ജിമ്മിൽ പോകുന്നവരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് മുട്ട. പ്രോട്ടീൻ സമ്പുഷ്ടമായ മുട്ട നിങ്ങളുടെ പേശികളെ റീബിൽഡ് ചെയ്യുന്നതിനും ഊർജ്ജം നൽകുന്നതിനും മികച്ച് നിൽക്കുന്നു. എന്നാൽ സസ്യാഹാരം മാത്രം കഴിക്കുന്നവർക്കും മുട്ട കഴിക്കാനിഷ്ടമല്ലാത്തവർക്കും ഇത്രയും തന്നെ പ്രോട്ടീൻ റിച്ചായ മറ്റ് ഭക്ഷണങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടായി കരുതാറുണ്ട്. എന്നാൽ അവർക്കായി മുട്ടയ്ക്ക് പകരം അത്ര തന്നെ പ്രോട്ടീൻ സമ്പുഷ്ടമായ മറ്റ് ചില ഭക്ഷണങ്ങളെ പരിചയപ്പെടുത്താം.
പനീർ
ഏറ്റവും ലഭ്യവും വ്യാപകവുമായി പലരും അവരുടെ ഡയറ്റിൽ ഉപയോഗിച്ചു വരുന്ന ഒന്നാണ് പനീർ. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളിൽ ഒന്നായ പനീറിൽ 100 ഗ്രാമിന് ഏകദേശം 13 ഗ്രാം പ്രോട്ടീൻ ഉൾകൊള്ളുന്നു. ഒരു മുട്ട നൽകുന്നതിനേക്കാൾ ഇരട്ടിയിലധികം പ്രോട്ടീൻ ഇതിലുണ്ട്. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും പേശികളെയും അസ്ഥികളെയും ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.
മത്തങ്ങ വിത്തുകൾ
കാണാൻ ചെറുതാണെങ്കിലും പോഷകസമൃദ്ധമാണ് മത്തങ്ങ വിത്തുകൾ. വെറും 28 ഗ്രാമിൽ 9 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമായ ഈ വിത്തുകൾ ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കടല
അര കപ്പ് കടലയിൽ ഇരുമ്പ്, ഫോസ്ഫറസ്, ഫോളേറ്റ് എന്നിവയ്ക്കൊപ്പം ഏകദേശം 8 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ക്ഷീണം കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഊർജ്ജ ബൂസ്റ്ററായി പോഷകാഹാര വിദഗ്ധർ ശുപാർശ ചെയ്യുന്നു.
നിലക്കടല
"പാവപ്പെട്ടവന്റെ നട്സ്" എന്നറിയപ്പെടുന്ന നിലക്കടലയിൽ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം വിളമ്പിൽ ഏകദേശം 25 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന വിറ്റാമിൻ ഇയും ഇതിൽ ഉൾപ്പെടുന്നു.
ഇതുകൂടാതെ സലാഡുകൾ, ലഘുഭക്ഷണങ്ങൾ, ഗ്രേവികൾ, മധുരപലഹാരങ്ങൾ എന്നിവ നിന്ന് ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താം. താങ്ങാനാവുന്നതും എളുപ്പത്തിൽ ലഭ്യമാകുന്നതുമായ ഇവയ്ക്ക് പ്രോട്ടീനുകൾക്കും വിലകൂടിയ സപ്ലിമെന്റുകൾക്കും പ്രകൃതിദത്ത ബദലായി പ്രവർത്തിക്കാൻ കഴിയും.
Content Highlights- Don't like eggs but need protein; then try these four foods