'ആദ്യത്തെ മൂന്ന് മാസം ഞാൻ എല്ലാ ദിവസവും കരയുമായിരുന്നു' ഗർഭകാലത്തെ മാനസിക വെല്ലുവിളികൾ പങ്കുവെച്ച് ദിയ കൃഷ്ണ

ദിയയുടെ മാറ്റങ്ങൾ ഉൾകൊള്ളാൻ തനിക്കും കുറച്ച് സമയമെടുത്തെന്ന് പങ്കാളിയായ അശ്വിനും വ്യക്തമാക്കി

ഗർഭകാലത്തും പ്രസവശേഷവുമെല്ലാം കുഞ്ഞിൻ്റേതെന്ന പോലെ തന്നെ അമ്മയുടെയും ആരോ​ഗ്യവും വളരെ പ്രധാനമാണ്. ഈ സമയത്ത് അമ്മയാകാൻ തയ്യാറെടുക്കുന്ന സ്ത്രീകൾക്ക് ശാരീരികവും മാനസികവുമായി പിന്തുണ ചുറ്റുമുള്ളവർ നൽകേണ്ടത് വളരെ അത്യാവശ്യമാണ്. പുതിയ ഒരു ജീവൻ്റെ തുടിപ്പ് ഉള്ളിൽ വളരുമ്പോൾ ശരീരത്തിനും മനസിനുമുണ്ടാകുന്ന മാറ്റങ്ങളെ മനസിലാക്കാൻ പറ്റാതെ പല സത്രീകളും ബുദ്ധിമുട്ടാറുണ്ട്. അത്തരത്തിൽ ​ഗർഭകാലത്ത് തനിക്കുണ്ടായ വെല്ലുവിളികളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് വ്യക്തമാക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സംരംഭകയുമായ ദിയ കൃഷ്ണ.

ഗർഭിണിയായ ശേഷം ആദ്യത്തെ മൂന്ന് മാസവും ഏതാണ്ട് എല്ലാ ദിവസവും താൻ കരയുമായിരുന്നുവെന്നും ഗർഭകാലത്തെ മാറ്റങ്ങൾ തൻ്റെ ഭർത്താവായ അശ്വിന് പോലും മനസിലാക്കാൻ സമയമെടുത്തുവെന്നും ദിയ പറയുന്നു. 'ആദ്യത്തെ ട്രൈമസ്റ്ററിൽ ഞാൻ എല്ലാ ദിവസവും കരയുമായിരുന്നു. പെട്ടെന്ന് ലോക്ഡൗണിൽ അകപ്പെട്ടത് പോലെയായിരുന്നു. പുറത്ത് പോയാൽ വൊമിറ്റിം​ഗ് ടെൻഡൻസി വരുമായിരുന്നു. അതുകൊണ്ട് ഞാൻ വീട്ടിൽ തന്നെയായിരുന്നു. പുറത്ത് പോകണം എന്നാ​ഗ്രഹിച്ച് കരഞ്ഞിട്ടുണ്ട്. ആ സമയത്ത് പലപ്പോഴും ഞാൻ കരയുമ്പോൾ കളിയാക്കുന്ന ഇഷാനി പോലും അവസ്ഥ മനസിലാക്കി എന്നെ സമാധാനിപ്പിച്ചിട്ടുണ്ട്.' ദിയ പറഞ്ഞു. ഈ സമയങ്ങളിൽ തൻ്റെ പങ്കാളിയായ അശ്വിൻ്റെ മണം പോലും തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്നും അത് അശ്വിനെയും ആദ്യമൊക്കെ വിഷമത്തിലാക്കിയിരുന്നുവെന്നും ദിയ പറയുന്നു.

സെകൻഡ് ട്രൈമസ്റ്റിലേക്ക് കയറിയപ്പോഴാണ് പുറത്ത് പോകാൻ സാധിച്ചത്. ആ സമയത്ത് ഛർദ്ദിലൊക്കെ മാറി തുടങ്ങി. പിന്നെ തേർഡ് ട്രൈമസറ്റർ എത്തിയപ്പോഴേക്കും വളരെ ഹാപ്പിയായാണ് താൻ മാതൃത്വത്തിലേക്ക് പ്രവേശിച്ചതെന്നും ദിയ സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതേ സമയം, ദിയയുടെ മാറ്റങ്ങൾ മനസിലാക്കാൻ തനിക്കും സമയമെടുത്തതായി അശ്വിനും അഭിമുഖത്തിൽ വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ ആകെ ചർച്ചയായ ഒന്നായിരുന്നു ദിയയുടെ പ്രസവ വീഡിയോ. കുടുംബത്തിൻ്റെയും പങ്കാളിയായ അശ്വിൻ്റെയും പ്രസവ സമയത്തുള്ള പിന്തുണയും കരുതലും കാണികളിൽ നിന്ന് പ്രശംസ നേടിയെടുത്തിരുന്നു. അമ്മയാകാൻ തയ്യാറെടുക്കുന്ന ഓരോ സ്ത്രീക്കും കുടുംബത്തിൻ്റെയും പങ്കാളിയുടെയും പിന്തുണ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന വിഷയം വീഡിയോയിക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

Content Highlights-Diya Krishna shares mental challenges during pregnancy

To advertise here,contact us