പുരുഷന്മാര് ഗര്ഭ പരിശോധന നടത്തുകയോ? എന്താ കഥ എന്ന ചിന്തയിലാണോ? എന്നാല് അത്തരത്തിലൊരു അപൂര്വ്വ സംഭവത്തെക്കുറിച്ച് പറയുകയാണ് പൂനയിലെ അങ്കുര ഹോസ്പിറ്റല് ഫോര് വിമണ് ആന്ഡ് ചൈല്ഡിലെ കണ്സള്ട്ടന്റ് ഗൈനക്കോളജിസ്റ്റും ഇന്ഫേര്ട്ടിലിറ്റി സ്പെഷ്യലിസ്റ്റുമായ ഡോ. അശ്വനി റാത്തോഡ്. ഡോ. അശ്വിനി പറയുന്നത് ഇങ്ങനെയാണ്..
'ഒരു പുരുഷന് ഗര്ഭ പരിശോധന നടത്തിയാല് എല്ലായ്പ്പോഴും ഫലം നെഗറ്റീവ് ആയിരിക്കും. കാരണം ഈ പരിശോധനകള് ഗര്ഭകാലത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്മോണായ hCG (ഹ്യുമണ് കോറിയോണിക് ഗോണഡോട്രോപിന്) കണ്ടെത്തുന്നതിനായാണ് രൂപകല്പ്പന ചെയ്തിരിക്കുന്നത്. പുരുഷന്മാര് ഗര്ഭ പരിശോധന നടത്തിയാല് അപൂര്വ്വം ചില സന്ദര്ഭങ്ങളില് ഫലം പോസിറ്റീവായി വന്നേക്കാം. ഇതിനര്ഥം ആ പുരുഷന് ഗര്ഭം ധരിച്ചിട്ടുണ്ട് എന്നല്ല. പക്ഷേ അതൊരു മെഡിക്കല് മുന്നറിയിപ്പാണ്.
പരിശോധന പോസിറ്റീവായാല് പേടിക്കണം
ഒരു പുരുഷനില് ഗര്ഭ പരിശോധന പോസിറ്റീവായാല് അത് ഗുരുതരമായ ആരോഗ്യപ്രശ്നത്തിന്റെ മുന്നറിയിപ്പായി കരുതണം. ചിലതരം കാന്സറുകള്, പ്രത്യേകിച്ച് വൃഷണ കാന്സര് ഉളളവരില് hCG ഹോര്മോണ് ഉത്പാദിപ്പിക്കപ്പെടും. ഈ അറിവ് ഒരിക്കലും അവഗണിക്കുകയോ നിസ്സാരവത്കരിക്കുകയോ ചെയ്യരുതെന്ന് ഡോ. അശ്വനി റാത്തോര്ഡ് പറയുന്നു. ഇത്തരം അവസ്ഥയുണ്ടെങ്കില് വൃഷണ മുഴകളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്.
പുരുഷന്മാരുടെ പ്രത്യുല്പ്പാദന ആരോഗ്യം സംരക്ഷിക്കാന്
പലപ്പോഴും വന്ധ്യതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള് നേരിടേണ്ടതും പഴി കേള്ക്കേണ്ടതും സ്ത്രീകളാണ്. പുരുഷന്മാര്ക്ക് അവരുടെ പ്രത്യുത്പാദന ആരോഗ്യത്തെക്കുറിച്ച് ശരിയായ അറിവും ധാരണയും ഉണ്ടാവാറില്ല. നേരത്തെയുള്ള രോഗനിര്ണയത്തിനും ചികിത്സയ്ക്കും പുരുഷന്മാരിലെ വന്ധ്യതയെ ഒരു പരിധിവരെ ഇല്ലാതാക്കാന് സഹായിക്കും.
ഡോക്ടറെ കാണേണ്ടത് അത്യാവശ്യം
നിങ്ങളുടെ പ്രത്യുത്പാദന ആരോഗ്യത്തെക്കുറിച്ച് കൃത്യമായ അറിവ് ലഭിക്കാന് ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തെക്കുറിച്ച് കൂടുതല് മനസിലാക്കാനും സങ്കീര്ണതകള് മൂന്കൂട്ടി തടയാനും ഇത് സഹായിക്കും.
പുകവലി ഉപേക്ഷിക്കുക, മദ്യത്തിന്റെ അളവ് കുറയ്ക്കുക
പുരുഷന്മാരില് ഉദ്ധാരണക്കുറവിന് കാരണമാകുന്ന പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി.അതുകൊണ്ട് പുകവലി ഉപേക്ഷിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ അമിതമായ അളവില് മദ്യം കഴിക്കുന്നത് പ്രത്യുത്പാദന ക്ഷമതയെ ദോഷകരമായി ബാധിക്കും.
ശുചിത്വം അത്യാവശ്യം
ശുചിത്വം പാലിക്കേണ്ടത് അടിസ്ഥാനപരമായ കാര്യങ്ങളില് ഒന്നാണ്. അണുബാധയ്ക്ക് കാരണമായേക്കാവുന്ന സൂക്ഷ്മാണുക്കള് ജനനേന്ദ്രിയത്തില് അടിഞ്ഞുകൂടുന്നത് തടയാന് പതിവായി ശുചിത്വം പാലിക്കേണ്ടതുണ്ട്.
ജീവിതശൈലിയില് പാലിക്കേണ്ട കാര്യങ്ങള്
പൊണ്ണത്തടി പ്രത്യുത്പാദനക്ഷമതയെ ബാധിക്കുന്ന ഒരു ഘടകമാണ്.ശരിയായ പോഷകാഹാരവും ശരിയായ ശാരീരിക പ്രവര്ത്തനങ്ങളും നിലനിര്ത്തുന്നത് പ്രത്യുത്പാദന ആരോഗ്യം നിലനിര്ത്താന് സഹായിക്കും. ദിവസവും കുറഞ്ഞത് 15-20 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. കഴിയുന്നത്ര സമ്മര്ദ്ദം കുറയ്ക്കുക.
ലൈംഗിക സംരക്ഷണം ഉറപ്പുവരുത്തുക
ക്ലമീഡിയ,ഗോണോറിയ തുടങ്ങി ലൈംഗികമായി പകരുന്ന അണുബാധകള് പുരുഷവന്ധ്യതയ്ക്ക് കാരണമാകാറുണ്ട്. ലൈംഗിക പങ്കാളികളുടെ എണ്ണം പരിമിതപ്പെടുത്തുക, ലൈംഗിക ബന്ധത്തില് ഏര്പ്പെടുമ്പോള് സംരക്ഷണം ഉപയോഗിക്കുക,ഇടയ്ക്ക്പരിശോധനകള് നടത്തുക ഇവയൊക്കെ ഗുണം ചെയ്യും.
Content Highlights :Should you be afraid if a man's pregnancy test is positive?