്ടെത്തല്‍ ഇവയൊക്കെ ആരോഗ്യത്തെ വളരെയധികം സഹായിക്കും.

Content Highlights :Identifying cholesterol symptoms in young people

To advertise here,contact us