അത്താഴത്തിന് ശേഷം മധുരം കഴിക്കാന്‍ തോന്നാറില്ലേ? നിങ്ങളെ കൊതിയന്മാരാക്കുന്നത് ഈ അവയവം

ആരോഗ്യകാരണങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും അറിയാം

അത്താഴം കഴിച്ച ശേഷം മധുരം എന്തെങ്കിലും വേണം എന്ന ആഗ്രഹമുള്ള പലരും ഉണ്ടാവും അല്ലേ. മധുരം കഴിക്കുന്ന കാര്യത്തില്‍ ആത്മനിയന്ത്രണമില്ലാത്തതുകൊണ്ടുമാത്രമല്ല ഇങ്ങനെ സംഭവിക്കുന്നത്. ജൈവശാസ്ത്രപരവും മാനസികവും പാരിസ്ഥിതികവുമായ നിരവധി ഘടകങ്ങള്‍ ഈ ആഗ്രഹത്തെ സ്വാധീനിക്കുന്നുണ്ട്. രാത്രിയില്‍ അത്താഴം കഴിഞ്ഞ് മധുരമുള്ള എന്തെങ്കിലും കഴിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഭക്ഷണത്തിന്റെ കാഴ്ചകളും ഗന്ധങ്ങളും, സോഷ്യല്‍ മീഡിയയും പരസ്യങ്ങളും പോലും ഈ ആഗ്രഹത്തിന് കാരണമാകും.

ആരോഗ്യകാരണങ്ങളും പരിഹാരങ്ങളും

പഞ്ചസാരയോ ചില ഭക്ഷണങ്ങളോ കര്‍ശനമായി നിയന്ത്രിക്കുന്നത് 'പെര്‍സെപ്റ്റീവ് ഡിപ്രൈവേഷന്‍' എന്ന പ്രതിഭാസത്തിലേക്ക് നയിച്ചേക്കാം. NIH-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് നിങ്ങള്‍ ഒഴിവാക്കുന്ന ഭക്ഷണങ്ങളോട് തീവ്രമായ ആസക്തിയുണ്ടാകുമെന്ന് പറയുന്നു. മധുരപലഹാരങ്ങള്‍ ഒഴിവാക്കുമ്പോള്‍ നിങ്ങളുടെ മസ്തിഷ്‌കം അവയോടുള്ള ആഗ്രഹം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുപോലെ ഭക്ഷണത്തെക്കുറിച്ചുള്ള പരസ്യങ്ങളും സോഷ്യല്‍ മീഡിയയും മധുരപലഹാരങ്ങളോടുള്ള നിങ്ങളുടെ ആഗ്രഹം വര്‍ദ്ധിപ്പിക്കുന്നു. ആസക്തികളെ രൂപപ്പെടുത്തുന്നതില്‍ പാരിസ്ഥിതിക സൂചനകള്‍ ശക്തമായ പങ്ക് വഹിക്കുന്നു.

ഇന്നത്തെ ലോകത്ത്, പരസ്യങ്ങള്‍, സോഷ്യല്‍ മീഡിയ, പലചരക്ക് കടകളിലെ പ്രദര്‍ശനങ്ങള്‍ പോലും നമ്മെ പ്രലോഭിപ്പിക്കുന്ന ഭക്ഷണങ്ങളുടെ ചിത്രങ്ങള്‍ നിരന്തരം കാണിച്ചുതരുന്നു.'സയന്‍സ്ഡയറക്ടില്‍' പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട ഇത്തരം ഘടകങ്ങള്‍ ഉമിനീര്‍ സ്രവണം, ഹൃദയമിടിപ്പ്, ഹോര്‍മോണ്‍ പ്രവര്‍ത്തനം എന്നിവ വര്‍ദ്ധിപ്പിക്കുമെന്നും ഇവയെല്ലാം നിങ്ങളുടെ തലച്ചോറിലേക്ക് മധുരം അല്ലെങ്കില്‍ വേണ്ടന്നുവച്ച ഭക്ഷണങ്ങള്‍ കഴിക്കാന്‍ കൊതിതോന്നിക്കുന്നു. ഈ ട്രിഗറുകളെക്കുറിച്ച് ബോധവാന്മാരാകുന്നത് ആസക്തികളെ നിയന്ത്രിക്കാന്‍ സഹായിക്കും.

ഹോര്‍മോണുകളും മധുര പലഹാരങ്ങളും

മധുരപലഹാരങ്ങള്‍ കഴിക്കുന്നത് 'സുഖവും സന്തോഷവും തോന്നിപ്പിക്കുന്ന ഹോര്‍മോണുകളായ സെറോടോണിന്‍, ഡോപാമൈന്‍ എന്നിവയുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. മധുരപലഹാരങ്ങള്‍ കഴിക്കുന്നത് താല്‍ക്കാലികമായി മാനസികാവസ്ഥ മെച്ചപ്പെടുത്തുമെങ്കിലും, ശാസ്ത്രം കാണിക്കുന്നത് ഇതുവഴി ലഭിക്കുന്ന ഫലം ഹ്രസ്വകാലത്തേക്ക് മാത്രമാണെന്നാണ്. പതിവായി മധുരം കഴിക്കുന്നത് ബേസല്‍ ഡോപാമൈന്‍ അളവ് കുറയ്ക്കുകയും കൂടുതല്‍ കാലത്തേക്ക് നീണ്ടുനില്‍ക്കുന്ന സുഖം കുറയ്ക്കുകയും ചെയ്യും. ഇക്കാര്യം മനസിലാക്കുന്നത് മധുരപലഹാരത്തെക്കുറിച്ച് കൂടുതല്‍ ബോധപൂര്‍വമായ തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങളെ സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ

രക്തത്തില്‍ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ ഉണ്ടാകുന്നത് പഞ്ചസാരയോടുള്ള ആസക്തിക്ക് കാരണമാകും. ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതലുള്ളതും പ്രോട്ടീനുകളും നാരുകളും ആരോഗ്യകരമായ കൊഴുപ്പും കുറവുള്ളതുമായ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ ഉയരാനും ഉയര്‍ന്ന അളവ് പെട്ടെന്നുതന്നെ കുറയാനും കാരണമാകും. ഈ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും മധുരപലഹാരങ്ങള്‍ പോലെ പെട്ടെന്നുളള ഊര്‍ജ്ജ സ്രോതസ്സുകളോടുളള ആസക്തിക്ക് കാരണമാകുന്നു. പ്രോട്ടീന്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന സമീകൃതാഹാരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും അത്താഴത്തിന് ശേഷം മധുരപലഹാരങ്ങളോട് തോന്നുന്ന ആസക്തിയുടെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു.

വ്യത്യസ്തമായ രുചികള്‍ക്കായുളള അന്വേഷണം

ഒരു പ്രത്യേക രുചിയിലുള്ള ഭക്ഷണം ധാരാളം കഴിച്ചുകഴിഞ്ഞാല്‍ ശരീരം സ്വാഭാവികമായും വ്യത്യസ്തമായ ഒരു രുചി തേടുന്നു. അതുകൊണ്ടാണ് പൂര്‍ണ്ണമായി ഭക്ഷണം കഴിച്ചതിനുശേഷവും മധുരപലഹാരങ്ങള്‍ കഴിക്കാന്‍ തോന്നുന്നത്. മധുരം, പുളി, കയ്പ്പ്, ഉപ്പ്, ചവര്‍പ്പ് എന്നിവയുള്‍പ്പെടെ നിരവധി രുചികള്‍ പ്രധാന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രുചി മുകുളങ്ങളെ തൃപ്തിപ്പെടുത്താനും കഴിക്കുന്ന മധുരപലഹാരത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.

രാത്രിയില്‍ മധുരത്തോടുള്ള ആസക്തി കൂടുന്നത്

രാത്രിയിലാണ് പ്രധാനമായും മധുരത്തിനോടുളള ആസക്തി വര്‍ധിക്കുന്നത്. NIH-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം സൂചിപ്പിക്കുന്നത് ശരീരത്തിന്റെ ആന്തരിക ഘടികാരം വൈകുന്നേരങ്ങളില്‍ മധുരം, അന്നജം, ഉപ്പിട്ട ഭക്ഷണങ്ങള്‍ എന്നിവയോടുള്ള വിശപ്പും ആസക്തിയും വര്‍ദ്ധിപ്പിക്കുന്നു എന്നാണ്. വൈകുന്നേരത്തോടെ അത് ഉച്ചസ്ഥായിയിലെത്തുകയും ചെയ്യുന്നു. ഉച്ചഭക്ഷണത്തിലോ അത്താഴത്തിലോ ഭക്ഷണത്തോടുള്ള ആസക്തി ശക്തമാണെങ്കിലും, മധുരപലഹാരങ്ങളോടും ലഘുഭക്ഷണങ്ങളോടുമുള്ള ആസക്തി പലപ്പോഴും വൈകിയാണ് വര്‍ദ്ധിക്കുന്നത്. ഈ രീതി തിരിച്ചറിയുന്നത് ആരോഗ്യകരമായ വൈകുന്നേര ലഘുഭക്ഷണങ്ങള്‍ ആസൂത്രണം ചെയ്യാനും രാത്രിയിലെ ആസക്തികളുടെ മേല്‍ മികച്ച നിയന്ത്രണം നിലനിര്‍ത്താനും നിങ്ങളെ സഹായിക്കും.

മധുരത്തോടുള്ള ആസക്തി എങ്ങനെ നിയന്ത്രിക്കാം

ലളിതമായ തന്ത്രങ്ങള്‍ പ്രയോഗിച്ചാല്‍ മധുരപലഹാരങ്ങള്‍ അമിതമായി കഴിക്കാതെ ആസ്വദിക്കാന്‍ കഴിയും. ഒരു കഷണം പഴം സ്വാഭാവികമായും നല്ലൊരു ഓപ്ഷനാണ്. ഇത് നാരുകളും പോഷകങ്ങളും നല്‍കുന്നു. ചോക്ലേറ്റ് അല്ലെങ്കില്‍ ചായ, ബെറികള്‍ അല്ലെങ്കില്‍ വീട്ടില്‍ തയ്യാറാക്കുന്ന തൈര് എന്നിവയാണ് മറ്റ് ആശയങ്ങള്‍. പഞ്ചസാരയും കലോറിയും നിയന്ത്രണത്തിലാക്കിക്കൊണ്ട് ഈ ബദലുകള്‍ നിങ്ങളുടെ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തും.

Content Highlights :Why do you feel like eating sweets after dinner?

To advertise here,contact us