മദ്യം കാന്‍സറിന് വരെ കാരണമാണെന്നറിയാം, പക്ഷെ മദ്യപാനം നിര്‍ത്താനാവുന്നില്ല; കാരണം ഇതാണ്

ആളുകള്‍ എന്തുകൊണ്ടാണ് മദ്യത്തിന് പിറകേ പോകുന്നത്?

2019-ല്‍ ലോകത്തുണ്ടായ 2.6 ദശലക്ഷം മരണങ്ങള്‍ക്കും കാരണമായത് മദ്യമാണെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. 400 ദശലക്ഷം ആളുകള്‍ അതായത് ആകെ ലോക ജനസംഖ്യയുടെ 7 ശതമാനം ആളുകള്‍ക്കും മദ്യപാന വൈകല്യങ്ങള്‍ ഉള്ളതായും അതേ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. കാന്‍സര്‍ ഗവേഷകരുടെ അന്താരാഷ്ട്ര ഏജന്‍സി മദ്യത്തെ ഗ്രൂപ്പ് വണ്‍ കാര്‍സിനോജന്‍ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് കാന്‍സറിനുള്ള കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മദ്യപാനം. ഏതര്‍ഥത്തിലാണെങ്കിലും മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് ചുരുക്കം. ഇങ്ങനെയൊക്കെയാണെങ്കിലും ആളുകള്‍ എന്തുകൊണ്ടാണ് മദ്യത്തിന് പിറകേ പോകുന്നത്?

ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് അറിഞ്ഞുകൊണ്ടും മദ്യത്തിലേക്ക് മനുഷ്യനെ ആകര്‍ഷിക്കുന്നത് എന്താണ്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് സ്‌ക്രിപ്‌സ് റിസര്‍ച്ച് ശാസ്ത്രജ്ഞര്‍. ബയോളജിക്കല്‍ സൈക്യാട്രി: ഗ്ലോബല്‍ ഓപ്പണ്‍ സയന്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ മദ്യത്തോടുള്ള ഈ ഇഷ്ടത്തിന് പിന്നിലെ മസ്തിഷ്‌കത്തിന്റെ പങ്കിനെ കുറിച്ചാണ് വിവരിക്കുന്നത്.

എങ്ങനെയാണ് ആശ്വാസത്തിനും ആനന്ദത്തിനും ഉള്ള ഒന്നായി മദ്യത്തെ തലച്ചോര്‍ അടയാളപ്പെടുത്തിയത് എന്നാണ് ഗവേഷകര്‍ ആദ്യം തിരഞ്ഞത്. അതിനായി അവര്‍ പരീക്ഷണം നടത്തിയത് മൃഗങ്ങളിലാണ്. പഠനത്തില്‍ മദ്യത്തോടുള്ള ആഗ്രഹം ജനിപ്പിക്കുന്നതില്‍ പങ്കുവഹിക്കുന്ന മസ്തിഷ്‌ക്കത്തിലെ ഒരു പ്രധാന ഭാഗമായ പിവിടി(പാരാവെന്‍ട്രികുലര്‍ ന്യൂക്ലിയസ് ഓഫ് ദ തലാമസ്) ഗവേഷകര്‍ കണ്ടെത്തി. മദ്യം നിര്‍ത്തുമ്പോള്‍ വീണ്ടും ആ ശീലത്തിലേക്ക് മടങ്ങുന്നതിനായി തലച്ചോറിലെ ഈ ഭാഗം സജീവമാകുന്നതായി അവര്‍ കണ്ടെത്തി. വിത്‌ഡ്രോവല്‍ സിംപ്റ്റത്തില്‍നിന്ന് ആശ്വാസം കണ്ടെത്തുന്നതിനായാണ് വീണ്ടും ആ ശീലത്തിലേക്ക് മടങ്ങിപ്പോകുന്നത്.

'ആളുകള്‍ ലഹരി നല്‍കുന്ന ആശ്വാസത്തിനായല്ല മദ്യത്തെ ആശ്രയിക്കുന്നത്. മറിച്ച് സമ്മര്‍ദത്തില്‍നിന്നും വേദനകളില്‍ നിന്നുമുള്ള ആശ്വാസത്തിന് വേണ്ടിയാണ്.' ഗവേഷകരില്‍ ഒരാളായ ഹെര്‍മിന പറയുന്നു. മദ്യപിക്കുമ്പോള്‍ ഡൊപമൈന്‍, എന്‍ഡോര്‍ഫിന്‍ എന്നീ ഹോര്‍മോണുകള്‍ ഇത് റിലീസ് ചെയ്യുന്നുണ്ട്. മസ്തിഷ്‌കത്തിന്റെ റിവാര്‍ഡ് സിസ്റ്റത്തെ ഇത് സജീവമാക്കുന്നു. ഈ ഓര്‍മകള്‍ ശേഖരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. പതിയ പതിയെ മദ്യത്തിന്റെ ഉപയോഗം ന്യൂറോഅഡാപ്ഷന് കാരണമാകും. അതായത് മസ്തിഷ്‌കത്തിലെ ലെല്ലുകളുടെ ഫങ്ഷനില്‍ മാറ്റങ്ങള്‍ ചില പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരുത്തും. ഇത് ബ്രെയിന്‍ കെമിക്കലുകളായ ഡോപാമൈന്‍, ഗ്ലൂട്ടമേറ്റ് എന്നിവയുടെ അളവിലും മാറ്റങ്ങള്‍ കൊണ്ടുവരും. സ്വാഭാവികമായും റിവാര്‍ഡ് മെമ്മറി പ്രവര്‍ത്തിക്കുകയും വീണ്ടും മദ്യം കഴിക്കാന്‍ തലച്ചോര്‍ ആസക്തി ജനിപ്പിക്കുകയും ചെയ്യും. ഇതാണ് സംഭവിക്കുന്നത്.

ജനിതകപരമായ കാരണങ്ങള്‍, സമ്മര്‍ദം, ട്രോമ, സൈക്കോളജിക്കല്‍ കാരണങ്ങള്‍, ശീലങ്ങള്‍ എന്നിവയെല്ലാം മദ്യപാനത്തോടുള്ള ആസക്തി വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ കാരണങ്ങളാണ്.

(മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

Content Highlights: Reason behind brain's craving for Alcohol

To advertise here,contact us