രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന് പല മാര്ഗങ്ങളും ആളുകള് പരീക്ഷിക്കാറുണ്ട്. എന്നാലിതാ ഒരു ഗ്ലാസ് വെള്ളം കൊണ്ട് ദാഹം ശമിപ്പിക്കാന് മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സാധിക്കുമെന്ന് പഠനം. ഹാര്വാര്ഡ് ഹെല്ത്തും എന്ഐഎച്ചും നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കാര്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. വെള്ളം മരുന്നിനോ ചികിത്സയ്ക്കോ പകരമാകില്ലെങ്കിലും ഗ്ലൂക്കോസിനെ ഫലപ്രദമായി നിയന്ത്രിക്കാനുളള ശരീരത്തിന്റെ സ്വാഭാവിക കഴിവിനെ സഹായിക്കാന് ഈ ലളിതമായ മാര്ഗത്തിന് കഴിയും.
ഭക്ഷണത്തിന് മുന്പ് വെള്ളം കുടിക്കുന്ന രീതി എങ്ങനെ
ഈ മാര്ഗം പരീക്ഷിക്കുന്നതിന് സമയം പ്രധാനമാണ്. ഭക്ഷണം കഴിക്കുന്നതിന് 20 മുതല് 30 മിനിറ്റ് മുന്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് ഏറ്റവും ഫലപ്രദം. ഒറ്റയടിക്ക് വലിയ അളവില് ഭക്ഷണം കഴിക്കുന്നതിന് പകരം ഒരു ദിവസം മുഴുവനായി ജലാംശം നിലനിര്ത്തുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ഒന്നും ചേര്ക്കാത്ത സാധാരണ വെള്ളം ആണ് കുടിക്കാന് ഏറ്റവും അനുയോജ്യം. ഫ്ളേവറുകള് അടങ്ങിയ സോഡകള്, ജ്യൂസുകള്, മധുരമുള്ള പാനിയങ്ങള് ഇവയൊന്നും കുടിക്കാതിരിക്കാന് ശ്രദ്ധിക്കുക. കാരണം ഇത്തരം പാനിയങ്ങള് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിര്ത്തുന്നതിന് പകരം വര്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുപോലെ ഒരേ സമയം ഒരുപാട് വെള്ളം കുടിക്കുന്നത് ഗുണത്തിന് പകരം നിങ്ങളെ വീര്പ്പുമുട്ടിക്കാനിടയാക്കും. ഭക്ഷണത്തിന് മുന്പ് വെള്ളം കുടിക്കുന്നത് ഒരു ചെറിയ കാര്യമായി തോന്നുമെങ്കിലും ദീര്ഘകാല ആരോഗ്യത്തിനെ സഹായിക്കുന്ന ദൈനംദിന ശീലങ്ങളിലൊന്നാണ് ഈ വെള്ളംകുടി.
വെള്ളംകുടിയും പ്രമേഹവും
ടൈപ്പ് 2 പ്രമേഹം, പ്രീ ഡയബറ്റിസ് അല്ലെങ്കില് ഇന്സുലിന് പ്രതിരോധം എന്നിവയുള്ള വ്യക്തികള്ക്ക് ഈ ലളിതമായ പരിശീലനം വളരെ സഹായകമാണ്. ഭക്ഷണത്തിന്ശേഷം ശരീരത്തില് പഞ്ചസാരയുടെ വര്ധനവ് നേരിടുന്നവര് ഭക്ഷണത്തിന് മുന്പ് വെള്ളം കുടിക്കുന്നത് അധിക ഗ്ലൂക്കോസ് നീക്കം ചെയ്യുന്ന സ്വാഭാവിക പ്രക്രിയയെ സഹായിക്കുകയും അതുവഴി ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതല് സ്ഥിരത കൈവരിക്കുകയും ചെയ്യുമെന്ന് NIH നടത്തിയ പഠനങ്ങള് കാണിക്കുന്നു.
ഭക്ഷണത്തിന് മുന്പ് വെള്ളം കുടിക്കുന്നത് ദഹനത്തെ തടസപ്പെടുത്തുമോ?
ഭക്ഷണത്തിന് മുമ്പോ ഭക്ഷണത്തിനിടയിലോ വെള്ളം കുടിക്കുന്നത് ആമാശയത്തിലെ ആസിഡിനെ നേര്പ്പിക്കുകയും ദഹനം മന്ദഗതിയില് ആക്കുകയും ചെയ്യുമെന്ന് പൊതുവായി ഒരു വിശ്വാസം ഉണ്ട്. എന്നാല് പഠനം സൂചിപ്പിക്കുന്നത് വെളളം ശരീരത്തിലെ ഭക്ഷണത്തെ വിഘടിപ്പിക്കാനും ദഹനനാളത്തിലൂടെ എളുപ്പത്തില് കടന്നുപോകാനും സഹായിക്കുന്നുവെന്നാണ്.
എന്നാല് ആസിഡ് റിഫ്ളക്ട് അല്ലെങ്കില് ഗ്യാസ്ട്രോപാരെസിസ് പോലെയുള്ള അവസ്ഥകളുള്ള വ്യക്തികള്ക്ക് ഭക്ഷണസമയത്ത് അമിത വെള്ളം കുടിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതായി തോന്നിയേക്കാം. അതുപോലെ വൃക്ക അല്ലെങ്കില് ഹൃദയ സംബന്ധമായ പ്രശ്നങ്ങള് ഉള്ളവര് വെള്ളത്തിന്റെ ഉപയോഗം വര്ധിപ്പിക്കുന്നതിന് മുന്പ് ഡോക്ടര്മാരുമായി ആലോചിക്കേണ്ടതുണ്ട്.
(ഈ ലേഖനം വിവരങ്ങള് നല്കുന്നതിന് വേണ്ടിയുളളതാണ്. ആരോഗ്യ സംബന്ധമായ സംശങ്ങള്ക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)
Content Highlights :Drinking water before meals can lower blood sugar levels, study finds