വെറും 30 ദിവസത്തേക്ക് മദ്യം ഒഴിവാക്കി നോക്കൂ; ശരീരത്തിലെ മാറ്റങ്ങൾ ജീവിതത്തെ തന്നെ മാറ്റി മറിച്ചേക്കാം

മദ്യപാനം ചെറിയ തോതിലാണെങ്കിൽ പോലും അത് ശരീരത്തിൽ ഹ്രസ്വവും ദീർഘവുമായ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും

ശരീരത്തിൻ്റെ പല അവയവങ്ങൾക്കും ദോഷം ചെയ്യുന്ന ശീലമാണ് മദ്യപാനം. പലരും ചെറിയ രീതിയിലുള്ള മദ്യപാനം ശരീരത്തിന് ഹാനികരമല്ലെന്ന് കരുതുന്നു. എന്നാൽ മദ്യപാനം ചെറിയ തോതിലാണെങ്കിൽ പോലും അത് ശരീരത്തിൽ ഹ്രസ്വവും ദീർഘവുമായ ആരോ​ഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും.

ലോകാരോഗ്യ സംഘടനയുടെ നിരീക്ഷണങ്ങൾ പ്രകാരം ദിവസത്തിൽ ഒരു ​ഗ്ലാസ് മദ്യം കുടിക്കുന്നത് പോലും ആരോഗ്യത്തിന് ഹാനികരമാണ്. അമിതമായ മദ്യപാനം ശരീരഭാരം, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്ക് പുറമെ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുൾപ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ 30 ദിവസത്തേക്ക് മദ്യം പൂർണമായി ഒഴിവാക്കിയാൽ എന്തെല്ലാം മാറ്റങ്ങളാണ് അത് ശരീരത്തിൽ കൊണ്ടുവരുന്നതെന്ന് മനസിലാക്കിയാലോ ? ഈ മാറ്റങ്ങൾ മനസിലാക്കിയാൽ ചിലപ്പോൾ നിങ്ങൾ മദ്യം പൂർണമായി ജീവിതത്തിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന് വന്നേക്കാം.

ആരോ​ഗ്യകരമായ കരൾ

വിദഗ്ധരുടെ അഭിപ്രായത്തിൽ, മിതമായതോ അമിതമായതോ ആയ മദ്യപാനം കാലക്രമേണ ലിവർ സിറോസിസ് വരാനുള്ള സാധ്യത വർദ്ധിപ്പിക്കും. കരളിന്റെ പ്രവർത്തനം അവതാളത്തിലാക്കുന്ന ഈ അവസ്ഥ കാലക്രമേണ മൂർഛിക്കുന്ന ഒരു രോഗമാണ്. നിങ്ങൾ മദ്യപാനം നിർത്തുമ്പോൾ കരളിലെ ആ മാറ്റങ്ങൾ പഴയപടിയാകുകയും മദ്യം ഉപേക്ഷിച്ച് ആഴ്ചകൾക്കുള്ളിൽ അവയവം സാധാരണ നിലയിലാകുകയും ചെയ്യുന്നു.

ഹൃദയാരോ​​ഗ്യം മെച്ചപ്പെടുത്തുന്നു

മദ്യം ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോൾ ഉണ്ടാക്കുന്നു. ഇത് ഓക്സിഡൈസ് ചെയ്യപ്പെടുമ്പോൾ വെയിനുകളിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. മദ്യപാനം നിർത്തുമ്പോൾ അത് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

കാൻസർ സാധ്യത കുറയ്ക്കുന്നു

പഠനങ്ങൾ പറയുന്നതനുസരിച്ച് മദ്യം കഴിക്കുന്നവരിൽ കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കും. അമേരിക്കൻ ജേണൽ ഓഫ് പബ്ലിക് ഹെൽത്തിന്റെ റിപ്പോർട്ട് പ്രകാരം, യുഎസിലെ കാൻസർ മരണങ്ങളിൽ 3.5 ശതമാനവും മദ്യവുമായി ബന്ധപ്പെട്ടതാണ്. മദ്യപാനം മൂലം ഉണ്ടാകാവുന്ന പ്രധാന കാൻസറുകൾ ഇവയാണ്:

തലയിലും കഴുത്തിലും കാൻസർഅന്നനാള കാൻസർകരൾ കാൻസർകൊളോറെക്ടൽ കാൻസർസ്തനാർബുദം

അമിത വണ്ണം കുറയ്ക്കുന്നു

എല്ലാത്തരം മദ്യത്തിലും കാലറി കൂടുതലാണ്. അവ ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. വിദഗ്ധർ പറയുന്നതനുസരിച്ച് അമിതമായി മദ്യപിക്കുന്നവർക്ക് ഗണ്യമായ കാലയളവിൽ മദ്യം ഒഴിവാക്കി ശരീരഭാരം കുറയ്ക്കാനും ശരീരഘടനയിൽ പുരോഗതി കൈവരിക്കാനും വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും കഴിയും.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു

അമിതമായ മദ്യപാനം ഓർമ്മക്കുറവിന് കാരണമാവുകയും തലച്ചോറിന്റെ വികാസത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. പല മദ്യപാനികൾക്കും തലച്ചോറിന് കേടുപാടുകൾ സംഭവിക്കുന്നതിനും ഓർമ്മക്കുറവിനും ഏകാഗ്രതയ്ക്കും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന പ്രത്യേക മസ്തിഷ്ക വൈകല്യങ്ങൾ ഉണ്ടാകുന്നു. മദ്യം കഴിക്കുന്നത് തലച്ചോറിൽ ഡോപാമൈൻ അമിതമായി നിറയ്ക്കുകയും അതേസമയം ഡോപാമൈൻ റിസപ്റ്ററുകൾ കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ, നിങ്ങൾ ആദ്യം മദ്യപാനം നിർത്തുമ്പോൾ, ഡോപാമൈനിന്റെ അഭാവവും കുറഞ്ഞുവരുന്ന റിസപ്റ്ററുകളും ദുഃഖത്തിന്റെയും നിരാശയുടെയും വികാരങ്ങൾക്ക് കാരണമാകുന്നു. എന്നാൽ ഡൊപാമൈൻ ഉണ്ടാക്കുന്ന നിങ്ങൾക്ക് ഇഷ്ടമുള്ളതും അതേ സമയം, ശരീരത്തിന് ദോഷം ചെയ്യാത്തതുമായ മറ്റ് പ്രവർത്തനങ്ങളിൽ ഏ‍ർപ്പെടുന്നത് നിങ്ങളെ ആ​രോ​ഗ്യകരമായ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കും.

Content Highlights- Give up alcohol for just 30 days; the changes in your body could change your life

To advertise here,contact us