വണ്ണം കുറയാന്‍ പുഴുങ്ങിയ മുട്ട ഡയറ്റ്, രണ്ടാഴ്ച കഴിച്ചാല്‍ ഫലം ഉറപ്പ്; പക്ഷെ..

ഒരു ദിവസത്തില്‍ എത്ര മുട്ട കഴിക്കുന്നതാണ് സുരക്ഷിതം, ഒരാഴ്ചയില്‍ എത്ര മുട്ട കഴിക്കണം? ദീര്‍ഘകാലം മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമോ?

പുഴുങ്ങിയ മുട്ട ഡയറ്റിലൂടെ രണ്ടാഴ്ച കൊണ്ട് ഭാരം കുറഞ്ഞവരുടെ റീല്‍സ് കണ്ട് ഇതുപോലെ ചെയ്താലോ,പക്ഷെ ശരിയാകുമോ? എന്ന് ആലോചിക്കാത്തവരുണ്ടോ? കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍കൊണ്ടാണ് മുട്ട ഡയറ്റില്‍ അത്യന്താപേക്ഷിതമാണെന്ന് പലരും തിരിച്ചറിയുന്നതും വേഗത്തില്‍ റിസള്‍ട്ട് കിട്ടാനായി മുട്ട കഴിച്ചുതുടങ്ങുന്നതും. ഒരു ദിവസത്തില്‍ എത്ര മുട്ട കഴിക്കുന്നതാണ് സുരക്ഷിതം, ഒരാഴ്ചയില്‍ എത്ര മുട്ട കഴിക്കണം? ദീര്‍ഘകാലം മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമോ? നോക്കാം

ആദ്യം തന്നെ എന്താണ് പുഴുങ്ങിയ മുട്ട ഡയറ്റ് എന്ന് പരിശോധിക്കാം

പ്രഭാത ഭക്ഷണത്തില്‍ 2-3 പുഴുങ്ങിയ മുട്ട ഉള്‍പ്പെടുത്തണം, ഒപ്പം കാര്‍ബോഹൈഡ്രേറ്റുകള്‍ കുറവായ പച്ചക്കറികളോ, ഫലങ്ങളോ കഴിക്കാം. ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്കായി മുട്ട ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അല്ലെങ്കില്‍ പ്രൊട്ടീന്‍ സമ്പുഷ്ടമായ ചിക്കന്‍, മത്സ്യം എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണം തയ്യാറാക്കാം. ധാന്യം, സ്റ്റാര്‍ച്ചി കാര്‍ബ്‌സ്, കാലറി അമിതമായ സ്‌നാക്കുകള്‍ എന്നിവ ഒഴിവാക്കണം. രണ്ടാഴ്ച ഈ ഡയറ്റ് ഫോളോ ചെയ്യാം. വളരെ വേഗം ഫലം ലഭിക്കും. ബോയ്ല്‍ഡ് എഗ് ഡയറ്റ് എന്നതിലൂടെ പ്രൊട്ടീന്‍ ധാരാളമടങ്ങിയ, എന്നാല്‍ കാര്‍ബ്‌സ് നല്ലപോലെ കുറഞ്ഞ ഭക്ഷണശീലത്തിലേക്ക് മാറുക എന്നുള്ളതാണ്.

ആര്‍ക്കൊക്കെ ഗുണം ചെയ്യും

ഏതൊരു ഡയറ്റും സോഷ്യല്‍ മീഡിയയില്‍ കണ്ട പാടെ അനുകരിക്കാന്‍ നിക്കരുത്. ഓരോ വ്യക്തിയുടെയും ശരീരവും ആരോഗ്യാവസ്ഥകളും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഒരു ന്യൂട്രീഷ്യന്റെ സഹായത്തോടെ മാത്രം ഡയറ്റ് ക്രമീകരിക്കുന്നതാണ് ഉത്തമം. ഇനി ബോയ്ല്‍ഡ് എഗ്ഗ് ഡയറ്റിലേക്ക് വരാം. വളരെ വേഗത്തില്‍ റിസള്‍ട്ട് തരുന്ന ഒന്നാണെങ്കിലും ഇത് എല്ലാവര്‍ക്കും അനുയോജ്യമായ ഒന്നല്ല. പ്രത്യേകിച്ച് ദീര്‍ഘകാലത്തേക്ക്..ഇത്തരത്തിലുള്ള ഡയറ്റുകള്‍ ചെറിയൊരു കാലത്തേക്ക് ഗുണം ചെയ്യുമെങ്കിലും ദീര്‍ഘകാലത്തേക്ക് പിന്തുടര്‍ന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് അത് നയിക്കും. പ്രത്യേകിച്ച് ശാരീരിക ബുദ്ധിമുട്ടുകള്‍ ഒന്നുമില്ലാത്തവര്‍ക്കും മരുന്നെടുക്കാത്തവര്‍ക്കും ഈ ഡയറ്റ് പിന്തുടരുന്നതില്‍ തെറ്റില്ല.

ആരൊക്കെ ഒഴിവാക്കണം

ഗര്‍ഭിണികള്‍, കുഞ്ഞിന് പാല്‍കൊടുക്കുന്ന അമ്മമാര്‍ഹൃദയം,വൃക്ക,കരള്‍ എന്നിവയുമായി ബന്ധപ്പെട്ട അസുഖങ്ങളുള്ളവര്‍.കൗമാരക്കാര്‍, പോഷകക്കുറവ് ഉള്ളവര്‍.ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഭാരം ക്രമീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍

എത്ര മുട്ട വരെ കഴിക്കാം

പോഷകസമ്പുഷ്ടമാണ് മുട്ടയെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ അമിതമായി മുട്ട കഴിച്ചാല്‍ അധികമായാല്‍ അമൃതും വിഷം എന്ന അവസ്ഥയിലെത്തും. 2023ല്‍ ന്യൂട്രിയന്റ്‌സില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനപ്രകാരം ദിവസം ഒരു മുട്ട കഴിക്കുന്നതാണ് നല്ലത്.ഈ ക്രമത്തില്‍ ആഴ്ചയില്‍ ഏഴുമുട്ട വരെയാകാം.

ബോയ്ല്‍ഡ് എഗ്ഗ് ഡയറ്റിന്റെ പ്രശ്‌നങ്ങള്‍

എല്ലാ ഡയറ്റിലുമെന്നതുപോലെ ഈ ഡയറ്റിനും പാര്‍ശ്വഫലങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്.

പോഷകക്കുറവ് - ഫൈബര്‍ വളരെ കുറവായിരിക്കും, മൈക്രോന്യൂട്രിയന്റ്‌സ് ആവശ്യത്തിന് ലഭിച്ചെന്ന് വരില്ല.

കൊളസ്‌ട്രോള്‍ ആശങ്ക - ദിവസം ഒരു മുട്ട വലിയ പ്രശ്‌നം ഉണ്ടാക്കില്ലെങ്കിലും എണ്ണം കൂടിക്കഴിഞ്ഞാല്‍ അത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യില്ല. ടൈപ്പ് ടു പ്രമേഹമുള്ളവരില്‍ അത് കാര്‍ഡിയോവസ്‌കുലാര്‍ റിസ്‌കുകള്‍ക്ക് കാരണമാകും.

സ്ഥിരതയില്ലായ്മ - ഈ ഡയറ്റുപ്രകാരം കഴിച്ചുകുറച്ച ഭാരം, ഡയറ്റ് അവസാനിപ്പിക്കുന്നതോടെ വീണ്ടും വന്നേക്കാം.പോഷകക്കുറവിനും കാരണമാകാം. ഈ ഡയറ്റ് പിന്തുടരാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം ഡയറ്റീഷ്യനെ കാണുക. സമീകൃതാഹാരത്തിനൊപ്പം മുട്ട കൂടി കഴിക്കുക.

Content Highlights: Boiled egg diet and health issues

To advertise here,contact us