വിമാനയാത്രയില്‍ വിന്‍ഡോ സീറ്റ് വേണമെന്ന് നിര്‍ബന്ധം പിടിക്കാറുണ്ടോ? എന്നാല്‍ ഇത് അറിഞ്ഞിരിക്കണം

പൈലറ്റിനും വിമാന ജീവനക്കാര്‍ക്കും സ്കിന്‍ കാന്‍സര്‍ സാധ്യത കൂടുതലോ..കാരണമെന്ത്

ബസിലോ, ട്രെയിനിലോ വിമാനത്തിലോ ആവട്ടെ വിന്‍ഡോ സീറ്റ് ഒരു വികാരമാണ്. പച്ചപ്പും ഹരിതാഭയും ആസ്വദിച്ച്, ഇനിയിപ്പോള്‍ വിമാനത്തിലാണെങ്കില്‍ മേഘക്കൂട്ടങ്ങളെ കണ്‍നിറയെ കണ്ടുള്ള മനോഹരമായ യാത്ര..വിന്‍ഡോ സീറ്റ് നിങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ മനോഹരമായ ഈ കാഴ്ചകള്‍ മാത്രമാണോ ഉള്ളത്. അല്ല, എന്തോ ഒരു സ്വകാര്യത കൂടി ആ സീറ്റിലിരിക്കുമ്പോള്‍ അനുഭവപ്പെടാറില്ലേ.. വിന്‍ഡോയ്ക്ക് സൈഡിലുള്ള ചെറിയ വാളില്‍ തലചായ്ച്ച് നിങ്ങള്‍ക്ക് കിടക്കാം. ഹെഡ്‌ഫോണില്‍ പാട്ടൊക്കെ ആസ്വദിച്ച് ഓര്‍മകളിലേക്കും സ്വപ്‌നങ്ങളിലേക്കും ആലോചനകളിലേക്കും സ്വയം തള്ളിയിട്ട് തനിച്ചൊരു ലോകം സൃഷ്ടിക്കാം.

കാല്പനികതയുടെ ലോകത്ത് നിന്ന് യാഥാര്‍ഥ്യത്തിലേക്ക് വന്നാല്‍ വിമാനത്തിലെ വിന്‍ഡോ സീറ്റിലുള്ള ഈ യാത്ര അത്ര സേഫല്ലെന്നാണ് ടിക് ടോക്കില്‍ താരമായ ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡ് പറയുന്നത്. 20 മിനിറ്റ് വെയിലത്ത് കിടന്നാലുണ്ടാകുന്ന അള്‍ട്രാവയലറ്റ് റേഡിയേഷനാണ് 60 മിനിറ്റ് വിന്‍ഡോ സീറ്റ് ഫ്‌ളൈറ്റ് യാത്രയില്‍ കിട്ടുന്നതെന്ന് ഇവര്‍ പറയുന്നു. തന്നെയുമല്ല ഫ്‌ളൈറ്റ് അറ്റന്‍ഡിനും പൈലറ്റിനും സ്‌കിന്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നും ഇവര്‍ വീഡിയോയില്‍ പറയുന്നു.

ഫ്‌ളൈറ്റ് അറ്റന്‍ഡ് പറഞ്ഞത് സത്യമോ?

ഫ്‌ളൈറ്റ് യാത്രയില്‍ യുവി എക്‌സ്‌പോഷര്‍ ഉണ്ടാകുമെന്ന ടിക് ടോക് വീഡിയോയില്‍ സത്യമില്ലാതില്ലെന്ന് തന്നെയാണ് ചര്‍മരോഗ വിദഗ്ധരും അവകാശപ്പെടുന്നത്. ആള്‍ട്ടിറ്റിയൂഡിന് അനുസരിച്ച് യുവി റേഡിയേഷന്‍ കൂടും എന്നുള്ളത് സത്യം തന്നെയാണ്. എന്നാല്‍ ഏത് തരം യുവിയാണ് ശരീരത്തില്‍ പതിക്കുന്നത് എന്നത് അടിസ്ഥാനപ്പെടുത്തി മാത്രമേ പ്രശ്‌ന സാധ്യത വിലയിരുത്താനാകൂ എന്ന് വിദഗ്ധര്‍ പറയുന്നു. ചര്‍മത്തിലേക്ക് ആഴ്ന്നിറങ്ങി, ചര്‍മം പ്രായമാകുന്നതിന് കാരണമാകുന്ന പിഗ്മെന്റേഷന് കാരണമാകുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് വിമാനത്തിന്റെ വിന്‍ഡോയിലൂടെ കടന്നുപോകാനായി സാധിക്കും. സൂര്യാഘാതത്തിന് വഴിവെക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളെ ഫില്‍റ്റര്‍ ചെയ്യാനുള്ള കഴിവ് വിമാനത്തിലെ വിന്‍ഡോകള്‍ക്കുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

വിന്‍ഡോ സീറ്റ് അപകടമോ?

പല പഠനത്തിലും പൈലറ്റിനും അടിക്കടി വിമാന യാത്ര വേണ്ടി വരുന്നവര്‍ക്കും മെലനോമ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ശരീരത്തിന്റെയും മുഖത്തിന്റെയും ഇടതുവശത്ത്..2018ല്‍ മാഞ്ചസ്റ്റര്‍ സര്‍വകലാശാല ഈ പ്രത്യേക വിഷയത്തില്‍ പഠനം നടത്തിയിരുന്നു. പൈലറ്റുമാരും എയര്‍ഹോസ്റ്റസുമാരും അള്‍ട്രാ വയലറ്റ് രശ്മികള്‍ക്ക് എക്‌സ്‌പോസ് ആകുന്നത് ശരിയാണെന്നും ഇവര്‍ക്ക് കോസ്മിക് റേഡിയേഷനുള്ള സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നുണ്ട്. ഇത് മെലനോമ, മറ്റ് ചര്‍മരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുമെന്നും ഈ പഠനത്തില്‍ പറയുന്നു.

ചര്‍മ പ്രശ്‌നങ്ങളെ എങ്ങനെ പരിഹരിക്കാനാവും

സണ്‍സ്‌ക്രീന്‍ തന്നെയാണ് ഏറ്റവും ഫലപ്രദമായ പോംവഴി.

ഇടയ്ക്കിടെ ഇത് മുഖത്ത് പുരട്ടണം

ടിന്റഡ് ആയിട്ടുള്ള ഒരു എസ്പിഎഫ് പുരട്ടുന്നതായിരിക്കും നല്ലതെന്നും പറയുന്നുണ്ട്. വെളിച്ചത്തില്‍ നിന്ന് കൂടുതല്‍ സംരക്ഷണം അയേണ്‍ ഓക്‌സിഡൈസ് നല്‍കുന്നു.

അതുപോലെ വിന്‍ഡോ അടച്ചിടാന്‍ സാധിക്കുമ്പോള്‍ അടച്ചിടുന്നതായിരിക്കും നന്നായിരിക്കുക.

Content Highlights: The Hidden Danger of Window Seats on Planes: A Flight Attendant's Warning

To advertise here,contact us