കുട്ടിക്കാലത്ത് ഒറ്റപ്പെടല്‍ അനുഭവിച്ചിട്ടുണ്ടോ? ഒറ്റപ്പെടല്‍ മസ്തിഷകത്തെ ഗുരുതരമായി ബാധിക്കുമെന്ന് പഠനം

കുട്ടിക്കാലത്തെ ഏകാന്തത പ്രതീക്ഷിക്കുന്നതിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്.

' കുട്ടിക്കാലത്ത് അച്ഛന്‍ കൂടെയില്ലാതിരുന്നത് വല്ലാത്ത ശൂന്യത സൃഷ്ടിച്ചിരുന്നു. അച്ഛനില്ലായ്മ ഏതൊരു പെണ്‍കുട്ടിയേയും ദുര്‍ബലയാക്കുന്നു. മാതാപിതാക്കളുടെ വേര്‍പിരിയലിന് ശേഷം അമ്മയാണ് എന്നെ വളര്‍ത്തിയത്. അതുകൊണ്ട് എനിക്ക് കുട്ടികളുണ്ടാകുമ്പോള്‍ അച്ഛന്റെയും അമ്മയുടെയും ഒപ്പമുളള നല്ല നിമിഷങ്ങളും സ്‌നേഹവും പരിഗണനയും നല്‍കണമെന്നാണ്‌ എന്റെ ആഗ്രഹം' ബോളിവുഡ് താരം കത്രീന കൈഫ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണിത്. പക്ഷെ അച്ഛനും അമ്മയും ഒപ്പം ഉണ്ടായിട്ടും ഒറ്റപ്പെടുന്ന കുട്ടികളെ കണ്ടിട്ടില്ലേ..ആ ഒറ്റപ്പെടല്‍ അവരുടെ ജീവിതത്തെയും ആരോഗ്യത്തെയും വരെ ബാധിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?

കുട്ടിക്കാലത്ത് ഒറ്റപ്പെട്ടുപോകുന്ന മിക്ക കുട്ടികളുടെയും അനുഭവമാണ്. ഒറ്റയ്ക്കിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന, സ്‌കൂളില്‍ മറ്റുളളവരെല്ലാം ഒരുമിച്ച് കൂട്ടുകൂടി നടക്കുമ്പോള്‍ ഒറ്റപ്പെടുത്തുന്ന, വീട്ടുകാരെല്ലാം കൂടെയുണ്ടായിട്ടും ആരും ശ്രദ്ധിക്കാതിരിക്കുന്ന, ആള്‍ക്കൂട്ടത്തില്‍ തനിയെ ആയിപ്പോയിട്ടുള്ള ഒരു കുട്ടിയെ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അതോ നിങ്ങളായിരുന്നോ ആ കുട്ടി. കുട്ടിക്കാലത്തെ ഏകാന്തത പ്രതീക്ഷിക്കുന്നതിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്.

JAMA നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ കുട്ടിക്കാലത്തെ ഏകാന്തത പ്രായപൂര്‍ത്തിയാകുമ്പോള്‍ ബൗദ്ധികമായ തകര്‍ച്ചയ്ക്കും ഡിമെന്‍ഷ്യയ്ക്കും സാധ്യത വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തി. ഇങ്ങനെയുള്ളവര്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ ഏകാന്തത അനുഭവിക്കുന്നില്ല എങ്കിലും അപകടസാധ്യതയുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഏകാന്തത തലച്ചോറിനെ എങ്ങനെയാണ് ബാധിക്കുന്നത്

കുട്ടിക്കാലത്ത് ഏകാന്തത അനുഭവിക്കുന്നവരില്‍ കോര്‍ട്ടിസോള്‍ പോലെയുള്ള സ്‌ട്രെസ് ഹോര്‍മോണുകള്‍ ഉത്തേജിപ്പിക്കപ്പെടുകയും നാഡീവ്യവസ്ഥയെ അമിതമായി പ്രവര്‍ത്തനക്ഷമമാക്കുകയും തലച്ചോറിലെ പ്രധാനഭാഗമായ ഹിപ്പോകാമ്പസ് പോലും തകരാറിലാക്കപ്പെടുകയും ചെയ്യുന്നു. ഇത് ഓര്‍മശക്തിയുടെ കാര്യത്തിലും വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇക്കാലങ്ങളിലുണ്ടാകുന്ന സമ്മര്‍ദ്ദം രോഗപ്രതിരോധ സംവിധാനത്തെയും ബാധിക്കുന്നു. അതുകൊണ്ടുതന്നെ പ്രായപൂര്‍ത്തിയാകുമ്പോള്‍ വൈജ്ഞാനിക തകര്‍ച്ച(ഓര്‍മ്മശക്തി, ശ്രദ്ധ, പ്രശ്‌നപരിഹാര കഴിവുകള്‍)യ്ക്കും മറവിരോഗത്തിനും വരെ കാരണമാകുന്നു.

കുട്ടികളെ ഒറ്റപ്പെടുത്താതിരിക്കുക

കുട്ടിക്കാലത്തെ ഏകാന്തത തടയാന്‍ കരുതല്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം കുട്ടിക്കാലം എപ്പോഴും ആജീവനാന്ത കാലത്തേക്കുള്ള തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനുള്ള നിര്‍ണ്ണായകമായ ഒരു ഘട്ടമാണ്.അതിനാല്‍ നിങ്ങളുടെ കുട്ടികളുടെ ബാല്യകാലം അവരോടൊപ്പം ചെലവഴിക്കാനും ആ കാലം മനോഹരവും ആരോഗ്യവുമാക്കാന്‍ ശ്രദ്ധിക്കുകയും വേണം. സ്‌കൂളിലും വീട്ടിലും മുതിര്‍ന്നവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടതുണ്ട്.

Content Highlights :Study finds that loneliness in childhood affects the brain in adulthood

To advertise here,contact us