മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിക്ക് പന്നിയുടെ ശ്വാസകോശം; അവയവമാറ്റ ശസ്ത്രക്രിയയിലെ ആദ്യ സംഭവം

ചരിത്രത്തില്‍ ആദ്യമായി മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളില്‍ പന്നിയുടെ ശ്വാസകോശം മാറ്റിവച്ചു

വൈദ്യശാസ്ത്ര രംഗത്തെ പല നേട്ടങ്ങളും ഓരോ നാഴികക്കല്ലുകളാണ്. മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്ക് കണ്ണ് മുതല്‍ ഹൃദയം വരെ വിജയകരമായി മാറ്റിവച്ച പല ശസ്ത്രക്രിയകളെക്കുറിച്ചും ആളുകള്‍ക്ക് അറിവുള്ളതാണ്. എന്നാലിതാ വൈദ്യശാസ്ത്ര രംഗത്ത് അത്തരത്തിലൊരു അത്ഭുതം കൂടി സംഭവിച്ചിരിക്കുകയാണ്. മസ്തിഷ്‌ക മരണം സംഭവിച്ച പുരുഷസ്വീകര്‍ത്താവിന് ലോകത്തില്‍ ആദ്യമായി ഒരു പന്നിയുടെ ശ്വാസകോശം വിജയകരമായി മാറ്റിവച്ചിരിക്കുകയാണ്.

പന്നിയുടെ ഹൃദയമോ വൃക്കകളോ ഉപയോഗിച്ചുള്ള മുന്‍ പരീക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ ശ്വാസകോശ മാറ്റിവയ്ക്കല്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ മേഖലയിലേക്കുള്ള ചുവടുവയ്പ്പാണ്. ചൈനയിലെ ഗ്വാങ്‌ഷോ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍മാരാണ് 2024 മെയ് മാസത്തില്‍ ആദ്യമായി ഒരു പന്നിയുടെ ശ്വാസകോശം മനുഷ്യനിലേക്ക് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തിയത്. തലച്ചോറിലെ രക്തസ്രാവം മൂലം മസ്തിഷ്‌ക മരണം സംഭവിച്ച 39 വയസുകാരനായിരുന്നു സ്വീകര്‍ത്താവ്. ഒരു പന്നിയുടെ ഇടതു ശ്വാസകോശമാണ് ശസ്ത്രക്രിയയിലൂടെ മനുഷ്യനിലേക്ക് മാറ്റിവച്ചത്. ഈ ശ്വാസകോശം ഒന്‍പത് ദിവസം, 216 മണിക്കൂര്‍ അണുബാധയില്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്തു.

ജീവജാലങ്ങള്‍ക്കിടയില്‍ അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന രീതിയായ സെനോട്രാന്‍സ്പ്ലാന്റേഷനില്‍ ഒരു പ്രധാന വഴിത്തിരിവാണ് ഈ പ്രക്രിയ. വായൂ, രോഗകാരികള്‍, മാലിന്യങ്ങള്‍ എന്നിവയുമായി നിരന്തം സമ്പര്‍ക്കംപുലര്‍ത്തുന്നതും അവയുടെ സങ്കീര്‍ണ്ണമായ രോഗ പ്രതിരോധ പ്രതിരോധം കൊണ്ട് മാറ്റിവയ്ക്കലിന് ഏറ്റവും വെല്ലുവിളി നിറഞ്ഞ അവയവങ്ങളില്‍ ഒന്നാണ് ശ്വാസകോശം.അതുകൊണ്ടുതന്നെ ഈ പുതിയ പരീക്ഷണം ശ്രദ്ധേയമായ പുരോഗതിയാണ് സൂചിപ്പിക്കുന്നത്.

ശ്വാസകോശം മാറ്റി വച്ചതിന് ശേഷം ഉടനടി പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും 24 മണിക്കൂറിനുളളില്‍ ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടല്‍ (എഡിമ) കാണിക്കാന്‍ തുടങ്ങി. അടുത്ത കുറച്ച് ദിവസങ്ങളിലായി ആന്റിബോഡി റിജക്ഷന്റെ ലക്ഷണങ്ങള്‍ ഉയര്‍ന്നുവന്നു. പലതരം മരുന്നുകള്‍ ഉപയോഗിച്ച് ഡോക്ടര്‍മാര്‍ രോഗപ്രതിരോധ സംവിധാനം കൈകാര്യം ചെയ്തുവെങ്കിലും ഒന്‍പതാം ദിവസമായപ്പോള്‍ ശ്വാസകോശ മാറ്റിവയ്ക്കല്‍ പരാജയപ്പെടുകയായിരുന്നു.

എന്നാല്‍ വിദഗ്ധരുടെ അഭിപ്രായത്തില്‍ ഇതൊരു നാഴികക്കല്ലാണ്. അതിനാല്‍ ലോകമെമ്പാടുമുള്ള മെഡിക്കല്‍ വിദഗ്ധര്‍ ഈ കണ്ടുപിടുത്തത്തിന് വളരെയധികം പ്രതീക്ഷനല്‍കുന്നുണ്ട്. മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷമുളള പരിക്കുകള്‍ കുറയ്ക്കുന്നതിന് അവയവ സംരക്ഷണവും മാറ്റിവയ്ക്കല്‍ സാങ്കേതിക വിദ്യകളും മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.

Content Highlights :Pig lungs transplanted into brain-dead man for the first time in history

To advertise here,contact us