മാതാപിതാക്കളുടെ നിര്‍ബന്ധം, 14 മണിക്കൂര്‍ തുടര്‍ച്ചയായി ഹോംവര്‍ക്ക് ചെയ്തു; 11കാരന്റെ കൈവിരലുകള്‍ വളഞ്ഞു

എന്നാൽ അവസാന നിമിഷത്തേക്ക് വേനൽ അവധിയിലെ മൊത്തം ഹോംവർക്കും ചെയ്യേണ്ടി വന്ന ഒരു കുട്ടിയുടെ വാ‍ർത്തയാണ് ഇപ്പോൾ ചർ‌ച്ചയാവുന്നത്

അവസാന നിമിഷത്തിലേക്ക് പല ജോലികളും നീക്കി വെക്കുന്ന സ്വഭാവം നമ്മിൽ പലർക്കുമുണ്ട്. ചിലപ്പോഴൊക്കെ ഈ മടി നമുക്ക് ചെറിയ ചില പണികൾ തരാറുമുണ്ടല്ലേ. എന്നാൽ അവസാന നിമിഷത്തേക്ക് വേനൽ അവധിയിലെ മൊത്തം ഹോംവർക്കും ചെയ്യേണ്ടി വന്ന ഒരു കുട്ടിയുടെ വാ‍ർത്തയാണ് ഇപ്പോൾ ചർ‌ച്ചയാവുന്നത്.

വേനലവധിക്കാലത്തെ എല്ലാ ഹോംവർ‌ക്കും ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ശ്രമിച്ച 11 വയസ്സുകാരനാണ് ഭയാനകമായ ആരോഗ്യ പ്രതിസന്ധി നേരിടേണ്ടി വന്നത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത സംഭവം തെക്കന്‍ ചൈനയിലെ ചാങ്ഷയിലാണ് നടന്നത്. ലിയാങ്‌ലിയാങ് എന്നറിയപ്പെടുന്ന ആണ്‍കുട്ടി രാവിലെ 8 മുതല്‍ രാത്രി 10 വരെ തുടര്‍ച്ചയായി 14 മണിക്കൂര്‍ വിശ്രമമില്ലാതെ ഹോംവർക്ക് ചെയ്തു. വൈകുന്നേരത്തോടെ, മാതാപിതാക്കളിൽ നിന്ന് വര്‍ദ്ധിച്ചുവരുന്ന സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കുട്ടി അസ്വസ്ഥതയുണ്ടാക്കുന്ന ലക്ഷണങ്ങളോടെ കുഴഞ്ഞുവീണു.

രാത്രി 11 മണിയോടെ ലിയാങ്ലിയാങ്ങില്‍ ശ്വാസതടസ്സം, തലകറക്കം, തലവേദന, കൈകാലുകള്‍ മരവിക്കല്‍ തുടങ്ങിയ അസ്വസ്ഥതയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. താമസിയാതെ കുട്ടിയുടെ വിരലുകള്‍ മടങ്ങുകയും ബോധരഹിതനാവുകയും ചെയ്തു. ഉടന്‍ കുട്ടിയെ ചാങ്ഷ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് ഹൈപ്പര്‍വെന്റിലേഷന്‍ മൂലമുണ്ടാകുന്ന ശ്വസന പ്രശ്നമാണുണ്ടായതെന്ന് ഡോക്ടര്‍ കണ്ടെത്തി. പിന്നാലെ നിയന്ത്രിത ശ്വസന വ്യായാമങ്ങളിലൂടെ കുട്ടിയുടെ ആരോഗ്യാവസ്ഥ വീണ്ടെടുത്തു. ഒരു വ്യക്തി വളരെ വേഗത്തിലും ആഴത്തിലും ശ്വസിക്കുമ്പോഴാണ് ഈ ശ്വസന പ്രശ്‌നം ഉണ്ടാകുന്നത്. പലപ്പോഴും ഉത്കണ്ഠ, സമ്മര്‍ദ്ദം അല്ലെങ്കില്‍ പരിഭ്രാന്തി എന്നിവയാല്‍ ഇത് ഉടലെടുക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വിവരിച്ചു.

ചാങ്ഷ സെന്‍ട്രല്‍ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം ഡയറക്ടര്‍ ഷാങ് സിയാവോഫോയുടെ അഭിപ്രായത്തില്‍, ഹൈപ്പര്‍വെന്റിലേഷന്‍ നെഞ്ചുവേദന, ശ്വാസതടസ്സം, തലകറക്കം, ഹൃദയമിടിപ്പ്, കൈകാലുകളില്‍ മരവിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് കാരണമാകും. കഠിനമായ കേസുകളില്‍, വിരലുകള്‍ മടങ്ങുകയും പേശികളുടെ കാഠിന്യം ഉണ്ടാവുകയും ചെയ്യും. ചികിത്സിച്ചില്ലെങ്കില്‍ ഈ അവസ്ഥ മാരകമായേക്കാമെന്ന് ഷാങ് മുന്നറിയിപ്പ് നല്‍കി.

ആശുപത്രിയിലെ പീഡിയാട്രിക് എമര്‍ജന്‍സി വാര്‍ഡില്‍ ആഗസ്റ്റ് മാസത്തില്‍ മാത്രം സമാനമായ ലക്ഷണങ്ങളുള്ള 30-ലധികം കൗമാരക്കാരെ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. അക്കാദമിക് സമ്മര്‍ദ്ദത്തിന് പുറമേ പരീക്ഷാ ഉത്കണ്ഠ, പെട്ടെന്നുള്ള ഭയം, ദീര്‍ഘനേര സ്‌ക്രീന്‍ സമയം തുടങ്ങിയ വൈകാരിക പ്രേരകങ്ങളും ഇതിന് കാരണമാകുന്ന ഘടകങ്ങളാണ്. അടിയന്തര ആശ്വാസത്തിനായി, രോഗിയെ ശാന്തരാക്കുകയും ഒരു പേപ്പറിലോ പ്ലാസ്റ്റിക് ബാഗിലോ ശ്വസിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ഷാങ് നിര്‍ദ്ദേശിച്ചു. ശ്വസനം മന്ദഗതിയിലാക്കാനും സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും ലളിതവും എന്നാല്‍ ഫലപ്രദവുമായ ഒരു പ്രവര്‍ത്തിയാണിത്.

Content Highlights- Parents' insistence; 11-year-old's fingers bent after doing homework for 14 hours straight

To advertise here,contact us