ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദം ഒരു നിശബ്ദത കൊലയാളിയാണ്. ഒരു തരത്തിലുള്ള ലക്ഷണങ്ങളുമില്ലാതെ പതിയെ പതിയെ അത് ഹൃദയത്തെയും തലച്ചോറിനെയും വൃക്കകളെയും ബാധിക്കും. ഹൈ ബിപി എന്ന അവസ്ഥ ഏറ്റവും അപകടകാരിയാകുന്നത്, ഈ രോഗാവസ്ഥ ഉള്ളവർ പെട്ടെന്ന് അനാരോഗ്യമൊന്നും ശ്രദ്ധയിൽപ്പെടില്ല എന്നത് തന്നെയാണ്. ഒരു സ്ട്രോക്ക്, ഹൃദയാഘാതം, റീനൽ ഫെയിലിയർ എന്നീ അവസ്ഥയിലേക്ക് എത്തുമ്പോഴാകും പലപ്പോഴും ബിപി ഇത്രയും ഉയർന്ന അവസ്ഥയിലായിരുന്നോ എന്ന് മനസിലാവുക. പനി, ചുമ, പ്രമേഹം എന്നിവയ്ക്കുണ്ടാകുന്ന പോലുള്ള ലക്ഷണങ്ങളൊന്നും ഉയർന്ന ബിപി ഉള്ളവർക്ക് ഉണ്ടാകില്ല.
ഹൈപ്പർ ടെൻഷൻ നിശബ്ദകൊലയാളിയായത് കൊണ്ട് തന്നെ ഇതുമൂലം ബുദ്ധിമുട്ടുന്നവർ സാധാരണ ജീവിതം തന്നെയാണ് നയിക്കുന്നത്. വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്ന ദിവസമാകും ഇതിനെ കുറിച്ച് അറിയാൻ കഴിയുക. ഇത് ശ്രദ്ധിക്കാതെ പോകുന്നതിന് പ്രധാന കാരണവും ശ്രദ്ധിക്കാൻ തക്കവണ്ണമുള്ള ലക്ഷണങ്ങളൊന്നും ഇല്ലാത്തത് തന്നെയാണ്. ഇന്ത്യക്കാരുടെ കാര്യമെടുത്താൽ ഭൂരിപക്ഷം പേരും സ്ഥിരമായി രക്തസമ്മർദം പരിശോധിക്കുന്നവരായിരിക്കില്ല. ഏറ്റവും എളുപ്പവും വലിയ ചെലവുമില്ലാത്ത കാര്യമാണ്. ഒപ്പം പെട്ടെന്ന് തന്നെ ഇത് പരിശോധിക്കാനും സാധിക്കും, എന്നിട്ട് പോലും പലരും രക്തസമ്മർദം പരിശോധിക്കാൻ മെനക്കെടാത്തത് വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്.
അമിതമായി ഉപ്പ് കഴിക്കുക, എണ്ണയുള്ള ഭക്ഷണം കഴിക്കുക, പ്രൊസസ്ഡ് ഭക്ഷണം ക്രമാതീതമായി കഴിക്കുക, സ്ട്രസ്, അമിതവണ്ണം, ഉദാസീനമായ ജീവിതം, ഉറക്കമില്ലായ്മ, പുകവലി - മദ്യപാനം പോലുള്ള മോശം ശീലങ്ങൾ എന്നിവയെല്ലാം അമിത രക്തസമ്മർദത്തിന് കാരണമാകും. പക്ഷേ ശരീരത്തിന് വലിയ ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെടാത്ത സാഹചര്യത്തിൽ ആദ്യം തന്നെ ഈ ശീലങ്ങൾ ഉപേക്ഷിച്ച് എല്ലാം ശരിയായ രീതിയിലാക്കാൻ വൈകി പോകും.
രക്തസമ്മർദം ഒരുപാട് കാലം കൂടിയ നിലയിലാണെങ്കിൽ അതും അനിയന്ത്രിതമായ രീതിയിലാണെങ്കിൽ അവയവങ്ങളും രക്തകുഴലുകളും നശിക്കും. ഹൃദയസംബന്ധമായ അസുഖങ്ങൾ, ഹൃദയാഘാതം, വൃക്കകളുടെ പ്രശ്നങ്ങൾ, കാഴ്ച നഷ്ടമാകുക എന്നിങ്ങനെ ഗുരുതരമായ പ്രത്യാഘാതമാണ് ഇതിലൂടെ ഉണ്ടാവുക. ഇതിനാൽ ഇത്തരം കേസുകളിൽ വേഗം തന്നെ ഈ അവസ്ഥ കണ്ടെത്തുക എന്നത് വളരെ അത്യാവശ്യമാണ്.
മുപ്പത് വയസിന് മുകളിലുള്ളവർ സ്ഥിരമായി രക്തസമ്മർദം പരിശോധിക്കുക. അങ്ങനെയായാൽ രക്തസമ്മർദം ഇല്ലാതാക്കാനും നിയന്ത്രിക്കാനും സാധിക്കും. ഓരോ ആറുമാസം കൂടുമ്പോഴാണ് പരിശോധിക്കേണ്ടത്. വീട്ടിൽ പോലും ഇത് പരിശോധിക്കാൻ കഴിയുമെന്ന കാര്യം മറന്നുപോകരുത്.
ഭക്ഷണക്രമത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക, എന്നും വ്യായാമം ചെയ്യുക, നന്നായി ഉറങ്ങുക, പുകവലിയും മദ്യപാനവുമൊക്കെ ഉപേക്ഷിക്കുക എന്നതാണ് രക്തസമ്മർദം കൂടുന്നതിൽ നിന്നും പ്രതിരോധിക്കാനുള്ള മാർഗങ്ങൾ.
Content Highlights: why high blood pressure is a silent killer?