നമ്മുടെ ഹൃദയവും എല്ലാ അവയവങ്ങളെയും പോലെതന്നെ പ്രായവും മോശം ജീവിതശൈലിയും കൊണ്ട് ദുര്ബലമാകുന്നുണ്ട്. അതുകൊണ്ടാണ് കൊഴുപ്പ്, കൊളസ്ട്രോള്, മറ്റ് വസ്തുക്കള് എന്നിവ രക്തക്കുഴലുകളില് അടിഞ്ഞുകൂടി ധമനികള് അടഞ്ഞുപോകുന്നത്. ഇത് രക്തയോട്ടം കുറയുന്നതിനോ മറ്റ് സങ്കീര്ണതകള്ക്കോ കാരണമാകുന്നു. മാത്രമല്ല ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലേക്ക് നയിക്കുന്നു. ധമനികളില് ബ്ലോക്ക് നേരത്തെ കണ്ടെത്തുന്നത് നിങ്ങളുടെ ശരീരത്തെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്നിന്ന് സംരക്ഷിക്കാന് സഹായിക്കും. ധമനികളില് ബ്ലോക്ക് ഉണ്ടോ എന്ന് മനസിലാക്കാനുള്ള സൂചനകള് ഇവയാണ്.
നെഞ്ചുവേദനയോ അസ്വസ്ഥതയോ ഉണ്ടാകുന്നു
നെഞ്ചുവേദന ധമനികളില് ബ്ലോക്ക് ഉണ്ടായി എന്ന് സൂചിപ്പിക്കുന്ന ഏറ്റവും സാധാരണമായ ലക്ഷണമാണ്. നെഞ്ചിന്റെ മധ്യഭാഗത്തോ ഇടതുവശത്തോ വരിഞ്ഞുമുറുകുന്നതായോ, സമ്മര്ദ്ദമോ, ഭാരം എടുത്തുവച്ചിരിക്കുന്നതുപോലെയോ ആയ വേദന അനുഭവപ്പെടുന്നു. ധമനികളിലെ ബ്ലോക്കില് നിന്നുണ്ടാകുന്ന അസ്വസ്ഥത നെഞ്ചിന്റെ ഭാഗത്ത് നിന്ന് കൈകള്, കഴുത്ത്, താടിയെല്ല്, തോള്, പുറം തുടങ്ങിയ ഭാഗങ്ങളിലേക്ക് നീങ്ങുന്നു. നിങ്ങള് വിശ്രമിക്കുമ്പോഴോ മരുന്ന് കഴിക്കുമ്പോഴോ വേദന മാറും. നെഞ്ചുവേദന ദീര്ഘനേരം നീണ്ടുനില്ക്കുമ്പോഴോ അല്ലെങ്കില് തീവ്രമാകുമ്പോഴോ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ശ്വാസം മുട്ടല്
ഹൃദയത്തിന് ശരിയായി പ്രവര്ത്തിക്കാന് ഓക്സിജന് അടങ്ങിയ രക്തം ആവശ്യമാണ്. എന്നാല് ധമനികളില് ഉണ്ടാകുന്ന ബ്ലോക്ക് രക്തപ്രവാഹത്തെ തടസപ്പെടുത്തുന്നു. ഇത് ശ്വസന ബുദ്ധിമുട്ടുകളിലേക്ക് നയിക്കുന്നു. ശാരീരിക പ്രവര്ത്തനങ്ങള്ക്കിടയിലും ചിലപ്പോള് വിശ്രമിക്കുമ്പോഴും ശ്വാസംമുട്ടല് ഉണ്ടായേക്കാം. ശ്വാസംമുട്ടല് കൊണ്ട് നെഞ്ചുവേദനയോ ബോധക്ഷയമോ ഉണ്ടാകുമ്പോള് ഉടനടി വൈദ്യപരിശോധന ആവശ്യമാണ്.
കാലുകളിലോ കൈകളിലോ വേദനയും മരവിപ്പും
കൈകളിലോ കാലുകളിലോ ഉള്ള ധമനികള് അടഞ്ഞുപോകുമ്പോഴാണ് പെരിഫറല് ആര്ട്ടറി ഡിസീസ് (PAD) എന്ന അവസ്ഥ ഉണ്ടാകുന്നത്. ഇത് കൈകാലുകളിലേക്കുളള രക്തയോട്ടം തടയുന്നു. നടക്കുമ്പോഴോ വ്യായാമം ചെയ്യുമ്പോഴോ മസില് കയറുക, വേദന, ബലഹീനത എന്നിവ അനുഭവപ്പെടുന്നു. എന്നാല് വിശ്രമിക്കുമ്പോള് ഈ ലക്ഷണങ്ങള് അപ്രത്യക്ഷമാകും. ധമനികളില് ബ്ലോക്കുണ്ടായിട്ടുളള അവയവങ്ങളില് മരവിപ്പുണ്ടാവുകയും ചര്മ്മത്തിന്റെ നിറം മാറുകയും ചെയ്യുന്നു. ലക്ഷണങ്ങള് കണ്ടെത്തി ചികിത്സിക്കുന്നത് അവയവത്തിന് കേടുപാടുകള് സംഭവിക്കുന്നതും അതിന്റെ പ്രവര്ത്തനം നഷ്ടപ്പെടുന്നതും തടയും
തലകറക്കം, വിയര്ക്കല്, ഓക്കാനം
ഹൃദയത്തിലേക്കോ തലച്ചോറിലേക്കോ രക്തം വിതരണം ചെയ്യുന്ന ധമനികള് അടഞ്ഞുപോകുമ്പോള് തലകറക്കം അനുഭവപ്പെടുന്നു. ശരീരം പെട്ടെന്ന് വിയര്ക്കുന്നു. അതേ സമയം തന്നെ ബലഹീനതയും തളര്ച്ചയും അനുഭവപ്പെടും. ഹൃദയാഘാതത്തിന് മുമ്പ് പലപ്പോഴും പ്രത്യക്ഷപ്പെടുന്ന ലക്ഷണമാണ് ഓക്കാനം, ഛര്ദ്ദി എന്നിവ. ആവശ്യത്തിന് ഓക്സിജന് വിതരണം ഇല്ല എന്നാണ് ഈ ലക്ഷണങ്ങള് സൂചിപ്പിക്കുന്നത്.
ക്രമരഹിതമായ ഹൃദയമിടിപ്പ്
ധമനികളില് ബ്ലോക്കുണ്ടാകുമ്പോള് ക്രമരഹിതമായ ഹൃദയമിടിപ്പുണ്ടാകുന്നു. ഈ അവസ്ഥയുടെ ഫലമായി ക്ഷീണവും ബലഹീനതയും ഉണ്ടാകുന്നു. നെഞ്ചുവേദന, ശ്വാസതടസ്സം, തലകറക്കം എന്നിവയ്ക്കൊപ്പം ഹൃദയമിടിപ്പ് പ്രത്യക്ഷപ്പെടുമ്പോള് അപകടകരമായ ഒരു ഹൃദയ അവസ്ഥ നിലനില്ക്കുന്നു എന്നുവേണം മനസിലാക്കാന്. അത്തരമൊരു സാഹചര്യത്തില് ഡോക്ടറെ കാണേണ്ടത് വളരെ അത്യാവശ്യമാണ്.
Content Highlights :How do you know if your arteries are blocked before a heart attack?